ന്യൂദല്‍ഹി: രണ്ട് സി.പി.ഐ.എം എം.പിമാര്‍ ഉള്‍പ്പെടെ ലോക്സഭയിലെ നാല് പ്രതിപക്ഷ എം.പിമാരെയും രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ 20 എം.പിമാരെയും തുടര്‍ച്ചയായ ദിവസങ്ങളില്‍ സസ്പെന്‍ഡ് ചെയ്തത് പാര്‍ലമെന്റിന്റെ ജനാധിപത്യ പ്രവര്‍ത്തനത്തിനേറ്റ കനത്ത പ്രഹരമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. പാര്‍ലമെന്റ് അംഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന അവകാശങ്ങള്‍ക്ക് മേലുള്ള കടന്നാക്രമണമാണിതെന്നും സി.പി.ഐ.എം പി.ബി കുറ്റപ്പെടുത്തു.
വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനജീവിതം ദുസ്സഹമാക്കുന്ന, ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പൊള്ളുന്ന പ്രശ്നങ്ങളെക്കുറിച്ച് ഗൗരവമായി ചര്‍ച്ചചെയ്യാന്‍ ചട്ടങ്ങള്‍ക്കനുസരിച്ച് പ്രതിപക്ഷം അവതരിപ്പിക്കുന്ന പ്രമേയങ്ങള്‍ ഒന്നുംതന്നെ അംഗീകരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പാര്‍ലമെന്റില്‍ എല്ലാ വിഷയങ്ങളും തുറന്ന ചര്‍ച്ചക്ക് വിധേയമാക്കുമെന്ന് പൊതുസമൂഹത്തെ ധരിപ്പിക്കുന്ന ബി.ജെ.പി അത്തരത്തിലുള്ള ചര്‍ച്ചകളെ യഥാര്‍ത്ഥത്തില്‍ ബോധപൂര്‍വം തടസപ്പെടുത്തുകയാണെന്നും കുറ്റപ്പെടുത്തി.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ട പരമോന്നത വേദിയായ പാര്‍ലമെന്റിന്റെ മൂല്യച്യുതി വരുത്തി പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കുകയാണ് മോദി സര്‍ക്കാര്‍. ഇതിനെതിരായി പൊതുജനങ്ങളെ അണിനിരത്തിക്കൊണ്ട് ജനാധിപത്യ സംരക്ഷണത്തിനായി ശക്തമായി മുന്നിട്ടിറങ്ങണമെന്നും സി.പി.ഐ.എം പി.ബി പ്രസ്താവനയില്‍ പറഞ്ഞു.