സിനിമാപ്രേമികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ചിത്രമാണ് ഉറുമി. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ‘ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന’ എന്ന് തുടങ്ങുന്ന പാട്ട്. മലയാളത്തില്‍ ഈ പാട്ട് പാടിയിരുന്നത് മഞ്ജരിയായിരുന്നു. ഇതിനെ കുറിച്ച് പറയുകയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ പാട്ടില്‍ ഒരു ചാറ്റ് സ്വഭാവം ഉണ്ടാകണം എന്നായിരുന്നു ആദ്യം സന്തോഷ് സാര്‍ എന്നോട് പറഞ്ഞത്. രണ്ടുപേരും പരസ്പരം സംസാരിക്കുന്നത് പോലെയാകണം, വേണമെങ്കില്‍ ഒരു ട്യൂണ്‍ ഇടാമെന്നും പറഞ്ഞു. അതുകൊണ്ട് ആദ്യം ഒരു ട്യൂണ്‍ ഉണ്ടാക്കി. അതിന്റെ ലിറിക്സ് ‘നിനക്കെന്നെ കാണുമ്പോള്‍ കാണുമ്പോള്‍ ഉള്ളം തുടിക്കുന്നില്ലേ…’ എന്നായിരുന്നു. അത് വളരെ പോയറ്റിക്കും പോളിഷ്ഡുമായിരുന്നു. സാര്‍ കുറച്ച് കൂടെ സിമ്പിളായ വാക്കുകള്‍ വേണമെന്ന് പറഞ്ഞതോടെ ആ ലിറിക്‌സ് എഴുതുന്ന ആളെ മാറ്റി. പകരം കൈതപ്രം തിരുമേനിയെ കൊണ്ടുവന്നു.
അദ്ദേഹം വന്നപ്പോഴാണ് ‘ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാലൊളിക്കണ്ണെനക്ക്…’ എന്ന വരി വന്നത്. ആദ്യം വാലൊളിക്കണ്ണെനിക്ക് എന്നായിരുന്നു. കണ്ണൂര്‍ ബേസ്ഡായത് കൊണ്ട് എനിക്ക് എന്നതിന് പകരം എനക്ക് എന്നിട്ടാല്‍ ഭംഗിയുണ്ടാകുമെന്ന് തിരുമേനി പറയുകയായിരുന്നു. മഞ്ജരിയെ കൊണ്ട് പാടിക്കാമെന്നും അദ്ദേഹമാണ് പറഞ്ഞത്. കാരണം നമ്മളെല്ലാം വടക്കാണല്ലോ. അതുകൊണ്ട് എനിക്കും തിരുമേനിക്കും മഞ്ജരിക്കും നമ്മള്‍ എന്താണ് ഇതില്‍ ഉദ്ദേശിക്കുന്നത് എന്നറിയാം.
അങ്ങനെ മഞ്ജരി വന്നപ്പോള്‍ ആ പാട്ടില്‍ ഉണ്ടായ ഏറ്റവും വലിയ രസം, അതില്‍ കുറുമ്പുണ്ടായി എന്നുള്ളതായിരുന്നു. ഇതിന്റെ തമിഴ് വേര്‍ഷന്‍ ശ്രേയ ഘോഷാല്‍ ആയിരുന്നു പാടിയത്. അന്ന് ശ്രേയ പാടി കഴിഞ്ഞിട്ട് എന്നോട് ‘ദീപക് ജീ, എനിക്ക് മലയാളം വേര്‍ഷനാണ് ഇഷ്ടമായത്. എനിക്ക് ആ കുറുമ്പ് കൊണ്ടുവരാന്‍ കഴിഞ്ഞില്ല’ എന്ന് പറഞ്ഞു,’ ദീപക് ദേവ് പറയുന്നു.
Content Highlight: Deepak Dev Talks About Sreya Ghoshal