ദല്‍ഹിക്ക് തകര്‍പ്പന്‍ വിജയം; ലഖ്‌ലൗ വീണു, പക്ഷെ പണി കിട്ടിയത് ബെംഗളൂരിന്
Sports News
ദല്‍ഹിക്ക് തകര്‍പ്പന്‍ വിജയം; ലഖ്‌ലൗ വീണു, പക്ഷെ പണി കിട്ടിയത് ബെംഗളൂരിന്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th April 2024, 8:19 am

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ദല്‍ഹി കാപിറ്റല്‍സിന് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരെ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.

എകാന സ്‌പോര്‍ട്‌സിറ്റിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ.എല്‍.എസ്.ജി ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ 7 നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി ദല്‍ഹി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

ദല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ജാക്ക് ഫ്രാസറണ്. 35 പന്തില്‍ നിന്ന് 5 സിക്‌സറും രണ്ട് ഫോറും അടക്കം 55 റണ്‍സ് നേടിയാണ് താരം സീസണിലെ ആദ്യ ഫിഫ്റ്റി നേടിയത്. ക്യാപ്റ്റന്‍ റിഷബ് പന്ത് 24 പന്തില്‍ നിന്ന് രണ്ട് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 41 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 170 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. ഓപ്പണര്‍ പൃഥ്വി ഷാ 22 പന്തില്‍ നിന്ന് 6 ഫോര്‍ ഉള്‍പ്പെടെ 32 റണ്‍സ് നേടിയിരുന്നു.

അവസാന ഘട്ടത്തില്‍ ട്രിസ്റ്റന്‍ സ്റ്റെബ്‌സ് 15 റണ്‍സും ഷായി ഹോപ്പ് 11 റണ്‍സും നേടി ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു.

അതേസമയം ആദ്യം ബാറ്റിങ് ഇറങ്ങിയ എല്‍.എസ്.ജിക്ക് വേണ്ടി ആയുഷ് ബദോണി 35 പന്തില്‍ നിന്ന് 55 റണ്‍സ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ 22 പന്തില്‍ 39 റണ്‍സും അര്‍ഷാദ് ഖാന്‍ 16 പന്തില്‍ 20 റണ്‍സും നേടി പൊരുതി.

ദല്‍ഹി ബൗളിങ് നിരയില്‍ മികച്ച പ്രകടനം നടത്തിയത് കുല്‍ദീപ് യാദവാണ്. നാലു ഓവറില്‍ നിന്ന് 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ ആണ് താരം നേടിയത്. 5 എക്കണോമി യിലാണ് താരം പന്ത് എറിഞ്ഞത്. ഖലീല്‍ അഹമ്മദ് രണ്ടു വിക്കറ്റും ഇഷാന്ത് ശര്‍മ, മുകേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

എല്‍.എസ്.ജിക്ക് വേണ്ടി രവി ബിഷ്‌ണോയ് രണ്ടു വിക്കറ്റുകളും നവീന്‍, യാഷ് താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. വിജയത്തോടെ ദല്‍ഹി നിലവില്‍ ഒമ്പതാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ആറു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും സ്വന്തമാക്കി നാല് പോയിന്റാണ് ഡല്‍ഹിക്ക് ഉള്ളത്.

പട്ടികയില്‍ ഏറ്റവും അവസാനം ആറുകളില്‍ നിന്ന് ഒരു വിജയം മാത്രം സ്വന്തമാക്കി രണ്ടു പോയിന്റ് ഉള്ള ബെംഗളൂരുവാണ്. ഒന്നാം സ്ഥാനത്ത് അഞ്ചു കളിയില്‍ നിന്ന് നാലു വിജയവുമായി 8. സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സും ഉണ്ട്.

Content Highlight: Delhi Capitals Won Against LSG