ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. ടോസ് നേടിയ ഓസീസ് നായകന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റിങ് ആരംഭിച്ച ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ചായിരുന്നു കളിച്ചത്.
ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ സൂര്യകുമാര്‍ യാദവ്, എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ മികച്ച ടോട്ടലില്‍ എത്തുകയായിരുന്നു. 208 റണ്‍സാണ് ഇന്ത്യ നിശ്ചിത ഓവറില്‍ അടിച്ചത്.
ഇന്ത്യക്കായി ഹര്‍ദിക് 71 റണ്‍സും രാഹുല്‍ 55 റണ്‍സും നേടിയപ്പോള്‍ സൂര്യ 46 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും തിളങ്ങാന്‍ സാധിച്ചില്ല. 11 റണ്‍സ് നേടി രോഹിത് മടങ്ങിയപ്പോള്‍ കോഹ്‌ലി രണ്ട് റണ്‍സാണ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കം മുതല്‍ ആക്രമിച്ചായിരുന്നു കളിച്ചത്. ഓസീസിനായി കാമറൂണ്‍ ഗ്രീന്‍ 61 റണ്‍സ് നേടി കളിയിലെ താരമായി. കരിയറില്‍ ആദ്യമായി ഓപ്പണിങ് ഇറങ്ങിയ ഈ 23 വയസുകാരന്‍ ആദ്യ ഓവര്‍ മുതല്‍ തകര്‍ത്തടിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ഫിനിഷിങ്ങില്‍ മാരക അടി അടിച്ച മാത്യു വെയ്ഡ് 21 പന്തില്‍ 45 റണ്‍സ് നേടിയിരുന്നു. മൂന്നാമനായി ഇറങ്ങിയ സ്റ്റീവ് സ്മിത് 35 റണ്‍സ് നേടിയിരുന്നു.
മത്സരത്തിന് ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെയും ക്യാപ്റ്റനെതിരെയും ഒരുപാട് ട്രോളുകളും വിമര്‍ശനങ്ങളും വന്നിരുന്നു. ഇവരെയൊക്കെ കൊണ്ട് ലോകകപ്പിന് പോയാല്‍ ഒന്നും നടക്കില്ലെന്നാണ് ആരാധകര്‍ വാദിക്കുന്നത്. അകസര്‍ പട്ടേലൊഴികെ എല്ലാ ഇന്ത്യന്‍ ബൗളര്‍മാരും കണക്കിന് തല്ല് വാങ്ങിയിരുന്നു.
ബാറ്റര്‍മാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും നായകന്‍ രോഹിത്തിന് തിളങ്ങാന്‍ സാധിച്ചില്ലായിരുന്നു. രോഹിത് ഓപ്പണിങ് പൊസിഷന്‍ മാറണമെന്നും ഉപദേശിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ സൂപ്പര്‍താരമായ ഡാനിഷ് കനേരിയ.
രോഹിത് കുറച്ചുകാലമായി മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും ഇന്ത്യന്‍ ടീം വിരാട് കോഹ്‌ലിയെ ഓപ്പണിങ്ങില്‍ ഇറക്കണമെന്നും അദ്ദേഹം പറയുന്നു. രോഹിത് അല്ലെങ്കില്‍ രാഹുല്‍ അവരുടെ പൊസിഷന്‍ മാറണമെന്നും കനേരിയ വ്യക്തമാക്കി.
തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രോഹിത് ശര്‍മ വേണ്ടത്ര റണ്‍സ് എടുക്കുന്നില്ല. ഏഷ്യാ കപ്പിലും നമ്മള്‍ അത് കണ്ടതാണ്. അയാള്‍ക്ക് മികച്ച തുടക്കങ്ങള്‍ ലഭിക്കുന്നു, പക്ഷേ അവയെ വലിയ ഇന്നിങസുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. മൂന്നാം നമ്പറിലേക്ക് സ്വയം ഇറങ്ങി കളിക്കുന്നത് അദ്ദേഹം പരിഗണിക്കണം. അങ്ങനെയാണെങ്കില്‍ വിരാട് കോഹ്‌ലിക്ക് ഓപ്പണ്‍ ചെയ്യാം. അല്ലെങ്കില്‍ വിരാടിനെയും രോഹിത്തിനെയും ഓപ്പണര്‍മാരായി കളിപ്പിച്ച് കെ.എല്‍. രാഹുലിനെ മൂന്നാം നമ്പര്‍ ആക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടാം,’ കനേരിയ പറഞ്ഞു.
ഏഷ്യാ കപ്പില്‍ നാല് മത്സരങ്ങളില്‍ നിന്നും 133 റണ്‍സാണ് രോഹിത് നേടിയത്. അതില്‍ ശ്രീലങ്കക്കെതിരെ നേടിയ 72 റണ്‍സും ഉള്‍പ്പെടും. എന്നാല്‍ 152 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കായി വിരാടായിരുന്നു ഓപ്പണ്‍ ചെയ്തത്. അഫ്ഗാനെതിരെയുള്ള മത്സരത്തില്‍ 122 റണ്‍സ് നേടി കരിയറിലെ 71ാം സെഞ്ച്വറി അദ്ദേഹം നേടിയിരുന്നു.