സി.പി.ഐ.എം പ്രവര്‍ത്തകനെ കൊന്ന ബി.എം.എസ് നേതാവിനെ പിരിച്ചുവിടാത്തതെന്ത്; വകുപ്പ് മന്ത്രിയോടും കെ.എസ്.ആര്‍.ടി.സിയോടും ചോദ്യമുയര്‍ത്തി സി.ഐ.ടി.യു
Kerala News
സി.പി.ഐ.എം പ്രവര്‍ത്തകനെ കൊന്ന ബി.എം.എസ് നേതാവിനെ പിരിച്ചുവിടാത്തതെന്ത്; വകുപ്പ് മന്ത്രിയോടും കെ.എസ്.ആര്‍.ടി.സിയോടും ചോദ്യമുയര്‍ത്തി സി.ഐ.ടി.യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th November 2022, 6:46 pm

തിരുവനന്തപുരം: സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന ആനാവൂര്‍ നാരായണന്‍ നായര്‍ കൊലക്കേസിലെ പ്രതി ബി.എം.എസ് നേതാവ് കെ. രാജേഷിനെ കെ.എസ്.ആര്‍.ടി.സി എന്തുകൊണ്ട് പുറത്താക്കുന്നില്ലെന്ന ചോദ്യമുയര്‍ത്തി സി.പി.ഐ.എം അനുകൂല തൊഴിലാളി സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ- സി.ഐ.ടി.യു.

കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്റെ തനിനിറം പുറത്തായ സംഭവമാണ് ആനാവൂര്‍ നാരായണന്‍ നായര്‍ കൊലക്കേസെന്നും കെ.എസ്.ആര്‍.ടി.ഇ.എ- സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എസ്. വിനോദ് പ്രസ്താവനയില്‍ പറഞ്ഞു.

കേസില്‍ ബി.എം.എസ് നേതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജയിലിലായിട്ട് അഞ്ച് ദിവസം കഴിഞ്ഞാണ് സസ്‌പെന്‍ഷന്‍ നടപടിയെന്നും സംഘടന വിമര്‍ശിച്ചു.

വിസ്മയ കേസിലെ കിരണ്‍ കുമാറിന്റെ പിരിച്ചുവിടലും കാട്ടാക്കടയിലെ ജീവനക്കാരുടെ സസ്പെന്‍ഷനും വകുപ്പ് മന്ത്രിയെയും സര്‍ക്കാരിനെയും ഓര്‍മിപ്പിച്ചുകൊണ്ടുമാണ് പത്രക്കുറിപ്പ്.

കൊലപാതകക്കേസില്‍ സാധാരണഗതിയില്‍ ഒരു കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതിയായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്ത് എന്ന് അറിയാത്തവരല്ല മാനേജ്‌മെന്റെന്നും എന്നാല്‍ ആനാവൂര്‍ നാരായണന്‍ കേസില്‍ ബി.എം.എസ് നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

‘സല്‍പ്പേര് സംരക്ഷിക്കുവാന്‍ മണിക്കൂറിനുള്ളില്‍ മതിയായ അന്വേഷണം നടത്താതെ നടപടി സ്വീകരിച്ച മാതൃക നമ്മുടെ സ്ഥാപനത്തില്‍ നിരവധിയാണല്ലോ.

ശമ്പളവും വ്യവസായ സംരക്ഷണവും ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്‍ ജൂണ്‍ ആറ് മുതല്‍ നടത്തിയ സമരങ്ങള്‍ക്കിടയില്‍ പാപ്പനംകോട് വര്‍ക്ക് ഷോപ്പില്‍ മാനേജ്‌മെന്റ് ഉദ്യോഗസ്ഥരും സംഘടനാ പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടതിന്റെ പേരില്‍ സംഘടനയുടെ സംസ്ഥാന നേതാവും, ജില്ലാ സെക്രട്ടറിയുമായ എസ്.സന്തോഷ് കുമാറിനെ കെ.എസ്.ആര്‍.ടി.സിയുടെ സല്‍പ്പേരിന് കളങ്കം വരുത്തി എന്ന പേരില്‍ മണിക്കൂറുകള്‍ക്കകം സസ്‌പെന്റ് ചെയ്യുകയുണ്ടായി.

കാട്ടാക്കട യൂണിറ്റില്‍ കണ്‍സെഷന്‍ ടിക്കറ്റിന് മതിയായ രേഖകളില്ലാതെ കൗണ്ടറില്‍ ഉണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദിച്ചു എന്ന് പ്രചരിപ്പിച്ച് നിമിഷങ്ങള്‍ക്കകം നടപടി എടുത്തവര്‍, കോര്‍പ്പറേഷന്റെ സല്‍പ്പേരിന് കളങ്കംവരുത്തിയെന്ന് പ്രചരിപ്പിച്ചവര്‍, ബി.എം.എസ് നേതാവ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചതനുസരിച്ച് മാധ്യമങ്ങളും സമൂഹവും ജീവനക്കാരെ കടന്നാക്രമിക്കുന്നത് കണ്ട് രസിക്കുകയായിരുന്നില്ലേ?,’ സി.ഐ.ടി.യു പ്രസ്താവനിയിലൂടെ ചോദിച്ചു.

