രണ്ട് പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ബാലണ്‍ ഡി ഓറിന്റെ ചുരുക്കപ്പെട്ടികയില്‍ ലയണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ഇല്ലാതെ പോയത്. 2003 മുതല്‍ മെസിയോ റൊണാള്‍ഡോയോ ഇല്ലാതെ ഒരിക്കല്‍ പോലും ബാലണ്‍ ഡി ഓര്‍ ഫൈനല്‍ ലിസ്റ്റ് പുറത്തുവന്നിരുന്നില്ല.
മെസിക്കും റൊണാള്‍ഡോക്കും ശേഷമുള്ള അടുത്ത ട്രാന്‍സിഷന്‍ പിരീഡിലേക്ക് ഫുട്ബോള്‍ ലോകം കടക്കുകയാണെന്ന വ്യക്തമായ സൂചനകൂടിയാണ് ഈ ചുരുക്കപ്പട്ടിക നല്‍കിയത്.
ഈ പട്ടികയിലെ 30 പേരില്‍ ആര് വിജയിച്ചാലും അവരുടെ ആദ്യ ബാലണ്‍ ഡി ഓറായിരിക്കുമിത് എന്നതും പുതിയ യുഗത്തിന്റെ ആരംഭമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് ഇന്റര്‍നാഷണല്‍ റോഡ്രിയാണ് ഇത്തവണ ബാലണ്‍ ഡി ഓറിന്റെ സുവര്‍ണ ഗോളം കയ്യിലേറ്റുവാങ്ങിയത്. റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനെ മറികടന്നുകൊണ്ടായിരുന്നു റോഡ്രിയുടെ നേട്ടം. കക്കയ്ക്ക് ശേഷം ബാലണ്‍ ഡി ഓര്‍ വീണ്ടും ബ്രസീലിന്റെ മണ്ണിലേക്കെത്തുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്കും നിരാശയായിരുന്നു ഫലം.
നേരിയ വ്യത്യാസത്തിനായിരുന്നു വിനീഷ്യസിനെ മറികടന്ന് റോഡ്രി പുരസ്‌കാരം സ്വന്തമാക്കിയത്.
അതേസമയം, ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ഇത്തവണയും ബാലണ്‍ ഡി ഓറില്‍ റൊണാള്‍ഡോ കുറിച്ച നേട്ടം തകര്‍ക്കാന്‍ റോഡ്രിക്ക് സാധിച്ചിരുന്നില്ല. ബാലണ്‍ ഡി ഓറിലെ ഒന്നാം സ്ഥാനക്കാരനും രണ്ടാം സ്ഥാനക്കാരനും തമ്മിലുള്ള പോയിന്റ് വ്യത്യാസത്തിന്റെ കണക്കിലാണ് റൊണാള്‍ഡോ ഇന്നും ഒന്നാമനായി തുടരുന്നത്.
2016ലാണ് റോണോ ഈ ചരിത്ര നേട്ടം കുറിച്ചത്. ക്ലബ്ബ് തലത്തിലും ദേശീയ തലത്തിലും വന്‍ കുതിപ്പ് നടത്തിയാണ് താരം തന്റെ കരിയറിലെ നാലാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്.
173 ജേണലിസ്റ്റുകളായിരുന്നു ലോകത്തിലെ മികച്ച ഫുട്‌ബോളറെ കണ്ടെത്താനായുള്ള വോട്ടിങ്ങില്‍ പങ്കെടുത്തത്. 745 പോയിന്റോടെയാണ് റോണോ പുരസ്‌കാരത്തിന് അര്‍ഹനായത്. ഒരു താരത്തിന് മാക്‌സിമം നേടാന്‍ സാധിക്കുന്നത് 865 പോയിന്റ് മാത്രമാണ് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
ലയണല്‍ മെസി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 316 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള മെസിക്ക് നേടാന്‍ സാധിച്ചത്, ക്രിസ്റ്റിയാനോയേക്കാള്‍ 429 പോയിന്റ് കുറവ്. മെസി ആകെ നേടിയ പോയിന്റിനേക്കാള്‍ വ്യത്യാസം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും തമ്മിലുണ്ടായിരുന്നു!
198 പോയിന്റുമായി ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാനാണ് മൂന്നാം സ്ഥാനത്തെത്തിയത്. ശേഷം പട്ടികയിലെ ഒരാള്‍ക്ക് പോലും നൂറ് പോയിന്റ് തികച്ചും ലഭിച്ചിരുന്നില്ല.
2017ന് ശേഷം ഒരിക്കല്‍പ്പോലും ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധിച്ചില്ലെങ്കിലും ഈ പതിറ്റാണ്ടില്‍ ഒരിക്കല്‍പ്പോലും ആദ്യ മൂന്നില്‍ ഇടം നേടാന്‍ സാധിച്ചില്ലെങ്കിലും റോണോയുടെ ഈ നേട്ടം ചരിത്രത്തിന്റെ ഭാഗമായി തുടരുകയാണ്. ഇനിയും ഏറെ കാലം ഈ റെക്കോഡ് പോര്‍ച്ചുഗല്‍ ഗോളടിയന്ത്രത്തിന്റെ പേരില്‍ തുടരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content highlight: Cristiano Ronaldo still holds the record of biggest point gap in Ballon d’Or history