അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് വിവരാവകാശ പ്രവര്‍ത്തകനെ വീട്ടില്‍ കയറി സവര്‍ണ വിഭാഗക്കാര്‍ വെട്ടിക്കൊന്നു. ക്ഷത്രിയ വിഭാഗത്തില്‍പ്പെട്ട അമ്പതോളം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചെത്തി വടിവാളും, ഇരുമ്പുദണ്ഡുകളും ഉപയോഗിച്ച് ദളിത് അവകാശ പ്രവര്‍ത്തകനായ അമ്രാബായി ബോറിച്ചയെ കൊലപ്പെടുത്തുകയായിരുന്നു.
കുടുബാംഗങ്ങളുടെ മുന്നില്‍വെച്ചാണ് ഇദ്ദേഹത്തെ ക്രൂരമായി അക്രമിച്ച് കൊലപ്പെടുത്തിയത്. ബോറിച്ചയുടെ മകള്‍ക്കും അക്രമത്തില്‍ പരുക്കേറ്റു.
വീട്ടിലേക്ക് കല്ലെറിഞ്ഞെത്തിയ ഒരു സംഘം ഗേറ്റ് തകര്‍ത്ത് വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് ബോറിച്ചയുടെ മകള്‍ നിര്‍മ്മല മാധ്യമങ്ങളോട് പറഞ്ഞു. രക്ഷപ്പെടാനായി അച്ഛന്‍ വീടിനുള്ളിലേക്ക് കയറിയിരുന്നെങ്കിലും വടിവാളും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് അവര്‍ അച്ഛനെ കൊലപ്പെടുത്തിയെന്നും മകള്‍ പറഞ്ഞു.
”ഞാനും അച്ഛനും വീട്ടില്‍ നില്‍ക്കുന്ന സമയത്ത് ഗ്രാമത്തിലെ ക്ഷത്രിയ കുടുംബത്തില്‍പ്പെട്ട അമ്പതോളം ആളുകള്‍ ഡി.ജെ മ്യൂസിക് പ്ലേ ചെയ്തുകൊണ്ട് ഞങ്ങളുടെ വീടിന് മുന്നിലൂടെ പോയിരുന്നു. പിന്നീട് ഇവര്‍ തന്നെയാണ് തിരിച്ചുവന്ന് ഞങ്ങളുടെ വീടിന് നേരെ കല്ലെറിഞ്ഞതും. വീടിന് പൊലീസ് സംരക്ഷണം ഉണ്ടായിരുന്നിട്ട് പോലും അവര്‍ക്ക് വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ സാധിച്ചു,” നിര്‍മ്മല പറഞ്ഞു.
ക്ഷത്രിയ വിഭാഗക്കാര്‍ താമസിക്കുന്ന സനോദാര്‍ ഗ്രാമത്തിലെ ഏക ദളിത് കുടുംബമാണ് ബോറിച്ചിന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകന്‍ കൂടിയായ ബോറിച്ചിനെ പ്രദേശത്ത് നിന്നും ഓടിക്കാനും, അദ്ദേഹത്തിന്റെ വീടുള്‍പ്പെടെ നശിപ്പിച്ച് കളയാനും നേരത്തെയും ശ്രമം നടന്നിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് 4.30ഓട് കൂടിയായിരുന്നു സംഭവം. സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ ഭൂമി ഗുണ്ടകള്‍ കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് കാണിച്ച് ബോറിച്ച പൊലീസിന് നേരത്തെ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ഇദ്ദേഹത്തിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഗുണ്ടകള്‍ ബോറിച്ചിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.
അഹമ്മദാബാദ് കേന്ദ്രമായുള്ള ഒരു എന്‍.ജി.ഒയുടെ പ്രവര്‍ത്തകന്‍ കൂടിയാണ് ബോറിച്ച്. അദ്ദേഹം കൊല്ലപ്പെട്ടിട്ട് മണിക്കൂറികള്‍ പിന്നിട്ടിട്ടും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ഗുജറാത്ത് എം.പി ജിഗ്നേഷ് മേവാനി ബോറിച്ചിന്റെ കൊലപാതകത്തെ അപലപിച്ചു. താന്‍ കൊല്ലപ്പെട്ടേക്കാമെന്നും പൊലീസ് സുരക്ഷ വേണമെന്നും അദ്ദേഹം നിരന്തരം ആവര്‍ത്തിച്ചതാണ്. എന്നിട്ടും ബോറിച്ചിനെ രക്ഷിക്കാനായില്ല എന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.