Daily News
ടി.പി വധക്കേസ് സാക്ഷിക്ക് നേരെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Feb 03, 03:13 am
Wednesday, 3rd February 2016, 8:43 am

Attacked-2വടകര: ഒഞ്ചിയത്ത് സി.പി.ഐ.എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സാക്ഷിയടക്കം മൂന്ന് ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ടിപി വധക്കേസ് ഗൂഡാലോചനാ കേസില്‍ സാക്ഷി പറഞ്ഞ കുന്നുമ്മക്കര പുതിയോട്ടില്‍ മീത്തല്‍ പ്രമോദ് (42), ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കോട്ടായി സുജിത്ത് (36) , ഇല്ലതെക്കയില്‍ ഹരിദാസ്(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രമോദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും  മറഅറുള്ളവരെ മാഹി ഗവണ്‍മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച രാത്രി ഒഞ്ചിയം മലോല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയപ്പോഴാണ് മൂവര്‍ക്കുമെതിരെ ആക്രമണമുണ്ടായത്. ക്ഷേത്രത്തില്‍ നിന്നും മടങ്ങുന്നതിനിടെ ഒരു സംഘം സി.പി.ഐ.എം പ്രവര്‍ത്തകര്‍ വടിയുള്‍പ്പടെയുള്ള ആയുധങ്ങളുമായെത്തി പ്രമോദിനെ  ആക്രമിക്കുകയായിരുന്നു. ആക്രമണം തടയുന്നതിനിടെയാണ് സുജിത്തിനും ഹരിദാസിനും പരിക്കേറ്റത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഡാലോചനയില്‍ സാക്ഷിപറഞ്ഞ പ്രമോദിന് നേരെ വധഭീഷണിയുണ്ടായിരുന്നു. സി.പി.ഐ.എം പ്രവര്‍ത്തകരായ കുന്നുമ്മക്കര പൂവത്ത് കണ്ടി ലക്ഷംവീട് കോളനിയില്‍ അമല്‍ജിത്ത്, അഖില്‍ രാജ്, അനൂപ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.