Advertisement
D' Election 2019
കെ.കെ രമയെ പിന്തുണയ്‌ക്കേണ്ട: വടകരയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കാന്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 15, 05:11 am
Friday, 15th March 2019, 10:41 am

 

കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കാന്‍ തീരുമാനം. നേരത്തെ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമയെ പിന്തുണയ്ക്കാമെന്ന തരത്തില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ അത്തരമൊരു നീക്കത്തിലേക്ക് പോകേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.

ആലപ്പുഴ, വയനാട്, വടകര, ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലാണ് ഇപ്പോള്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്. ടി. സിദ്ദിഖിനെ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെ നിര്‍ത്താനും ആലോചന നടക്കുന്നുണ്ട്.

ഇടുക്കി സീറ്റ് ഉള്‍പ്പെടെ ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വ്യക്തമാക്കി. ഇടുക്കിയില്‍ പി.ജെ ജോസഫിനെ യു.ഡി.എഫ് സ്വതന്ത്രമായി മത്സരിപ്പിക്കാന്‍ ആലോചന നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇടുക്കി വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്റ്.

പി.ജെ ജോസഫ് വിഭാഗം കോണ്‍ഗ്രസുമായുള്ള സമവായ ചര്‍ച്ചയില്‍ ഉയര്‍ന്ന പല നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്വതന്ത്രന്‍ എന്നുള്ളത്. ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് ഇതിനെ ഗൗരവമായി എടുത്തിട്ടില്ല.

പി.ജെ ജോസഫിന് ഒരു സീറ്റ് അധികം നല്‍കിയാല്‍ മുസ്‌ലിം ലീഗും സീറ്റ് അധികം ചോദിക്കും. ഇത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്കു വഴിവെക്കുമെന്ന വിലയിരുത്തലിലായിരുന്നു കോണ്‍ഗ്രസ് ഇത്തരമൊരു ആലോചനയില്‍ നിന്ന് വിട്ടുനിന്നത്.

Also read:“പുറത്തു പോയില്ലെങ്കില്‍ പുറത്താക്കും”; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് സഭയുടെ അന്ത്യശാസനം

അതിനിടെ, അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ മത്സരിക്കും. കെ.സി വീണുഗോപാല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകളുമുണ്ട്. ഉമ്മന്‍ചാണ്ടി മത്സരിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു സമിതി കൈക്കൊള്ളും.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള നിര്‍ണായക സ്‌ക്രീനിങ് കമ്മിറ്റിയോഗം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ദല്‍ഹിയില്‍ ചേരുന്നുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമാകുമെന്നാണ് റിപ്പോര്‍ട്ട്.