ദില്ലി റോള്കസിന്റെ ഗാങ്ങാണോ?
അനുപമ മോഹന്‍

കൈതി കണ്ടവര്‍ക്ക് വിക്രം പെട്ടെന്ന് കലങ്ങും, വിക്രമില്‍ ഒരുപാട് കൈതി റഫറന്‍സ് ഉണ്ടെന്നും പറഞ്ഞ് സിനിമാ ഗ്രൂപുകളില്‍ വന്‍ ചര്‍ച്ചകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. രണ്ടു ടൈപ്പ് ഓഫ് ഓഡിയന്‍സ് ആണ് പ്രധാനമായും വിക്രമിനുണ്ടായിരുന്നത്. കൈതി കണ്ട് വിക്രം കണ്ടവരും കൈതി കാണാതെ വിക്രം കണ്ടവരും. വിക്രം റീലാസായപ്പോള്‍ പലരും ടെലിഗ്രാമില്‍ കൈതി സിനിമയുടെ ഫയലിനു വേണ്ടി മാരക തിjച്ചിലായിരുന്നു. ഇതൊക്കെ ഞാന്‍ ആദ്യം പറഞ്ഞ ഈ വിക്രം കൈതി കണക്ഷന്‍ കണ്ടുപിടിക്കാന്‍ വേണ്ടിയാണ്.

റിലീസായതുമുതല്‍ എല്ലായിടത്തും വിക്രമിനെ കുറിച്ചുള്ള പല പല സംസാരങ്ങളായിരുന്നു. വിക്രമിലെ കാസ്റ്റും കമല്‍ഹാസന്റെ ഒരു കുഞ്ഞു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവും സിനിമയുടെ മെയ്ക്കിങുമെല്ലാം ചര്‍ച്ചയായി. അക്കൂട്ടത്തില്‍ കൈതിയും വിക്രമും തമ്മിലുള്ള സാമ്യങ്ങളും ആളുകളില്‍ കൗതുകമുണ്ടാക്കി. പിന്നെ സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞ യൂണിവേഴ്‌സിന്റെ തുടക്കം കൂടിയാണ് ഈ സാമ്യങ്ങളിലൂടെ ആളുകള്‍ കണ്ടുപിടിച്ചത്.

രണ്ടു സിനിമകളുടെയും കഥാപരിസരങ്ങള്‍ തമ്മില്‍ അത്ര പ്രധാനപ്പെട്ട ബന്ധങ്ങളൊന്നും തന്നെയില്ല. അതുകൊണ്ട് തന്നെ കൈതി കണ്ടാലേ വിക്രമിലെ പല സീനുകളും മനസ്സിലാകൂ എന്നൊന്നുമില്ല. പക്ഷെ കൈതിയിലെ ചില സിംബലുകളും ചില കാരക്ടറുകളും ചില പ്ലോട്ടുകളും ഈ സിനിമയിലും വരുന്നുണ്ട്.

ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ട് ശീലിച്ച ഒരേ യൂണിവേഴ്സില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍ വ്യത്യസ്ത ചിത്രങ്ങളില്‍ വന്നു പോകുന്ന രീതിയാണ് ലോകേഷ് വിക്രമിലും പരീക്ഷിച്ചിരിക്കുന്നത്. മാര്‍വല്‍ യൂണിവേഴ്‌സ് പോലെ അങ്ങനെ ലോകേഷ് യൂണിവേഴ്‌സില്‍ റിപ്പീറ്റ് ചെയ്ത വരുന്ന കാരക്ടറുകളെ കുറിച്ച് നമുക്ക് ആദ്യം പറയാം. നരേന്‍ ഈ രണ്ട് ചിത്രത്തിലും ഒരേ പേരുള്ള പോലീസ് കാരക്ടര്‍ ആണ്. ഇന്‍സ്പെക്ടര്‍ ബിജോയ്. കൈതിയില്‍ കാര്‍ത്തിയുടെ ക്യാരക്ടറായ ദില്ലിയുടെ കൂടെയുള്ള ഇന്‍സ്പെക്ടര്‍ ബിജോയ് തന്നെയാണ് വിക്രമിലുമുള്ളത്. മാത്രവുമല്ല ദില്ലിയും ഒരു പയ്യനും ബിജോയും ലോറിയില്‍ ഒന്നിച്ച് പോകുന്ന രംഗങ്ങള്‍ ഈ സിനിമയിലും കാണിക്കുന്നുണ്ട്. ദില്ലിയുടെ മുഖം കാണിച്ചുകൊണ്ടുള്ള ഫ്രെയിം ഈ ചിത്രത്തില്‍ വരുന്നില്ല എന്ന് മാത്രം.

കൈതിയിലെ സംഭവങ്ങള്‍ക്ക് ശേഷം ഇന്‍സ്‌പെക്ടര്‍ ബിജോയിയുടെ ജീവിതത്തില്‍ ചില ദുരന്തങ്ങള്‍ സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് വിക്രമിലെത്തുമ്പോള്‍ ബിജോയിയുടെ ക്യാരക്ടര്‍ അതില്‍ കാണുന്ന മോഡിലാകുന്നത്.

