ബെംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് അറുതിവരുത്താന്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്. ചര്‍ച്ചയ്ക്കുശേഷം അന്നേദിവസം രാവിലെ 11 മണിക്കാവും വിശ്വാസ വോട്ടെടുപ്പ് തുടങ്ങുക.
രാജിക്കാര്യത്തില്‍ സ്പീക്കറുടെ അന്തിമതീരുമാനം വൈകിയതോടെ ഇന്ന് സംസ്ഥാനത്തെ എം.എല്‍.എമാര്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന ആവശ്യവുമായി അദ്ദേഹത്തെ സമീപിച്ചിരുന്നു. കോണ്‍ഗ്രസ്, ജെ.ഡി.എസ്, ബി.ജെ.പി എം.എല്‍.എമാരാണ് ഇന്നു രാവിലെ സ്പീക്കര്‍ രമേശ് കുമാറിനെ കാണാനെത്തിയത്. ഈയാവശ്യമുന്നയിച്ച് ഇവര്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി.
ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പയുടെ ആവശ്യമെങ്കിലും ഇത് അംഗീകരിച്ചില്ല. അതിനിടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ നാളെ തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്.
അതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടികാഴ്ച്ച ഒഴിവാക്കുന്നതിനായി കര്‍ണ്ണാടകയില്‍ നിന്നും രാജി സമര്‍പ്പിച്ച 14 വിമത എം.എല്‍.എമാര്‍ വീണ്ടും മുംബൈ പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലിഖാര്‍ജ്ജുന ഗാര്‍ഗെയും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും വിമത എം.എല്‍.എമാരെ കാണുന്നതിനായി ഹോട്ടലില്‍ എത്തിയിരുന്നു. പിന്നാലെയാണ് വിമത എം.എല്‍.എ മാര്‍ മുംബൈ പൊലീസിന് കത്തയച്ചത്.
കത്തില്‍ ഇവരെ കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. കൂടികാഴ്ച്ച നടത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമത എം.എല്‍.എ മാര്‍ നേരത്തെ ഹെക്കോടതിയേയും സമീപിച്ചിരുന്നു.
മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന രാജിവെച്ച എം.എല്‍.എമാരെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ എന്നറിയപ്പെടുന്ന ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഹോട്ടലിന് ഉള്ളിലേക്ക് കടക്കാന്‍ മുംബൈ പൊലീസ് അനുവദിച്ചില്ല. തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എം.എല്‍.എമാര്‍ മുംബൈ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.
അതേസമയം കോണ്‍ഗ്രസിന്റെ ഇടപെടലിനെ തുടര്‍ന്ന് രാജി പിന്‍വലിച്ച് കോണ്‍ഗ്രസില്‍ തുടരുമെന്ന് വ്യക്തമാക്കിയ എം.ടി.ബി നാഗരാജ് ഉള്‍പ്പെടെയുള്ള മൂന്ന് എം.എല്‍.എമാര്‍ ഇന്നലെ മുംബൈയിലെത്തിയിരുന്നു.
നാഗരാജിനു പുറമേ കെ. സുധാകര്‍, മുനിരത്ന നായിഡു എന്നിവരാണ് ബെംഗളൂരു വിട്ട് വീണ്ടും മുംബൈയിലേക്കു പറന്നത്. മുംബൈയിലുള്ള മറ്റു വിമത എം.എല്‍.എമാര്‍ക്കൊപ്പം ഇവരും ചേര്‍ന്നേക്കാനാണു സാധ്യത. ബി.ജെ.പിയാണ് വിമതരുടെ അപ്രതീക്ഷിത നീക്കത്തിനു പിന്നിലെന്ന് ആരോപണമുണ്ട്.