കൊറോണ: ഈ കാര്യങ്ങള്‍ ഒരു കാരണവശാലും വിട്ടു പോകരുത്
ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തില്‍ വീണ്ടും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ഈ ഘട്ടത്തില്‍ ഭയമല്ല വേണ്ടത് ജാഗ്രതയാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചും, കരുതലോടെ മുന്നോട്ട് നീങ്ങിയും നമുക്കും രോഗ വ്യാപനം തടയുന്നത് സഹായിക്കാന്‍ കഴിയും.
മുന്‍ കരുതലുകള്‍ ഇവയൊക്കെ

1. കഴുകാത്ത കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടരുത്.

2. കൈകള്‍ സോപ്പ് ഉപയോഗിച്ച് പലവട്ടം വൃത്തിയായി കഴുകുന്നത് ശീലമാക്കുക. കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും കൈകള്‍ ഉരച്ച് കഴുകണം. കൈ കഴുകാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കുക. ആല്‍ക്കഹോള്‍ ബേസ്ഡ് സാനിറ്റൈസറാണ് ഉപയോഗിക്കേണ്ടത്.

3. രോഗികളുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. അനാവശ്യ ആശുപത്രി സന്ദര്‍ശനവും ഒഴിവാക്കണം.

4. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആശുപത്രിയിലേക്ക് വരുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മട ങ്ങിവരുന്നവരും ഇത്തരത്തിലുള്ളവരെ പരിചരിക്കുന്നവരും മാസ്‌ക് ഉപയോഗിക്കണം. മാസ്‌ക് കഴുത്തിനു താഴെ താഴ്ത്തുകയോ, മുക്കിനു താ ഴെവച്ച് കെട്ടുകയോ ചെയ്യരുത്.

5. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായയും മറച്ച് പിടിക്കുക.

6. മല്‍സ്യമാംസാദികള്‍ നന്നായി പാകം ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക.

7. രോഗ ലക്ഷണങ്ങളുളള കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതിരിക്കാം. സ്‌കൂളുകളില്‍ നിന്ന് അധ്യാപകര്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് രോഗത്തെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും പറഞ്ഞ് കൊടുക്കണം.

8. സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്. കഴിവതും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ മാത്രം അനുസരിക്കുക.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കിയി്ട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 എന്നീ കോള്‍ സെന്ററിലെ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്