ഭോപ്പാല്‍: നര്‍മദയിലേക്ക് മദ്യമൊഴുക്കിവിട്ട സംസ്ഥാനത്തെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതൃത്വം. നദിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലം പാലിച്ചു മാത്രമേ മദ്യശാലകള്‍ സ്ഥാപിക്കാവൂ എന്ന നിര്‍ദ്ദേശം നടപ്പില്‍ വരുത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയിലാണ് യൂണിഫോമിട്ട ഉദ്യോഗസ്ഥര്‍ ഡ്രമ്മുകളില്‍ മദ്യം കൊണ്ടുവന്ന് നര്‍മദയിലേക്ക് ഒഴുക്കിവിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ നടന്ന സംഭവത്തെ കോണ്‍ഗ്രസ് ശക്തമായി അപലിച്ചു. സംസ്ഥാനത്തിന്റെ ജീവരേഖയായ നര്‍മദയെ മലിനപ്പെടുത്തുകയും “അശുദ്ധ”മാക്കുകയും ചെയ്ത എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതികെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു.
വ്യാജമദ്യക്കടത്തില്‍ പിടിക്കപ്പെട്ട മദ്യ ഡ്രമ്മുകള്‍ കാക്കിധാരികളായ ഉദ്യോഗസ്ഥര്‍ നദിയിലേക്ക് ഒഴുക്കിവിടുന്നതിന്റെ ദൃശ്യങ്ങള്‍ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
Also Read: പുല്‍വാമയില്‍ തീവ്രവാദി ആക്രമണം; ഒരു സി.ആര്‍.പി.എഫ് ജവാന്‍ മരിച്ചു
എന്നാല്‍, ഒഴുക്കിക്കളഞ്ഞത് മദ്യമല്ലെന്നും, മദ്യത്തിന്റെ ഉല്‍പാദനത്തില്‍ ഭാഗമായ ഒരു പ്രാഥമിക ചേരുവ മാത്രമാണെന്നുമാണ് എക്‌സൈസ് വകുപ്പിന്റെ വിശദീകരണം. “നര്‍മദയുടെ പവിത്രതെയക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. അതിനെ അശുദ്ധമാക്കുന്ന ഒരു പ്രവൃത്തിക്കും ഞങ്ങള്‍ കൂട്ടുനില്‍ക്കില്ല.” ധര്‍ അസിസ്റ്റന്റ് എക്‌സൈസ് ഓഫീസര്‍ ശരദ് ചന്ദ്ര നിഗം പറഞ്ഞു.
മദ്യം ഒഴുക്കിവിട്ടതു വഴി ഉദ്യാഗസ്ഥര്‍ വലിയ കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് സംസ്ഥാനത്തെ മുന്‍ കോണ്‍ഗ്രസ് വക്താവ് കെ.കെ. മിശ്ര പറയുന്നു. ഹിന്ദുമത വിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നതാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നദി മലിനമാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.