കൈതിയില്‍ ഏറെ ശ്രദ്ധിക്കപെട്ട അര്‍ജുന്‍ ദാസ് ചെയ്ത അന്‍പ് വിക്രമിലും വരുന്നുണ്ട്. സൂര്യയുമായുള്ള കോമ്പിനേഷന്‍ സീനുകളൊക്കെ വിക്രമില്‍ അര്‍ജുന്‍ ദാസിനുണ്ടായിരുന്നു. കൈതിയില്‍ മരിച്ച കാരക്ടര്‍ എങ്ങനെ വിക്രമത്തില്‍ തിരിച്ചു വന്നു എന്ന ചോദ്യം പ്രൊമോഷന്‍ പരിപാടികളില്‍ വെച്ച് ലോകേഷിനോട് പലരും ചോദിച്ചിരുന്നു. അന്‍പ് എന്ന അര്‍ജുന്‍ ദാസിന്റെ കഥാപാത്രം മരിച്ചിട്ടില്ലെന്നും കഴുത്തിനു പരിക്കേറ്റതിന്റെ പാട് കൃത്യമായി കാണിക്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൈതി 2 വില്‍ അന്‍പുമുണ്ടാകുമെന്ന് സാരം.

കൈതിയില്‍ ഹരീഷ് പേരടി ചെയ്ത സ്റ്റീഫന്‍ രാജ് എന്ന കഥാപാത്രം അതെ പേരില്‍ തന്നെ വിക്രമിലും വരുന്നുണ്ട്. ഹരീഷ് ഉത്തമന്റെ ക്യാരക്ടറും ഇതേ പോലെ റിപ്പീറ്റ് ചെയ്യുന്ന ഒന്നാണ്. ഇത്രയും പേരുടെ ലൈഫില്‍ വിക്രമിലെ കഥാഗതി നടക്കുന്ന സമയം ആകുമ്പോഴേക്കും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്, അതിനെല്ലാമുള്ള ഉത്തരം കൈതി രണ്ടാം ഭാഗത്തിലുണ്ടായിരിക്കുമെന്നാണ് കരുതുന്നത്.

ഇനി കൈതിയിലെ ഏതൊക്കെ സിമ്പല്‍സ് ആണ് വിക്രമില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് നോക്കാം. വിക്രം സിനിമയുടെ തുടക്കത്തില്‍ കാളിദാസ് ജയറാം ചെയ്ത എസിപി പ്രപഞ്ചന്‍ എന്ന കഥാപാത്രം ചുമന്നു കൊണ്ടുപോകുന്ന മയക്കുമരുന്ന് നിറച്ച ചാക്കിനു പിന്നില്‍ തേള്‍ ചിഹ്നം കാണാന്‍ സാധിക്കുന്നതാണ്. ഇതും കൈതി റഫറന്‍സ് ആണ്. കാരണം കൈതിയില്‍ ദില്ലിയുടെ കയ്യില്‍ ഇതേ തേള്‍ ചിഹ്നം ടാറ്റൂ ചെയ്തിട്ടുണ്ട്. കൈതിയില്‍ അവര്‍ പിടിക്കുന്ന മയക്കുമരുന്നിന്റെ ചാക്കിലും വിക്രമില്‍ പ്രപഞ്ചനും കര്‍ണ്ണനും പിടിക്കുന്ന മയക്കുമരുന്നിന്റെ ചാക്കിലുമൊക്കെ ഇതേ തേളിനെ നമുക്ക് കാണാന്‍ സാധിക്കും.

പ്ലോട്ടുകള്‍ തമ്മിലും ചില സാമ്യങ്ങളുണ്ട്. രണ്ട് ചിത്രത്തിലും മയക്കുമരുന്ന് പിടിച്ചെടുക്കുന്നതും ഗുണ്ടാ ടീമുകളുമായുള്ള സ്റ്റന്‍ഡുമെല്ലാം കടന്നു വരുന്നുണ്ട്. ഈ രണ്ടു സിനിമയിലും മയക്കുമരുന്ന് ഡീലിങ്‌സ് നടത്തുന്നത് ഒരേ ടീമാണ്. സൂര്യ ചെയ്ത റോളെക്‌സിന്റെ ഗാങ്ങില്‍ പെട്ടവരാണ് ഇവരെല്ലാം തന്നെ. ഇതെല്ലാം അന്വേഷിച്ചെത്തുന്ന പൊലീസുകാരും ഏജന്റുമാരും ഇതേ രീതിയില്‍ ആവര്‍ത്തിക്കുന്നുണ്ട്.

വിക്രം രണ്ടാം ഭാഗം ഇറങ്ങുമ്പോഴേക്കും കൈതി ആദ്യ ഭാഗവും രണ്ടാം ഭാഗവും വിക്രം ആദ്യ ഭാഗവും കണ്ടിരിക്കേണ്ടി വരും. എന്നാലേ മൊത്തം സംഭവം പിടി കിട്ടുകയുള്ളു. ഇനി ഇതിലേക്ക് ജെ.ഡിയും ഭവാനിയും കൂടി വരുമോയെന്ന ചോദ്യങ്ങളും ആരാധകര്‍ പോസ്റ്റുകളിട്ട് ചോദിക്കുന്നുണ്ട്.

സ്‌പൈഡര്‍മാന്‍ നോ വേ ഹോം ഇറങ്ങിയ സമയത്ത് ഇറങ്ങിയ മാര്‍വല്‍ യൂണിവേഴ്‌സിലെ മിനിമം 15 പടമെങ്കിലും കണ്ടാലേ ഈ മൊത്തം സംഭവം പിടി കിട്ടൂ എന്ന ട്രോളൊക്കെ ഇറങ്ങിയിരുന്നു. അതുപോലെ ലോകേഷ് യൂണിവേഴ്‌സ് സിനിമകള്‍ ഇറങ്ങുമ്പോഴും ലോകേഷ് യൂണിവേഴ്‌സ് ഫാന്‍സ് പറയാന്‍ ചാന്‍സുണ്ട്.

Content Highlight: Connecion between Vikram and Kaithi