മോദിയുടെ അനുഗ്രഹം തുടര്‍ന്നും ലഭിക്കാന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് നദ്ദ; ഇന്ത്യയിലെ ജനങ്ങള്‍ ആരുടെയും പ്രജകളല്ലെന്ന് കോണ്‍ഗ്രസ്
national news
മോദിയുടെ അനുഗ്രഹം തുടര്‍ന്നും ലഭിക്കാന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് നദ്ദ; ഇന്ത്യയിലെ ജനങ്ങള്‍ ആരുടെയും പ്രജകളല്ലെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th April 2023, 11:53 pm

ബെംഗളൂരു: ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കര്‍ണാടകയോടുള്ള മോദിയുടെ അനുഗ്രഹം ഇല്ലാതാവുമെന്ന ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്. കര്‍ണാടകയിലെ ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് വാങ്ങാനുള്ള ശ്രമങ്ങളാണ് നദ്ദ നടത്തിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

പരാമര്‍ശം കന്നട മക്കളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതിന് തുല്ല്യമാണെന്നും ഇത് ജനാധിപത്യ രാജ്യമാണെന്ന് ബി.ജെ.പി മറക്കരുതെന്നും കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

‘അഴിമതിക്കാരായ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കന്നട മക്കളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ തടഞ്ഞ് വെക്കുമെന്നാണ് ജെ.പി. നദ്ദ ഭീഷണിപ്പെടുത്തിയത്. ഇത് ജനാധിപത്യത്തിന്റെ മേലുള്ള ആക്രമണമാണ്.

കര്‍ണാടകയില്‍ ഭീഷണിപ്പെടുത്തി വോട്ട് നേടാനുള്ള ബി.ജെ.പിയുടെ തന്ത്രത്തിന് ഉദാഹരണമാണ്. ഏതെങ്കിലും രാജാക്കന്‍മാരുടെ കീഴില്‍ കഴിയുന്ന പ്രജകളല്ല നമ്മള്‍. ഭരണഘടന നിലനില്‍ക്കുന്ന ഫെഡറല്‍ രാജ്യത്തെ പൗരന്‍മാരാണ്,’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

വിഷയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തിയിട്ടുണ്ട്. എന്തിനാണ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നും ഭക്തിക്കും ഒരു പരിധിയുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. കന്നട ജനങ്ങളുടെ ആശീര്‍വാദത്തോടെ ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം കര്‍ണാടകയിലെ ഹവേരിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് വിവാദ പരാമര്‍ശം നടത്തിയത്. വികസനത്തിന്റെ ഗംഗാ നദി കര്‍ണാകയില്‍ തുടര്‍ന്നും ഒഴുകണമെങ്കില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാണ് നദ്ദ പറഞ്ഞത്.

മോദിയുടെ അനുഗ്രഹത്തില്‍ നിന്ന് കര്‍ണാടകയെ മാറ്റി നിര്‍ത്താന്‍ കാരണമാകരുതെന്നും വികസന കുതിപ്പ് തുടരാന്‍ താമരക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവിലെ കര്‍ണാടക മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈയുടെ സിറ്റിങ് മണ്ഡലമാണ് ഹവേരി. 2018 തെരഞ്ഞെടുപ്പില്‍ കോണ്‍സ് സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂസഫിനെ തോല്‍പ്പിച്ചാണ് ബൊമ്മൈ നിയമസഭയിലേക്കെത്തിയത്.

Content Highlight: congress tewwt against jp nadha