ന്യൂദല്‍ഹി: രാജ്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കാണാനാവില്ലെന്ന് നിയമപാനല്‍. നിയമവിരുദ്ധമായ വഴിയിലൂടെ അല്ലെങ്കില്‍ അക്രമത്തിലൂടെ സര്‍ക്കാറിനെ മറിച്ചിടാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളെ മാത്രമേ രാജ്യദ്രോഹക്കുറ്റമായി കാണാനാവൂവെന്നും നിയമ കമ്മീഷന്‍ വ്യക്തമാക്കി.
രാജ്യദ്രോഹത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124 എയുടെ പുനപരിശോധനയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഐ.പി.സിയിലെ ഈ സെക്ഷന്‍ കൊണ്ടുവന്ന യു.കെ പത്തുവര്‍ഷം മുമ്പ് രാജ്യദ്രോഹ നിയമം എടുത്തുമാറ്റിയെന്ന കാര്യം പരിഗണിക്കേണ്ടതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഇത്തരം “മര്‍ദ്ദക” നിയമങ്ങള്‍ക്ക് ഉദാഹരണമായി തങ്ങളെ ചൂണ്ടിക്കാട്ടുന്നതിനോട് യു.കെയ്ക്ക് താല്‍പര്യമില്ലെന്നും കമ്മീഷന്‍ നിരീക്ഷിക്കുന്നു.
“രാജ്യത്തെ കുറ്റപ്പെടുത്തുക അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക കാര്യത്തില്‍ പോരായ്മ ചൂണ്ടിക്കാട്ടുകയെന്നത് രാജ്യദ്രോഹമായി കണക്കാക്കാനാവില്ല. പോസിറ്റീവായ വിമര്‍ശനത്തെ രാജ്യം സ്വാഗതം ചെയ്തില്ലെങ്കില്‍ സ്വാതേ്രന്ത്യതര- സ്വാതന്ത്ര്യാനന്തര കാലഘട്ടങ്ങള്‍ തമ്മിള്‍ ഒട്ടും വ്യത്യാസമുണ്ടാവില്ല. സ്വന്തം പാരമ്പര്യത്തെ വിമര്‍ശിക്കാനുള്ള അവകാശവും എതിര്‍ക്കാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.” കമ്മീഷന്‍ പറയുന്നു.
രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ഒരു ഉപകരണമായി അതിനെ ഉപയോഗിക്കരുതെന്നും കമ്മീഷന്‍ പറഞ്ഞു.