ന്യൂദല്‍ഹി: പൊലീസ് വിലക്ക് വകവെക്കാതെ ദല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റിലെ പ്രതിഷേധ റാലിയില്‍ അണിനിരന്നത് 2000ത്തോളം ആളുകള്‍. റാലി നടക്കുന്ന വേദിയ്ക്കു സമീപം ജലപീരങ്കികളും കണ്ണീര്‍വാതകങ്ങളുമായി പൊലീസ് നേരത്തെ തന്നെ തമ്പടിച്ചിരുന്നെങ്കിലും മുന്‍നിശ്ചയിച്ച പ്രകാരം പരിപാടിയുമായി മുന്നോട്ടുപോകാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.
സഹാരണ്‍പൂരില്‍ പ്രതിഷേധിച്ചതിന്റെ ഭാഗമായി യു.പി പൊലീസ് തടവിലിട്ട ദളിത് ആക്ടിവിസ്റ്റ് ചന്ദ്രശേഖര്‍ ആസാദിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹത്തെ പുറത്തുവിടണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു വലിയൊരു വിഭാഗം റാലിയിലേക്കെത്തിയത്.
ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മെവാനി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഖില്‍ ഗോഗോയ്, വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷെഹ്‌ല റാഷിദ്, കനയ്യകുമാര്‍, എ.എം.യു വിമന്‍സ് കോളജ് പ്രസിഡന്റ് നബ, ഭീം ആര്‍മി നേതാവ് വിനയ് രതന്‍, ലക്‌നൗ യൂണിവേഴ്‌സിറ്റിയിലെ പൂജന ശുക്ല, ബി.എച്ച്.യുവിലെ ശന്തനു, ഫിലിംമേക്കര്‍ നകുല്‍ സ്വാഹ്നെ, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരന്നു.
ഡോ. ബി.ആര്‍ അംബേദ്കറിന് ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. “വികസനത്തിനുവേണ്ടി നിലകൊളളുകയാണെന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍ ഗുജറാത്തില്‍ അമ്പലമാണോ പള്ളിയാണോ വേണ്ടതെന്ന് ചോദിക്കുകയും ചെയ്യും” എന്നാണ് പൂജ ശുക്ല റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.
റാലി റദ്ദാക്കിയെന്ന വ്യാജ പ്രചരണം നടത്തിയ മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് ഷെഹ്‌ല റാഷിദ് സംസാരിച്ചത്. ഈ മുന്നേറ്റത്തില്‍ പങ്കുചേരാനായി ജനക്കൂട്ടത്തിനായി 9959902277 എന്ന മൊബൈല്‍ നമ്പറും ഷെഹ്‌ല പങ്കുവെച്ചു.
എന്‍.ഡി.എ സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പു കരാര്‍ നയങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ സംസാരിച്ചത്. പാര്‍ട്ടികളിലേക്ക് കള്ളപ്പണം ഒഴുകുകയാണെന്നും അതിനായി നിയമങ്ങള്‍ ഭേദഗതി ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നജീബിന്റെ സഹോദരിയും റാലിയില്‍ പങ്കെടുത്തു സംസാരിച്ചു. “ഒരുദിവസം എന്റെ സഹോദരന്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ പോരാട്ടം തുടരും. ഒരു നജീബിനെയാണ് കാണാതായത്. ഇന്ന് ആയിരക്കണക്കിന് നജീബുമാരെ എനിക്കറിയാം.” എന്നാണ് അവര്‍ പറഞ്ഞത്.
ദളിതര്‍ക്കും മുസ്‌ലീങ്ങള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാറിന്റെ പരാജയവും ഉയര്‍ത്തിക്കാട്ടിയാണ് ദല്‍ഹിയില്‍ യുവാക്കള്‍ റാലി സംഘടിപ്പിച്ചത്. മോദി സര്‍ക്കാറിനെതിരെ രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളുടെ തുടക്കമെന്ന നിലയിലാണ് പാര്‍ലമെന്റിലെ റാലി. ഭീമാ കോറേഗാവിലെ അതിക്രമങ്ങള്‍ക്കു പിന്നാലെ നടന്ന ദളിത് പ്രതിഷേധം, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റിനുശേഷം ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരില്‍ നടന്ന ദളിത് പ്രതിഷേധം എന്നിവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്വതന്ത്ര ജനകീയ മുന്നേറ്റങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.