തീവ്രവ്യാപന ശേഷിയുള്ള ചൈനയിലെ കൊവിഡ് വകഭേദം ഇന്ത്യയിലും; മൂന്ന് കേസുകളെന്ന് റിപ്പോര്‍ട്ട്
national news
തീവ്രവ്യാപന ശേഷിയുള്ള ചൈനയിലെ കൊവിഡ് വകഭേദം ഇന്ത്യയിലും; മൂന്ന് കേസുകളെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st December 2022, 6:10 pm

ന്യൂദല്‍ഹി: ചൈനയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡ് വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ വകഭേദമായ ബി.എഫ്.7ന്റെ മൂന്ന് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് ഓദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളം വാര്‍ത്താ ചാനലുകളും സമാനമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഗുജറാത്തിലെ ബയോടെക്‌നോളജി റീസെര്‍ച്ച് സെന്ററിലാണ് ആദ്യ ബി.എഫ്.7 കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇത് ഒക്ടോബറിലായിരുന്നു. മൂന്ന് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം ഗുജറാത്തിലും ഒന്ന് ഒഡീഷയിലുമാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ബി.എഫ്.7. ചൈനയിലെ ബെയ്ജിങ്ങിലും മറ്റും രോഗം അതിവേഗം പടര്‍ന്നുപിടിക്കാന്‍ കാരണമിതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഒരിക്കല്‍ കൊവിഡ് ബാധിച്ചവരെയും വാക്‌സിനേഷന്‍ എടുത്തവരെയും രോഗബാധിതരാക്കാനും, ശരീരങ്ങളിലേക്ക് അതിവേഗം തന്നെ കടന്നുകയറാനും ശേഷിയുള്ളതാണ് ബി.എഫ്.7 എന്നതും ഈ വകഭേദത്തെ അപകടകാരിയാക്കുന്നുണ്ട്.

നിലവില്‍ ചൈനയെ കൂടാതെ യു.എസ്, ബ്രിട്ടണ്‍, ബെല്‍ജിയം, ജര്‍മനി, ഫ്രാന്‍സ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നത തല യോഗത്തില്‍ ഇന്ത്യയില്‍ നിലവില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ പുതിയ വകഭേദങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ശക്തമായ നിരീക്ഷണം നടത്താനാണ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണോയെന്നും യോഗത്തില്‍ പരിശോധിച്ചു.

യോഗത്തെ കുറിച്ച് ആരോഗ്യമന്ത്രി തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ചില രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യരംഗത്തെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി രാജ്യത്തെ സ്ഥിതിഗതികള്‍ പരിശോധിച്ചു. കൊവിഡ് ഇതുവരെയും പൂര്‍ണമായും ഒഴിഞ്ഞു പോയിട്ടില്ല.

എല്ലാവരോടും ജാഗ്രത പാലിക്കണമെന്നും നിരീക്ഷണം വര്‍ധിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ നമ്മള്‍ തയ്യാറാണ്,’ മന്‍സുഖ് മാണ്ഡവ്യയുടെ പോസ്റ്റില്‍ പറയുന്നു.

മന്ത്രിയുടെ ട്വീറ്റിന് പിന്നാലെ നീതി ആയോഗിലെ ആരോഗ്യ വിഭാഗത്തിന്റെ ചുമതലയുള്ള ഡോ. വിനോദ് കുമാര്‍ പോള്‍, പഴയതുപോലെ മാസ്‌ക് ധരിക്കുന്ന ശീലത്തിലേക്ക് മടങ്ങണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എത്രയും വേഗം കൊവിഡ് വാക്സിനെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തിരക്കുള്ള സ്ഥലമാണെങ്കില്‍, ഇന്‍ഡോറാണെങ്കിലും ഔട്ട്ഡോറാണെങ്കിലും മാസ്‌ക് ധരിക്കണം. പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വെച്ചു പുലര്‍ത്തണം. രാജ്യത്ത് ഇതുവരെ 28% പേരേ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളു. ബാക്കിയെല്ലാവരും, പ്രത്യേകിച്ച് പ്രായമായവര്‍ എത്രയും വേഗം വാക്സിനെടുക്കണം,’ ഡോ. വിനോദ് കുമാര്‍ പോള്‍ പറഞ്ഞു.

Content Highlight: Covid new variant BF7 reported in India