India Pak Boarder
ക്രിക്കറ്റ് മാത്രം പോര പാകിസ്താനില്‍ നിന്നുള്ള സിനിമയും സംഗീതവും വിലക്കണം: ഗൗതം ഗംഭീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 27, 08:51 am
Friday, 27th April 2018, 2:21 pm

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ അയല്‍രാജ്യവുമായുള്ള എല്ലാ ബന്ധങ്ങളിലും നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു ഡല്‍ഹി താരത്തിന്റെ പ്രതികരണം. പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം വിലക്കിയാല്‍ പോരെന്നും സിനിമയും സംഗീതവുമടക്കമുള്ള മറ്റു മേഖലകളിലും വിലക്കേര്‍പ്പെടുത്തണമെന്നും ഗംഭീര്‍ പറഞ്ഞു

“പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ മാത്രം വിലക്കിയിട്ട് കാര്യമില്ല. വിലക്ക് ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് എല്ലാ മേഖലയിലും കൊണ്ടുവരണം. സിനിമ, സംഗീതം, അങ്ങനെ എല്ലാ മേഖലകളിലും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതുവരെ പാകിസ്താനില്‍ നിന്നുള്ള ഒരാള്‍ക്കും ഇന്ത്യയില്‍ പാട്ടു പാടാനോ ക്രിക്കറ്റ് കളിക്കാനോ അഭിനയിക്കാനോ അവസരം നല്‍കരുത്.” ഗംഭീര്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അക്രമസംഭവങ്ങള്‍ക്കെതിരെയാണ് പാക് താരത്തിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്താനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

“ഈ അടുത്തിടെയായി നമ്മള്‍ പാകിസ്താനുമായി രമ്യതാ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തിരുന്നു. എന്നാല്‍ ഒരു തീരുമാനത്തിലുമെത്താന്‍ കഴിഞ്ഞിട്ടില്ല. ഓരോ രാജ്യത്തിനും അതിന്റേതായ പ്രാധാന്യവും ക്ഷമതയുമുണ്ട്. ആദ്യം നമ്മള്‍ സംസാരിച്ചുനോക്കും. അത് ശരിയായില്ലെങ്കില്‍ നമ്മള്‍ പ്രവര്‍ത്തിക്കുക തന്നെ വേണം. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതില്‍ ഒരു കാര്യവുമില്ല.” ഗംഭീര്‍ പറയുന്നു.

നേരത്തെയും സമാനമായ പ്രസ്താവന നടത്തിയ താരമാണ് ഗൗതം ഗംഭീര്‍. അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്താനുമായി ഒരു ബന്ധത്തിനും ഇന്ത്യ തയ്യാറാകരുതെന്ന് 2016 ലും ഗംഭീര്‍ പറഞ്ഞിരുന്നു.