തെറിവിളിച്ച് മോട്ടിവിഷം വിതറുന്ന അനിലിന് പ്രതിഫലം ലക്ഷങ്ങള്‍; പഠനങ്ങളുടെ പിന്‍ബലത്തില്‍ പ്രഭാഷണം നടത്തുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രതിഫലം 2400 രൂപയും: വി.ടി ബല്‍റാം
കോഴിക്കോട്: പ്രസംഗത്തിനിടെ അസഭ്യവാക്കുകള്‍ പറഞ്ഞതിനെ തുടര്‍ന്ന് ബിസിനസ് മോട്ടിവേറ്റര്‍ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തിവെച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. പ്രസംഗം കേട്ടിരിക്കുന്ന ആളുകളെ തെറിവിളിച്ച് മോട്ടിവേഷന്‍ നല്‍കുന്ന അനില്‍ ബാലചന്ദ്രന് ലഭിക്കുന്ന പ്രതിഫലത്തെ ചൂണ്ടിക്കാട്ടിയാണ് വി.ടി. ബല്‍റാമിന്റെ പ്രതികരണം.
കേട്ടിരിക്കുന്ന ആളുകളെ തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനില്‍ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ പ്രതിഫലം. ഗഹനമായ പഠനങ്ങളുടെയും മൗലികമായ വീക്ഷണങ്ങളുടേയും പിന്‍ബലത്തില്‍ പ്രഭാഷണം നടത്തുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പ്രതിഫലം വെറും 2,400 രൂപ എന്ന് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
മാര്‍ക്കറ്റ് ഡിമാന്‍ഡ് അനുസരിച്ച് വിഷയത്തിനും പ്രഭാഷകനുമുള്ള മൂല്യവ്യത്യാസത്തെ ഒരു പരിധിവരെ ഉള്‍ക്കൊള്ളാനാവുമെന്ന് ബല്‍റാം പറയുന്നു. എന്നാല്‍ വ്യക്തിപരമായ വളര്‍ച്ചയും പൊതുവായ സാമൂഹിക കാര്യങ്ങളും തമ്മില്‍ താരതമ്യമുണ്ടാവുമ്പോള്‍ മലയാളികള്‍ ഓരോന്നിനും നല്‍കുന്ന വെയ്‌റ്റേജ് തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തുന്നതാണെന്ന് വി.ടി. ബല്‍റാം ചൂണ്ടിക്കാട്ടി.
മെയ് 21, 22 തീയ്യതികളില്‍ കോഴിക്കോട് വെച്ച് നടന്ന സി.എസ്.ഡബ്ല്യൂ.എയുടെ ബിസിനസ് കോണ്‍ക്ലേവില്‍ അനില്‍ ചന്ദ്രന്‍ നടത്തിയ പ്രസംഗമാണ് വിവാദത്തിന് ആസ്പദമായ സംഭവം. അയ്യായിരത്തോളം ആളുകള്‍ പങ്കെടുക്കാനിരുന്ന ചടങ്ങില്‍ പ്രശസ്ത പാട്ടുകാരി സിത്താരയുടേതടക്കം നിരവധി പരിപാടികള്‍ ഉണ്ടായിരുന്നു.
രണ്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പരിപാടിയില്‍ അനില്‍ ബാലചന്ദ്രന്‍ എത്തിയത് മൂന്ന് മണിയോടടുത്തായിരുന്നു. പ്രസംഗത്തില്‍ നിരന്തരമായി അസഭ്യവാക്കുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ രോഷാകുലരാവുകയായിരുന്നു.
നിങ്ങള്‍ എന്തിനാണ് ബിസിനസുകാരെ തെറി വിളിക്കുന്നതെന്ന് ചോദിച്ച് കൊണ്ട് കാണികളിലൊരാള്‍ മുന്നോട്ട് വന്നതോടെ നിരവധിപേര്‍ പിന്നാലെ പ്രതിഷേധിക്കുകയായിരുന്നു. നിരവധിപേര്‍ അനിലിനെതിരെ രംഗത്തെത്തിയതോടെ സംഘാടകര്‍ പരിപാടി നിര്‍ത്തിവെക്കുകയായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-
കേട്ടിരിക്കുന്ന ആളുകളെ തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനില്‍ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ പ്രതിഫലം. കാരണം ഇവിടെ കേള്‍വിക്കാര്‍ പ്രതീക്ഷിക്കുന്നത് അവരവരുടെ വ്യക്തിപരമായ വികാസവും സാമ്പത്തിക അഭിവൃദ്ധിയുമാണ്.
എന്നാല്‍ ഗഹനമായ പഠനങ്ങളുടെയും മൗലികമായ വീക്ഷണങ്ങളുടേയും പിന്‍ബലത്തില്‍ രണ്ട് മണിക്കൂര്‍ പ്രഭാഷണം നടത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പ്രതിഫലം വെറും 2,400 രൂപ! ഇവിടെ വിഷയം മഹാകവി കുമാരനാശാന്റെ കവിതകളിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്ന കേരളത്തിന്റെ പൊതുവായ ചില രാഷ്ട്രീയ, സാമൂഹിക കാര്യങ്ങള്‍.
ഇപ്പോഴത്തെ വിവാദത്തില്‍ എനിക്ക് താത്പര്യം തോന്നിയത് ഈയൊരു ആംഗിളിലാണ്. മാര്‍ക്കറ്റ് ഡിമാന്‍ഡ് അനുസരിച്ച് വിഷയത്തിനും പ്രഭാഷകനുമുള്ള മൂല്യവ്യത്യാസത്തെ ഒരു പരിധിവരെ ഉള്‍ക്കൊള്ളാനാവുന്നുണ്ട്. എന്നാല്‍ വ്യക്തിപരമായ വളര്‍ച്ചയും പൊതുവായ സാമൂഹിക കാര്യങ്ങളും തമ്മില്‍ താരതമ്യമുണ്ടാവുമ്പോള്‍ മലയാളികള്‍ ഓരോന്നിനും നല്‍കുന്ന വെയ്‌റ്റേജ് തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തുന്നതാണ്.
ഒരു സമൂഹമെന്ന നിലയില്‍ കേരളത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്കകള്‍ക്കും ഒരു കാരണം ഇതാണ്.
Content Highlight: V.T. Balram reacted to the incident of business motivator Anil Balachandran’s program being stopped