കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയെ തുടര്‍ന്ന് റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ നിന്ന് സ്വീകരിക്കാന്‍ മെന്‍സ് അസോസിയേഷന്‍. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കാക്കനാട് ജില്ലാ ജയിലിന്റെ മുന്നിലേക്ക് മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.
ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ആരാധകരും കാക്കനാട് ജയിലിന് മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്.
ബോബി ചെമ്മണ്ണൂരിന് പിന്തുണ അറിയിച്ചുകൊണ്ട് മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും സ്ഥലത്തുള്ള മറ്റ് ആളുകള്‍ ബാനറുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും ഉയര്‍ത്തിയിട്ടുണ്ട്.
നമുക്ക് ഒരുമിച്ച് മുന്നേറാം എന്നെഴുതിയ ബാനറുമായാണ് മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. ജില്ലാ ജയിലിന് മുമ്പില്‍ പടക്കം പൊട്ടിക്കാനുള്ള പ്രവര്‍ത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. നേരത്തെയും സമാനമായ സംഭവങ്ങള്‍ ജില്ലാ ജയിലിന് മുമ്പാകെ ഉണ്ടായിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനി, കെ.എസ്.ആര്‍.ടി.സി ബസിലെ നഗ്‌നത പ്രദര്‍ശന കേസിലെ പ്രതി സവാദ് ഷാ എന്നിവരെ സ്വീകരിക്കാനും മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. പ്രതികളെ മെന്‍സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും മെന്‍സ് അസോസിയേഷന്‍ പറഞ്ഞിരുന്നു.
അതേസമയം ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വേഷത്തിലൂടെയോ രൂപത്തിലൂടെയോ ഒരാള്‍ സ്ത്രീയെ വിലയിരുത്തുമ്പോള്‍ വിലയിരുത്തപ്പെടുന്നത് സ്ത്രീയല്ല സ്വയം അയാള്‍ തന്നെയാണെന്നും കോടതി പറഞ്ഞു. കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബോഡി ഷെയിമിങ് സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. അന്വേഷണവുമായി ബോബി സഹകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ബോബി ചെമ്മണ്ണൂര്‍ നടത്തിയത് ദ്വയാര്‍ത്ഥ പ്രയോഗം അല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
Content Highlight: Men’s Association to welcome Boby Chemmanur, who got bail, from jail