തിരുവനന്തപുരം സെന്‍ട്രലില്‍ ഒരു ലക്ഷത്തിലധികം രൂപ ചിലവായതിന് മതിയായ വൗച്ചര്‍ ഇല്ലെന്ന കാരണം പറഞ്ഞ് ശരിയായ അന്വേഷണം പോലും നടത്താതെ അസോസിയേഷന്‍ യൂണിറ്റ് സെക്രട്ടറി ജി. ഉദയകുമാര്‍ അടക്കമുള്ള അഞ്ച് ജീവനക്കാരെ സസ്‌പെന്റ് ചെയ്യാന്‍ എന്തൊരു തിടുക്കമായിരുന്നു. മാവേലിക്കര റീജിയണല്‍ വര്‍ക്ക് ഷോപ്പിലെ യൂണിറ്റ് സെക്രട്ടറിയായ വി. ഹരിദാസിനെ സംഘടനാ പ്രവര്‍ത്തനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഭരണസൗകര്യാര്‍ത്ഥം എടപ്പാളിലേക്ക് സ്ഥലം മാറ്റുന്നതിന് മാനേജ്‌മെന്റിന് യാതൊരു മനസാക്ഷിക്കുത്തുമുണ്ടായില്ല.

സല്‍പ്പേരിനുണ്ടായ കളങ്കത്തിന് കാരണക്കാരായി എന്ന് പ്രചരിപ്പിച്ച് ആയിരക്കണക്കിന് നിരപരാധികളായ ജീവനക്കാരുടെ ഭാവി പന്താടുന്ന ‘സല്‍പ്പേര് നാരായണന്‍കുട്ടി’മാരുടെ സ്ഥാപനമാണല്ലോ കെ.എസ്.ആര്‍.ടി.സിയെന്നും സി.ഐ.ടി.യു പരിഹസിച്ചു.

കേരളം കണ്ട അതിക്രൂരമായ കൊലപാതകത്തിലെ ഒന്നാം പ്രതിയും, മറ്റൊരു കൊലപാതക ശ്രമക്കേസിലെ കുറ്റവാളിയുമായയാളെ പിരിച്ചുവിടാന്‍ മടിക്കുന്നതിന് പിന്നിലെ ചേതോവികാരം എന്താണ്. വിസ്മയ എന്ന പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ പ്രതിയായ ഭര്‍ത്താവ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പിരിച്ചുവിട്ട് മാതൃകയായ ഗതാഗതമന്ത്രി തന്റെ വകുപ്പിന്റെ കീഴില്‍ നടന്ന സമാനതകളില്ലാത്ത ഈ കൊടുംക്രൂര കൃത്യം നടത്തിയയാളെ ശിക്ഷിക്കേണ്ടതല്ലേ.

സര്‍വീസില്‍ നിന്നും ഒരു നിമിഷം മുന്നേ പിരിച്ചുവിടേണ്ട വ്യക്തിയെ ഓരോ നിമിഷവും സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നത് കേരള സമൂഹത്തിന് അപമാനമാണെന്നും സി.ഐ.ടി.യു പറഞ്ഞു.

ബി.എം.എസ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് എം.ഡി നടത്തിയ ഇടത് വിരുദ്ധ നിലപാടും സര്‍ക്കാരിനെ തൊഴിലാളി സംഘടന വാര്‍ത്താക്കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

‘സന്തോഷിന്റെ സസ്‌പെന്‍ഷന്‍ ആയാലും, കാട്ടാക്കട, തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോകളിലെ സംഭവങ്ങളായാലും, മാവേലിക്കര റീജിയണല്‍ വര്‍ക്ക്‌ഷോപ്പിലെ വി. ഹരിദാസിന്റെ സ്ഥലംമാറ്റം ആയാലും ഫോട്ടോ എടുത്തും വീഡിയോ പിടിച്ചും നവമാധ്യമങ്ങളിലൂടെ നുണപ്രചരണം നടത്തിയ ബി.എം.എസുകാര്‍ക്കുള്ള മാനേജ്‌മെന്റിന്റെ പ്രത്യുപകാരമല്ലേ ബി.എം.എസ്. നേതാവിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാത്തതിനുള്ള കാരണം? ഈ പ്രത്യുപകാരത്തിന്റെ ഭാഗമായല്ലേ ഗവ. സെക്രട്ടറി കൂടിയായ സി.എം.ഡി, ബി.എം.എസിന്റെ സമ്മേളനത്തില്‍ സര്‍ക്കാരിന്റെ നയത്തിനെതിരായ പ്രസ്താവന നടത്തിയത്. ഇതെല്ലാം കൂട്ടിവായിക്കപ്പെടേണ്ടതാണ്..

മാനേജ്‌മെന്റ് എന്ന ആട്ടിന്‍ തോലിട്ട് ബി.എം.എസ് എന്ന ചെന്നായയായി പ്രവര്‍ത്തിക്കുന്നവരുടെ തനിനിറം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ഇവരെ നിലക്ക് നിര്‍ത്താന്‍ കേരളത്തിലെ ഇടതുമുന്നണി ഗവണ്‍മെന്റിനാകണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHT:  CITU questioned the department minister and KSRTC,  Why expel BMS leader who killed CPIM worker