Kerala
പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നു: സര്‍വകക്ഷി സമാധാന യോഗത്തില്‍ നിന്ന് സി.പി.ഐ.എം വിട്ടുനില്‍ക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Aug 04, 06:40 am
Saturday, 4th August 2012, 12:10 pm

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ നിന്ന്  വിട്ടുനില്‍ക്കാന്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനം. സി.പി.ഐ.എം പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുകയാണെന്നും ഇത് അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നുമാണ് പാര്‍ട്ടി തീരുമാനം.  []

ജില്ലാ കലക്ടര്‍ രത്തന്‍ കേല്‍ക്കറാണ് സര്‍വ്വകക്ഷി സമാധാന യോഗം വിളിച്ച് ചേര്‍ക്കുന്നത്‌. ഇന്ന് വൈകിട്ട് നാലു മണിക്കാണ് യോഗം. ജില്ലയില്‍ സമാധാനം പുന:സ്ഥാപിക്കാനുളള എല്ലാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി കക്ഷികള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് ജില്ലയില്‍ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ജയരാജന്റെ അറസ്റ്റില്‍ പ്രതിക്ഷേധിച്ച് നടത്തിയ ഹര്‍ത്താലില്‍ വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. ഈ സാഹചര്യത്തിലാണ് കലക്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുന്നത്‌.

തളിപ്പറമ്പ് സഹകരണ ആശുപത്രി ഉള്‍പ്പടെ സി.പി.ഐ.എം നിയന്ത്രണത്തിലുള്ള നിരവധി സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് സി.പി.ഐ.എം ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണൂര്‍ ഏരിയാ സെക്രട്ടറി എന്‍. ചന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പൊലീസിന്റെ മൃഗീയ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായി. എന്നിട്ടും പൊലീസ് ഏകപക്ഷീയമായി സി.പി.ഐ.എം പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്യുകയാണ്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വധശ്രമക്കേസ് ഉള്‍പ്പടെ കുറ്റം ചുമത്തിയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

പൊലീസ് തുടരുന്ന ഏകപക്ഷീയമായ നടപടികളില്‍ പ്രതിഷേധിക്കാന്‍ ജില്ലയില്‍ ധര്‍ണയും പൊതുയോഗങ്ങളും സംഘടിപ്പിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ കഴിഞ്ഞ മൂന്ന് ദിവസമായി കണ്ണൂരില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞയില്‍ ഇളവ് വരുത്തി. രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ നാലുവരെയുള്ള സമയങ്ങളിലായി നിരോധനാജ്ഞ ചുരുക്കി.