ലോക്കപ്പ് പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അഡ്വക്കേറ്റ് ഡി.ബി ബിനു പൊലീസിനിടയിലുള്ള ക്രിമിനലുകളുടെ എണ്ണം അറിയുന്നതിനായി ഫയല്‍ ചെയ്ത ആര്‍.ടി.ഐയിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. കൊച്ചി വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത് ഈ വിഷയങ്ങളിലേക്ക് ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
കൊച്ചി വരാപ്പുഴയില്‍ വാസുദേവന്‍ എന്നയാളുടെ ഭാര്യ ആക്രമണഭീഷണിയുണ്ടെന്ന് പറഞ്ഞു പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വിശദമായ പരാതി എഴുതി നല്കാന്‍ പറഞ്ഞ് റൈറ്റര്‍ അവരെ തിരിച്ചയക്കുകയായിരുന്നു. അതുകഴിഞ്ഞ് കുറച്ചു സമയത്തിനുള്ളിലാണ് ആ വീട് ആക്രമിക്കപ്പെട്ടത്. അതിനു ശേഷം അക്രമസംഭവം നടന്നു, അയാള്‍ ആത്മഹത്യ ചെയ്തു, അറസ്റ്റ് നടന്നു, അങ്ങനെ ഒരു സംഭവ ശൃംഖലയുണ്ടാവുകയാണ് – അഡ്വക്കേറ്റ് ബിനു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
നിയമപ്രകാരം പൊലീസ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, മതിയായ സംരക്ഷണം പൊലീസ് കൊടുത്തിരുന്നെങ്കില്‍ ഇത്തരത്തിലുള്ളൊരു അക്രമസംഭവങ്ങളുടെ പരമ്പര ഉണ്ടാകുമായിരുന്നില്ല. വിലപ്പെട്ട രണ്ടു ജീവനുകള്‍ നഷ്ടപ്പെടുമായിരുന്നില്ല എന്ന് അഡ്വക്കേറ്റ് ബിനു അഭിപ്രായപ്പെടുന്നു. പൊലീസ് പലപ്പോഴും നിരുത്തരവാദിത്വപരമായും നിയമവിരുദ്ധമായും പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കേരള പൊലീസ് ആക്ട് അനുസരിച്ച് അനിശ്ചിതമായി കിടക്കുന്ന കേസുകളില്‍ ഉള്‍പ്പെട്ട ആളുകള്‍ക്കെതിരെ പെട്ടെന്ന് ആക്ഷന്‍ എടുക്കാനായി ഡി.ജി.പിയെ വിളിച്ച് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണായ പി. മോഹന്‍ദാസ് പറയുന്നത്.
2006ല്‍ സുപ്രീംകോടതി പൊലീസിന് നിര്‍വ്വഹണപരമായ സ്വയംഭരണാധികാരം നല്‍കുന്നതിനായി ഇടപെടല്‍ നടത്തിയിരുന്നു. ഇത് എത്രത്തോളം പ്രവര്‍ത്തികമായെന്നറിയാന്‍ 2008ല്‍ ജസ്റ്റിസ് കെ.ടി തോമസിന്റെ കീഴില്‍ കമ്മിറ്റി രൂപീകരിച്ചു. വിശദമായ പഠനം നടത്തി കമ്മിറ്റി പല നിര്‍ദേശങ്ങളും മുന്നോട്ടു വെച്ചിരുന്നു, ഇതുവരെ സര്‍ക്കാര്‍ അതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. ചില ചെറിയ നടപടികള്‍ ഉണ്ടായെങ്കിലും അവയൊന്നും തന്നെ തുടര്‍ന്ന് മുന്നോട്ടു കൊണ്ടുപോകാനായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് അഡ്വക്കേറ്റ് ബിനു പറയുന്നത്.
“2011ലാണ് കേരള പൊലീസ് ആക്ട് ഉണ്ടാവുന്നത്. 2018 ആയിട്ടും മാറിമാറി വന്ന ഒരു സര്‍ക്കാരിനും ഇതിനൊരു ചട്ടം ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല. പൊലീസ് ആക്ടിലെ പല വ്യവസ്ഥകളും ഇപ്പോളും നടപ്പിലാക്കാന്‍ പറ്റിയിട്ടില്ല,” അഡ്വക്കേറ്റ് ബിനു പറയുന്നു.
1200 ഓളം പൊലീസുകാര്‍ ഉള്‍പ്പെട്ട ഒരുപാട് കേസുകളുണ്ട്. അവര്‍ അവരുടെ പദവികളില്‍ ജോലി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അത് പാടില്ലെന്നാണ് ആക്ട് പറയുന്നത്. വരാപ്പുഴ കേസില്‍ ഡി.ജി.പി ആക്ഷന്‍ എടുത്ത പോലെ മറ്റു കേസുകളിലും എടുക്കേണ്ടിയിരിക്കുന്നു. – മോഹന്‍ദാസ് പറയുന്നു.
