Kerala News
200 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ; കൂടുതൽ കേസുകൾ എറണാകുളത്തും തിരുവനന്തപുരത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 23, 04:41 am
Thursday, 23rd March 2023, 10:11 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം ആയിരത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 210 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഇത് 175 ആയിരുന്നു. കൊവിഡ് കേസുകൾ വർധിക്കുന്ന സാ​ഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കണമെന്ന് ആരോ​ഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. മാസ്ക് സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർ​ദേശമുണ്ട്.

എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് നിലവിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നാണ് റിപ്പോർട്ട്.

ആശുപത്രികളോട് കൊവിഡ് സർജ് പ്ലാൻ തയ്യാറാക്കാനും ആരോ​ഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കേസുകൾ കൂടുന്നതിനാൽ വേണ്ട സജ്ജീകരണങ്ങൾ നടത്താൻ ജില്ലകൾക്കും നിർദേശം കിട്ടിയിട്ടുണ്ട്. കേസുകൾ ഉയർന്നാൽ ഉപയോഗിക്കാൻ ഐ.സി.യു, വെൻ്റിലേറ്റർ സംവിധാനങ്ങൾ തയ്യാറാക്കിവെക്കണമെന്നും നിർദേശമുണ്ട്.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് വ്യാപനം സംബന്ധിച്ച് ഉന്നതലയോഗം ചേർന്നിരുന്നു. നിലവിലെ സ്ഥിതി​ഗതികൾ പരിശോധിച്ച് ഒരാഴ്ചക്ക് ശേഷം വീണ്ടും പരിശോധിക്കുമെന്നും നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ടോ എന്നത് സംബന്ധിച്ച തീരുമാനം അതിന് ശേഷം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡിനൊപ്പം പനിയും അനുബന്ധ അസുഖങ്ങളും വ്യാപകമാകുന്നുണ്ടെന്നും ഈ പശ്ചാത്തലത്തിൽ കൃത്യമായ സജ്ജീകരണങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ചേർന്ന യോ​ഗത്തിൽ വ്യക്തമാക്കി.

Content Highlight: Covid cases increasing in Kerala, More cases reported from Ernakulam and Trivandrum