പത്തനംതിട്ട: പത്തനംതിട്ട എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സി.ബി.ഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിന് അനില്‍ ആന്റണി തന്റെ കയ്യില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നായിരന്നു ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം. പണം വാങ്ങിയെങ്കിലും നിയമനം ലഭിച്ചില്ലെന്നും നന്ദകുമാര്‍ ആരോപിച്ചു.
പിതാവായ എ.കെ. ആന്റണിയെ വെച്ച് വില പേശി പണം വാങ്ങിയ ആളാണ് അനില്‍ ആന്റണിയെന്നും അനില്‍ അംബാനിയുടേതിന് സമാനമായ ഒപ്പാണ് വിസിറ്റേഴ്സിന്റെ ബുക്കില്‍ അനില്‍ ആന്റണി ഇട്ടതെന്നും നന്ദകുമാര്‍ പറഞ്ഞു.
തന്റെ കയ്യില്‍ നിന്ന് വാങ്ങിയ പണം അനില്‍ ആന്റണി തിരിച്ചു തന്നില്ലെന്നും പി.ടി. തോമസ് ഇടപെട്ടാണ് പണം നല്‍കിയതെന്നും നന്ദകുമാര്‍ ആരോപിച്ചിരുന്നു. താന്‍ ഉയര്‍ത്തിയ വാദം അനില്‍ ആന്റണി നിഷേധിക്കുകയാണെങ്കില്‍ സംവാദത്തിന് തയ്യാറാണെന്നും നന്ദകുമാര്‍ പറഞ്ഞു.
പി.ജെ. കുര്യനും ഉമ തോമസിനും ഇക്കാര്യങ്ങള്‍ അറിയാമെന്നും നന്ദകുമാര്‍ ആരോപിച്ചു. ചില ഡിഫന്‍സ് നോട്ടുകള്‍ പുറത്ത് പോയിട്ടുണ്ടെന്നും ഇക്കാര്യം പുറത്തുപോകാതിരിക്കാന്‍ വേണ്ടിയാണ് അനില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും നന്ദകുമാര്‍ പറഞ്ഞു.
എന്നാല്‍ ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ ആന്റണി രംഗത്തെത്തി. പത്തനംതിട്ടയില്‍ വികസനം ചര്‍ച്ച ചെയ്യാതിരിക്കാനാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്ന് അനില്‍ ആന്റണി പറഞ്ഞു. ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണെന്നും യു.ഡി.എഫിന്റെ നെറികെട്ട രാഷ്ട്രീയമാണെന്നും അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.