Kerala News
ആംബുലന്‍സില്‍ പൂരത്തിനിടയിലേക്ക് എത്തിയത് നിയമവിരുദ്ധം; സുരേഷ് ഗോപിക്കെതിരെ പരാതിയുമായി സി.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 28, 06:05 am
Saturday, 28th September 2024, 11:35 am

തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി സി.പി.ഐ. തൃശൂര്‍ പൂരം കലക്കിയതിനെ തുടര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി ആംബുലന്‍സില്‍ നിയമവിരുദ്ധമായി സഞ്ചരിച്ചുവെന്നാണ് പരാതി. സി.പി.ഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി സുമേഷ് കെ.പി ആണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തൃശൂര്‍ പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലന്‍സ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു. പൂരം അലങ്കോലമായ രാത്രി വീട്ടില്‍ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പരാതി.

സി.പി.ഐ നല്‍കിയ പരാതിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ആംബുലന്‍സ് രോഗികള്‍ക്ക് സഞ്ചരിക്കാന്‍ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കുന്നു. സംഭവത്തില്‍ പൊലീസ് കമ്മീഷണര്‍ക്ക് പുറമെ ജോയിന്റ് ആര്‍.ടി.ഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

പൂരത്തിന്റെ പ്രധാന ചടങ്ങുകളില്‍ പങ്കെടുക്കാതിരുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി, സേവാഭാരതി ആംബുലന്‍സില്‍ പ്രശ്‌നം നടക്കുന്ന സമയത്ത് വന്നുവെന്നുള്ളത് ദുരൂഹമാണെന്ന് സി.പി.ഐ നേതാവും മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയുമായിരുന്ന വി.എസ്. സുനില്‍ കുമാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എല്‍.ഡി.എഫും കോണ്‍ഗ്രസും ആ ഘട്ടത്തില്‍ തന്നെ ആരോപിച്ചിരുന്നു. നിലവില്‍ എ.ഡി.ജി.പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍, തൃശൂര്‍ പൂരം കലക്കിയതില്‍ രണ്ടാമത് അന്വേഷണത്തിന് നിര്‍ദേശം നല്‍കുമെന്ന് സൂചന നല്‍കിയിരുന്നു.

തൃശൂര്‍ പൂരം അലങ്കോലമാക്കിയതിലെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വി.എസ്. സുനില്‍ കുമാര്‍ പ്രത്യേകം വിവരാവകാശത്തിന് അപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സി.പി.ഐ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കുന്നത്.

Content Highlight: CPI filed a complaint against Suresh Gopi