ഭൂമി ഇടപാട്; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
Kerala
ഭൂമി ഇടപാട്; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st September 2021, 10:51 am

തിരുവനന്തപുരം: വിവാദമായ സീറോ മലബാര്‍ സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ലാന്റ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഏഴംഗ സമിതിയാകും അന്വേഷണം നടത്തുക.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സഭ ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ ഭൂമി ഉണ്ടോ എന്ന് പരിശോധിക്കും. തണ്ടപ്പേര് തിരുത്തിയോ എന്നും അന്വേഷിക്കും.

പൊലീസ്- റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് അന്വേഷണ സമിതിയിലുണ്ടാകുക. സഭ ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ ഭൂമി ഉണ്ടോ എന്ന കാര്യവും ഇടപാടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്ക് ഉണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും.

ഭൂമി ഇടപാടില്‍ തനിക്കെതിരായ എട്ടു കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിചാരണ നേരിടണമെന്ന നിലപാടാണ് അറിയിച്ചത്.

കേസില്‍ വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയില്‍ കാക്കനടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്.

എന്നാല്‍, സഭ ഭൂമി വില്‍പന നടത്തിയതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി കോടതിയെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Church Land Case Investigation  Against Mar Alancheri