കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നേപ്പാളില്‍ വലിയ രാഷ്ട്രീയ അസ്ഥിരതയാണ് ഉണ്ടായിരിക്കുന്നത്.
പല ഇടങ്ങളിലും നേരത്തെ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ ചൈന നേപ്പാളിലേക്ക് പ്രതിനിധികളെ അയച്ചു.
നേപ്പാളിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനാണ് ചൈന നേപ്പാളിലേക്ക് പ്രതിനിധികളെ അയച്ചെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഗുവോ യേഷോയാണ് നേപ്പാളിലെത്തി സ്ഥിതിഗതികള്‍ വിലിയിരുത്തുന്നത്.
ദശലക്ഷക്കണക്കിന് ഡോളറുകളാണ് ചൈന നേപ്പാളിന് അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കുള്‍പ്പെടെ നല്‍കിയത്. പുതിയ സില്‍ക്ക് റോഡെന്ന് വിശേഷിപ്പിക്കുന്ന ഷി ജിന്‍പിങിന്റെ ബെല്‍റ്റ് റോഡ് പദ്ധതിക്കുവേണ്ടിയും കോടിക്കണക്കിന് ഡോളര്‍ ചൈന നേപ്പാളില്‍ നിക്ഷേപിച്ചിരുന്നു.
അതേസമയം നേപ്പാളില്‍ രാഷ്ട്രീയ അസ്ഥിരത രൂപപ്പെട്ട പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചൈനീസ് പ്രതിനിധികള്‍ എത്തിയതും നേപ്പാളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി.
മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്‍ക്കം രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശര്‍മ ഒലി രാഷ്ട്രപതി ബിന്ധ്യദേവി ഭണ്ഡാരിയോട് ആവശ്യപ്പെട്ടത്.
ശര്‍മ്മയുടെ നേതൃത്വത്തില്‍ നടന്ന അടിയന്തര ക്യാബിനറ്റ് യോഗത്തിലാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ തീരുമാനമായത്.
എന്നാല്‍ ശര്‍മ്മയുടെ തീരുമാനത്തിനെതിരെ നേപ്പാളില്‍ ഇപ്പോഴും പ്രതിഷേധം ശക്തമാണ്. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം ഭരണഘടന വിരുദ്ധമാണെന്നും പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യാതെ പെട്ടെന്ന് എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് വലിയ നില നല്‍കേണ്ടി വരുമെന്നും മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചിരുന്നു.
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ നേപ്പാളിലെ പ്രതിപക്ഷകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയും അടിയന്തര യോഗം വിളിച്ചിരുന്നു.