തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഏറ്റവും പുതിയ ഭേദഗതികൾക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹരജി നൽകി
national news
തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഏറ്റവും പുതിയ ഭേദഗതികൾക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹരജി നൽകി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2024, 10:48 pm

ന്യൂദൽഹി: 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ സമീപകാല ഭേദഗതികളെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്ത് കോൺഗ്രസ്. ഡിസംബർ 24 ചൊവ്വാഴ്ചയാണ് ഹരജി ഫയൽ ചെയ്തത്.

ഇലക്‌ട്രോണിക് തെരഞ്ഞെടുപ്പ് രേഖകളുടെ ദുരുപയോഗം തടയുക എന്ന വ്യാജേനെ ചില ഇലക്‌ട്രോണിക് രേഖകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്നും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയാണ് ചെയ്തത്. ഇതിന് വേണ്ടി 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെ 93-ാം ചട്ടം കേന്ദ്രം ഭേദഗതി ചെയ്തിരുന്നു.

തുടർന്നാണ് വിവാദം ഉടലെടുത്തത്. ഇതിൽ സി.സി.ടി.വി ക്യാമറയും വെബ്‌കാസ്റ്റിങ് ദൃശ്യങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ സ്ഥാനാർത്ഥികളുടെ വീഡിയോ റെക്കോർഡിംഗുകളും ഉൾപ്പെടുന്നു. ഭേദഗതി വരുന്നതോടെ ഇവയൊന്നും പൊതുജനങ്ങൾക്ക് വിവരാവകാശ നിയമം വഴി എടുക്കാൻ കഴിയില്ല.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണെന്നും അത് പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹരജി സമർപ്പിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

‘1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ സമീപകാല ഭേദഗതികളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഒരു ഹരജി ഫയൽ ചെയ്തിട്ടുണ്ട്,’ അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ ചുമതലപ്പെടുത്തുന്ന ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ ഏകപക്ഷീയമായി പ്രവർത്തിക്കാൻ അനുവദിക്കാനാവില്ലെന്നും പൊതുജനാഭിപ്രായമില്ലാതെ, ഇത്തരമൊരു സുപ്രധാന നിയമത്തിൽ ഭേദഗതി വരുത്താൻ കഴിയില്ലെന്നും രമേശ് പറഞ്ഞു. ‘തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത അതിവേഗം നശിച്ചുകൊണ്ടിരിക്കുന്നു. അത് പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

Content Highlight: Cong files writ petition in SC against latest amendments to election rules