'കത്‌വ കേസില്‍ അഭിഭാഷകര്‍ പണം വാങ്ങിയിട്ടില്ല; മുബീന്‍ ഫാറൂഖിക്ക് കേസ് നടത്തിപ്പുമായി ബന്ധമില്ല'; യൂത്ത് ലീഗിന്റെ വാദങ്ങള്‍ തള്ളി ദീപികാ സിംഗ് രജാവത്ത്
Kerala News
'കത്‌വ കേസില്‍ അഭിഭാഷകര്‍ പണം വാങ്ങിയിട്ടില്ല; മുബീന്‍ ഫാറൂഖിക്ക് കേസ് നടത്തിപ്പുമായി ബന്ധമില്ല'; യൂത്ത് ലീഗിന്റെ വാദങ്ങള്‍ തള്ളി ദീപികാ സിംഗ് രജാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th February 2021, 12:46 pm

കോഴിക്കോട്: കത്‌വ, ഉന്നാവോ കേസുകളില്‍ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ വെളിപ്പെടുത്തലുമായി അഭിഭാഷക ദീപികാ സിംഗ് രജാവത്ത്.

കത്‌വ കേസ് താന്‍ പൂര്‍ണായും പണം വാങ്ങാതെയാണ് നടത്തിയതെന്നും കേരളത്തില്‍ നിന്ന് തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് അവര്‍ പറഞ്ഞത്.

കത്‌വ കേസില്‍ അഭിഭാഷകര്‍ക്ക് 9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മളേനം നടത്തി പറഞ്ഞിരുന്നു. അഭിഭാഷകനായ മുബീന്‍ ഫാറൂഖിക്കാണ് പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലീഗ് പണം നല്‍കിയെന്ന് പറയുന്ന മുബീന്‍ ഫറൂഖിക്ക് കേസ് നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ദീപികാ സിംഗ് രാജവത്ത് കൂട്ടിച്ചേര്‍ത്തു.

വിചാരണ നടത്തിയത് പബ്ലിക്ക് പ്രോസിക്യൂട്ടറാണ്. എല്ലാവര്‍ക്കും അറിയുന്നത് പോലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് പണം നല്‍കേണ്ട ആവശ്യമില്ല. മുബീന്‍ ഫാറൂഖി എന്നയാള്‍ വിചാരണയുടെ ഒരു ഘട്ടത്തിലും പങ്കെടുത്തിട്ടില്ല. പക്ഷെ വിചാരണയില്‍ പങ്കെടുത്തുവെന്നാണ് ഇദ്ദേഹം പറയുന്നത്, അത് തെറ്റാണെന്നുമാണ് ദീപികാ സിംഗ് രജാവത്ത് പറഞ്ഞത്.

ഒരു സ്വകാര്യ അഭിഭാഷകനും വിചാരണ നടപടികളുടെ ഭാഗമായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കത്‌വ കേസ് നടത്തുന്ന അഭിഭാഷകര്‍ക്ക് പണം നല്‍കിയെന്നാണ് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സുബൈര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഫണ്ട് പിരിവില്‍ സംശയം പ്രകടിപ്പിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി ശിഹാബ് തങ്ങളും വാര്‍ത്താ സമ്മേളനത്തിന് എത്തിയിരുന്നു. സംഭവത്തില് അന്വേഷണം നടത്തണമെന്ന മന്ത്രി കെടി ജലീലിന്റെ വാദത്തെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയിലാണ് അഭിഭാഷകയായ ദീപികാ സിംഗ് രജാവത്ത് ഫാറൂഖി കേസിന്റെ ഭാഗമല്ല എന്ന് പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Deepika Singh Rajawat denies the claim by Youth league on Katwa case