പുഴയിൽ കണ്ടെത്തിയത് അർജുന്റെ ട്രക്ക് തന്നെ; സ്ഥിരീകരിച്ച് കർണാടക പൊലീസ്
national news
പുഴയിൽ കണ്ടെത്തിയത് അർജുന്റെ ട്രക്ക് തന്നെ; സ്ഥിരീകരിച്ച് കർണാടക പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2024, 5:30 pm

ബെംഗളൂരു: ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത് ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ട്രക്ക് തന്നെയാണെന്ന് സ്ഥിരീകരണം. കണ്ടെത്തിയത് അർജുന്റെ ട്രക്ക് തന്നെയാണ് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു.

വിവരം കർണാടക പൊലീസ് സംസ്ഥാന സർക്കാരിനെ അറിയിച്ചു. തെരച്ചിൽ ആരംഭിച്ച് ഒമ്പതാം ദിവസമാണ് ഈ നിർണായക വിവരം ലഭിക്കുന്നത്. കരയിൽ നിന്ന് 20 മീറ്റർ അകലെ 15 അടി താഴ്ച്ചയിലാണ് ലോറിയുള്ളതാണെന്ന് സോണൽ സിഗ്‌നൽ നൽകുന്ന വിവരം.

അതേസമയം കനത്ത മഴയും കാറ്റും തെരച്ചിലിന് വെല്ലുവിളിയാകുന്നതായാണ് റിപ്പോർട്ട്. നിലവിൽ പുഴയിൽ തെരച്ചിൽ നടക്കുന്നിലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാവിക സേന കരയിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ട്. കനത്ത മഴയെ തുടർന്നാണ് സംഘം കരയിലേക്ക് മടങ്ങിയത്.

നേരത്തെ തെരച്ചില്‍ തുടരുന്ന പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി മന്ത്രി കൃഷ്ണബൈര ഗൗഡ എക്‌സിലൂടെ അറിയിച്ചിരുന്നു. ഏത് ട്രക്കാണ് ഇത് എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും നിലവില്‍ അര്‍ജുന്റെ ട്രക്ക് മാത്രമേ കണ്ടെത്താനുള്ളുവെന്നുമായിരുന്നു പോസ്റ്റ്.

നാവികസേനാ മുങ്ങല്‍വിദഗ്ധര്‍ ഉടന്‍ പുഴയിലെ ഈ ഭാഗത്തിറങ്ങി പരിശോധന ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററും തെരച്ചിൽ നടത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ കനത്ത മഴ തെരച്ചലിന് വെല്ലുവിളിയാകുകയാണെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

ഇന്ന് കര്‍ണാടക ചീഫ് സെക്രട്ടറി ഉന്നത തല യോഗം വിളിച്ചിരുന്നു. അപകട സ്ഥലത്തും അങ്കോള ആശുപത്രിയിലും വാഹനങ്ങള്‍ തയ്യാറായിരിക്കണമെന്നും ഡോക്ടര്‍മാര്‍ സ്ഥലത്തുണ്ടാകണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു.

ഗംഗാവലി നദിയില്‍ കഴിഞ്ഞ ദിവസം റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ സ്ഥലത്ത് നിന്നും ഇന്നലെ സോണാര്‍ സിഗ്‌നലും ലഭിച്ചിരുന്നു. നേരത്തെ ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നദിയില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. എക്‌സവേറ്റര്‍ ഉപയോഗിച്ച് 60 അടി വരെ ആഴത്തിലും നീളത്തിലും  തെരച്ചിൽ സാധ്യമാണ്.

Content Highlight: Confirmation that the truck found in the Gangavali River is the same truck belonging to Kozhikode native Arjun who went missing after a landslide in Shirur