അഡ്വക്കേറ്റ് ബിനു പറയുന്നത്, രാജ്യത്ത് നടക്കുന്ന 99% അറസ്റ്റും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് നടക്കുന്നതെന്നാണ്. മനുഷ്യാവകാശലംഘനം വളരെ വ്യാപകമായ രീതിയില്‍ നമ്മുടെ പൊലീസ് സ്റ്റേഷനുകളുടെ ലോക്കപ്പുകളില്‍ നടക്കുന്നുണ്ട്. ഇത് പരിശോധിക്കാന്‍ കൃത്യമായ ഒരു രീതി ഇവിടെയില്ല.
പൊലീസിനെ എപ്പോഴും രാഷ്ട്രീയക്കാരുടെ താല്പര്യത്തിനനുസരിച്ച് നിര്‍ത്തണമെന്നാണ് ഓരോ ഭരിക്കുന്ന പാര്‍ട്ടിയുടെയും ആഗ്രഹം. ആരെ അറസ്റ്റ് ചെയ്യണം, ആരെ അറസ്റ്റ് ചെയ്യരുത്, ആരെ ഇടിക്കണം എന്ന ലിസ്റ്റ് കൊടുക്കുന്നത് പാര്‍ട്ടി ഓഫീസുകളില്‍ നിന്നാണെന്ന് അഡ്വക്കേറ്റ് ബിനു ആരോപിക്കുന്നു.
മോഹന്‍ദാസ് പറയുന്നത്, ഒരു സര്‍ക്കുലര്‍ പ്രകാരം ഓരോ ആറു മാസം കൂടുമ്പോളും സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥന്മാരെ സംബന്ധിച്ചുള്ള ക്രൈം റെക്കോര്‍ഡ്‌സ് പരിശോധിക്കാന്‍ ഒരു കമ്മിറ്റി നിയോഗിച്ച് ആരെയൊക്കെ പുറത്താക്കണം, സസ്‌പെന്‍ഡ് ചെയ്യണം എന്നതിനെ കുറിച്ച് തീരുമാനം എടുക്കണം. ഇതെല്ലാം മറ്റാര്‍ക്കും അറിയാത്ത ആഭ്യന്തര കാര്യങ്ങളാണ്.
മനുഷ്യാവകാശ കമ്മിഷന്‍ മുന്നോട്ട് വച്ചിരിക്കുന്ന അനേകം ശുപാര്‍ശകള്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണെന്നാണ് അഡ്വക്കേറ്റ് ബിനു പറയുന്നത്. രാജ്യത്ത് നടക്കുന്ന 99% അറസ്റ്റും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് നടക്കുന്നത്. പക്ഷെ അത് പുറത്ത് വരുന്നില്ല.
വരാപ്പുഴ കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഡി.ജി.പി സസ്‌പെന്‍ഡ് ചെയ്തു. കോടതിയില്‍ നിന്ന് വിധി വരാന്‍ കാത്ത് നില്‍ക്കാതെ ഉടന്‍ നടപടി എടുക്കണം. അല്ലാത്തപക്ഷം അത്രയും കാലം അവര്‍ അവരുടെ പദവിയില്‍ തുടരുന്നു. ആ സെക്ഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ക്രിമിനല്‍ ആയിട്ടുള്ള അല്ലെങ്കില്‍ ക്രിമിനല്‍ ചിന്താഗതിയുള്ള ഓഫീസര്‍മാര്‍ പൊലീസില്‍ ഉണ്ടാവരുതെന്നാണ്. അത് നിര്‍ബന്ധമായി പിന്തുടരേണ്ടിയിരിക്കുന്നു, മോഹന്‍ദാസ് പറയുന്നു.
പൊലീസിന്റെ കര്‍ത്തവ്യങ്ങളെ കുറിച്ച് ഒരു പൊതുധാരണ ഓരോ ഉദ്യോഗസ്ഥനും ഉണ്ടാവേണ്ടതുണ്ട്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പൊലീസ് ഫോഴ്സ് നിലവിലുള്ളത് എന്ന ഒരു മാനസികാവസ്ഥ വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിനകത്ത് ഏക മാര്‍ഗ്ഗം. ഓരോ പൊലീസ് ഉദ്യോഗസ്ഥനും ഇങ്ങനെ ഒരു മാനസികാവസ്ഥ വളര്‍ത്തിയെടുത്തുകൊണ്ട് തന്റെ കര്‍ത്തവ്യത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമെ ഒരു മാറ്റം ഉണ്ടാവുകയുള്ളു. മോഹന്‍ദാസ് പറയുന്നു.