football news
മെസി ഗോട്ടോ? റൊണാൾഡോയാണ് മികച്ചവൻ; പിന്തുണയുമായി സൂപ്പർ പരിശീലകൻ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 25, 04:12 am
Saturday, 25th March 2023, 9:42 am

സമകാലിക ഫുട്ബോൾ ലോകത്ത് ഒരു പതിറ്റാണ്ടിലേറെ നീണ്ട് നിന്ന ഇപ്പോഴും തുടരുന്ന സംവാദമാണ് മെസിയോ റൊണാൾഡോയോ ആരാണ് മികച്ച താരം എന്നത്.

ഈ തർക്കത്തിൽ ഭൂരിഭാഗം ഫുട്ബോൾ ആരാധകരും ഇരു ചേരികളായി തിരിഞ്ഞ് ഇരു താരങ്ങൾക്കുമൊപ്പം തന്നെയാണ് നിലയുറപ്പിക്കുന്നത്.
ഫുട്ബോൾ  ആരാധകർക്കൊപ്പം, പ്ലെയേഴ്സും പരിശീലകരും ഫുട്ബോൾ വിദഗ്ധരുമെല്ലാം ഇരു താരങ്ങളുടെയും പക്ഷത്ത് നിലയുറപ്പിക്കുന്നുണ്ട്.

എന്നാൽ മെസിയോ റൊണാൾഡോയോ മികച്ചത് എന്ന ചോദ്യത്തിനോടുള്ള തന്റെ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരമായ വാൻ നിസ്റ്റൽറൂയി.

ഗാരി നെവിലിന് നൽകിയ അഭിമുഖത്തിലാണ് ഡച്ച് ക്ലബ്ബായ പി.എസ്. വി എയ്ന്തോവന്റെ പരിശീലകൻ കൂടിയായ വാൻ നിസ്റ്റൽ റൂയി റൊണാൾഡോയേയും മെസിയേയും കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

“മെസിയോ റൊണാൾഡോയോ മികച്ച താരം എന്ന് ചോദിച്ചാൽ ഞാൻ റൊണാൾഡോയെയാണ് തിരഞ്ഞെടുക്കുക.
കാരണം അദ്ദേഹത്തിനോടൊപ്പം ഞാൻ മൈതാനം പങ്കിട്ടിട്ടുണ്ട്,’ വാൻ നിസ്റ്റൽറൂയി പറഞ്ഞു.

റൊണാൾഡോക്കൊപ്പം മൂന്ന് സീസണുകളിലാണ് വാൻ നിസ്റ്റൽ റൂയി മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചത്.

റോണോ 52 ഗോളുകളും നിസ്റ്റൽറൂയി 70 ഗോളുകളുമാണ് ഇരു താരങ്ങളും ഒരുമിച്ച് കളിച്ച കാലഘട്ടത്തിൽ സ്വന്തമാക്കിയിട്ടുള്ളത്.
കൂടാതെ ഇരു താരങ്ങളും ഒന്നിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനായി 2004ലെ എഫ്.എ കപ്പും സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം നിലവിൽ പ്രീമിയർ ലീഗിൽ 26 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളുമായി 50 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഏപ്രിൽ രണ്ടിന് ന്യൂ കാസിൽ യുണൈറ്റഡിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം.

Content Highlights:Cristiano Ronaldo or Lionel Messi? van Nistelrooy gives his answer