Cricket
എല്ലാം എന്റെ മക്കളുടെ ആഗ്രഹത്തിന് വിട്ടുനല്‍കുകയാണ്: ഡേവിഡ് വാര്‍ണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Aug 23, 05:23 am
Tuesday, 23rd August 2022, 10:53 am

 

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാളാണ് ഡേവിഡ് വാര്‍ണര്‍. നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. സിഡ്‌നി തണ്ടേഴ്‌സാണ് അദ്ദേഹത്തിനെ രണ്ട് വര്‍ഷത്തെ കരാറില്‍ ടീമിലെത്തിച്ചത്.

തന്റെ പെണ്‍ മക്കളുടെ ആവശ്യപ്രകാരമാണ് താന്‍ ഈ ലീഗില്‍ കളിക്കുന്നതെന്നാണ് വാര്‍ണര്‍ പറയുന്നത്. ബി.ബി.എല്‍ ആദ്യത്തെ സീസണിലും മൂന്നാമത്തെ സീസണിലും അദ്ദേഹം സിഡ്‌നിക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് ബി.ബി.എല്‍ മത്സരങ്ങള്‍ അദ്ദേഹം സിഡ്‌നിക്കായി ഈ സീസണില്‍ കളിച്ചേക്കും.

താന്‍ ബി.ബി.എല്ലില്‍ കളിക്കുന്നത് മക്കള്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അതുകൊണ്ട് അവര്‍ക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നു എന്നും വാര്‍ണര്‍ പറഞ്ഞു. എല്ലാം തന്റെ ഫാമിലിക്ക് വേണ്ടിയാണെന്നും അദ്ദേഹം പറയുന്നു.

‘ഞാന്‍ ബി.ബി.എല്ലില്‍ കളിക്കുന്നത് കണ്ടിട്ടില്ലാത്തതിനാല്‍ എന്റെ മക്കള്‍ എന്നോട് ഇവിടെ കളിക്കാന്‍ പറഞ്ഞു. അവര്‍ക്കു വേണ്ടിയാണ് ഞാനത് ചെയ്യുന്നത്. എല്ലാം കുടുംബത്തിന് വേണ്ടിയാണ്, ബിഗ് ബാഷും ഇപ്പോള്‍ കുടുംബത്തിന് വേണ്ടിയാണ്.

ഇപ്പോള്‍ എന്റെ പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റ് കളിക്കാന്‍ നല്ല താല്‍പര്യമുണ്ട്, അച്ഛന്‍ അവരുടെ മുന്നില്‍ കളിക്കുന്നത് കാണാന്‍ അവര്‍ ആഗ്രഹിക്കുന്നു. എനിക്ക് റണ്‍സ് നേടാനും അവര്‍ക്ക് അഭിമാനമുണ്ടാക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 100 ശതമാനം കമ്മിറ്റഡായിട്ടാണ് ഞാന്‍ കളിക്കുന്നത്,’ വാര്‍ണര്‍ പറഞ്ഞു.

നേരത്തെ അദ്ദേഹം ബി.ബി.എല്ലില്‍ കളിക്കില്ലെന്നും അതേസമയം ആരംഭിക്കുന്ന യു.എ.ഇ ലീഗില്‍ കളിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ അദ്ദേഹം ബി.ബി.എല്‍ കളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Content Highlight: David Warner Says he is playing BBL for his Daughters