മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന സവിശേഷതയും ലൂസിഫറിനുണ്ടായിരുന്നു. മോഹന്‍ലാല്‍ നായകനായി 2019ല്‍ പുറത്തിറങ്ങിയ ഈ ചിത്രം നിര്‍മിച്ചത് ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു.
ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ലൂസിഫറിനെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. 2019ല്‍ നമുക്ക് മുമ്പെങ്ങും ചിന്തിക്കാന്‍ പറ്റാത്തവിധം കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ലൂസിഫറെന്നും ഗള്‍ഫ് മാര്‍ക്കറ്റിന്റെ അനന്തമായ സാധ്യതകളെ ആ സിനിമ പരമാവധി ചൂഷണം ചെയ്തിരുന്നുവെന്നുമാണ് നടന്‍ പറയുന്നത്.
മോഹന്‍ലാല്‍ തന്നെ നായകനായ ദൃശ്യം (2015) എന്ന സിനിമ റിലീസായതിന് ശേഷമാണ് ഒരു മലയാളചിത്രത്തിന് ഇത്രയേറെ കളക്ട് ചെയ്യാന്‍ കഴിയുമെന്നൊരു തിരിച്ചറിവ് നമുക്കുണ്ടാകുന്നതെന്നും അടുത്തൊരു വഴിത്തിരിവായിരുന്നു ലൂസിഫറിലൂടെ ലഭിച്ച പ്രീ റിലീസിങ് ബിസിനസെന്നും പൃഥ്വി പറഞ്ഞു.
‘അന്ന് നമുക്ക് മുമ്പെങ്ങും ചിന്തിക്കാന്‍ പറ്റാത്തവിധം കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ലൂസിഫര്‍. അന്ന് മുതല്‍ക്കേ ഗള്‍ഫ് മാര്‍ക്കറ്റിനെ കുറിച്ച് നമുക്ക് അറിവുണ്ടായിരുന്നു. അവിടുത്തെയും അനന്തമായ സാധ്യതകളെ ലൂസിഫര്‍ പരമാവധി ചൂഷണം ചെയ്തിരുന്നു.
യു.എസ്, ഏഷ്യ-പെസഫിക് തുടങ്ങിയ ടെറിട്ടറികളില്‍ മാത്രമല്ല നമുക്ക് തീര്‍ത്തും അപരിചിതമായ ചെക്ക് റിപ്പബ്ലിക്ക്, ഹോളണ്ട് തുടങ്ങിയ സ്ഥലങ്ങളിലും ലൂസിഫര്‍ പ്രദര്‍ശനവിജയം കൊയ്തിരുന്നു. അന്ന് സത്യത്തില്‍ ഒരു ഷോ എന്നുപറഞ്ഞാണ് തുടങ്ങിയത്.
എന്നാല്‍ ആദ്യ ഷോ തന്നെ ഹൗസ്ഫുള്‍ ആയപ്പോള്‍ അവര്‍ വീണ്ടും വീണ്ടും ഷോയുടെ ലൈസന്‍സെടുത്തു. ലൂസിഫര്‍ ഒരു കാല്‍വയ്പ്പ് മാത്രമാണ് നടത്തിയത്. പരമാവധി അതൊക്കെ എക്‌സ്‌പ്ലോര്‍ ചെയ്യാനാണ് മലയാളസിനിമ ശ്രദ്ധിക്കേണ്ടത്, അത് ശ്രദ്ധിക്കുന്നുണ്ട്.
ദൃശ്യം എന്ന സിനിമ റിലീസായതിന് ശേഷമാണ് ഒരു മലയാളചിത്രത്തിന് ഇത്രയേറെ കളക്ട് ചെയ്യാന്‍ കഴിയുമെന്നൊരു തിരിച്ചറിവ് നമുക്കുണ്ടാകുന്നത്. അടുത്തൊരു വഴിത്തിരിവായിരുന്നു ലൂസിഫറിലൂടെ ലഭിച്ച പ്രീ റിലീസിങ് ബിസിനസ്.
അന്ന് അതൊരു പൊട്ടിത്തീരാന്‍ പോകുന്ന കുമിള ആയിരിക്കുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല. പകരം അതിന് വലുപ്പമേറുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ ഒരുപാട് വലിയ കാര്യങ്ങള്‍ നമുക്ക് ഇവിടെ മലയാള സിനിമയില്‍ ചെയ്യാന്‍ കഴിയും. അതൊക്കെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മള്‍ കണ്ടതുമാണ്,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
Content Highlight: Prithviraj Sukumaran Talks About Lucifer And Drishyam Movie