Football
'കളത്തില്‍ തിരിച്ചെത്താനായതില്‍ ഒത്തിരി സന്തോഷം, ഒപ്പം പഴയ കൂട്ടുകാരെയും കാണാനായി'; വികാരാതീതനായി റോണോ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jan 20, 06:14 am
Friday, 20th January 2023, 11:44 am

ആരാധകര്‍ ആവേശഭരിതരായി കാത്തിരുന്ന മെസി-റൊണാള്‍ഡോ പോരാട്ടം ഇന്നലെ റിയാദില്‍ വെച്ച് നടന്നിരുന്നു. സൗദിയിലെത്തിയതിന് ശേഷമുള്ള റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരത്തില്‍ പി.എസ്.ജി വിജയം നേടുകയായിരുന്നു. റോണോ നായകനായെത്തിയ റിയാദ് ഓള്‍ സ്റ്റാര്‍ ഇലവനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പി.എസ്.ജി തോല്‍പ്പിച്ചത്.

നീണ്ട ഇടവേളക്ക് ശേഷം കളത്തില്‍ തിരിച്ചെത്തിയ റൊണാള്‍ഡോക്ക് ഇരട്ട ഗോളുകളോടെ സൗദിയിലെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കാനായി. മത്സരത്തിന് ശേഷം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

‘ഗ്രൗണ്ടിലും സകോര്‍ ഷീറ്റിലും തിരിച്ചെത്താനായതില്‍ ഒത്തിരി സന്തോഷം. ഒപ്പം പഴയ കൂട്ടുകാരെ കാണാനായതിലും സന്തോഷം തോന്നുന്നു,’ ഇങ്ങനെയാണ് റോണോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസി, എംബാപ്പെ, റാമോസ്, മാര്‍ക്വിഞ്ഞോസ്, എകിറ്റിക്കെ തുടങ്ങിയ താരങ്ങള്‍ ഫ്രഞ്ച് ക്ലബ്ബിനായി ഗോള്‍ നേടിയപ്പോള്‍ സൗദിയിലെ അരങ്ങേറ്റ മത്സരത്തില്‍ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. സൂ ജാങ്, ടലിസ്‌ക എന്നിവരാണ് പി.എസ്.ജിക്കായി വല കുലുക്കിയ മറ്റുതാരങ്ങള്‍.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പി.എസ്.ജി ലീഡുയര്‍ത്തുകയായിരുന്നു. നെയ്മറുടെ പാസില്‍ നിന്നും മനോഹരമായ ഫിനിഷിങ്ങിലൂടെ മെസി ടീമിനെ മുന്നിലെത്തിച്ചു.

തുടര്‍ന്നു പി.എസ്.ജി ആധിപത്യം പുലര്‍ത്തിയെങ്കിലും റിയാദ് ചില മുന്നേറ്റങ്ങള്‍ നടത്തി. 34ാം മിനിട്ടില്‍ റൊണാള്‍ഡോ റിയാദിനെ ഒപ്പമെത്തിച്ചു. നവാസ് റൊണാള്‍ഡൊക്കെതിരെ നടത്തിയ ഫൗളിന് റഫറി വിധിച്ച പെനാല്‍ട്ടിയില്‍ നിന്നാണ് ഗോള്‍ പിറന്നത്.

2020ല്‍ ചാമ്പ്യന്‍സ് ലീഗിലാണ് മെസിയും റൊണാള്‍ഡോയും അവസാനം നേര്‍ക്കുനേര്‍ കളിച്ചത്. അന്ന് മെസി ബാഴ്സലോണയിലും റൊണാള്‍ഡോ യുവന്റസിലും ആയിരുന്നു.

റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരത്തിന് മുമ്പ് റൊണാള്‍ഡോയും മെസിയും പരസ്പരം ചേര്‍ത്ത് പിടിച്ചപ്പോള്‍ തന്നെ സ്റ്റേഡിയം ഇളകി മറിഞ്ഞിരുന്നു. റയല്‍ മാഡ്രിഡിലും ബാഴ്സലോണയിലും കളിച്ചിരുന്ന സമയത്ത് ഇരുതാരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ അനൂഭൂതി വീണ്ടും സൃഷ്ടിക്കുകയാണ് ഇവിടെയുണ്ടായതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.

Content Highlights: Cristiano Ronaldo’s social media post goes viral