തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച പ്രത്യേക പ്രസ്താവന നടത്തും. നിയമസഭയില്‍ ചട്ടം
300 അനുസരിച്ച് മുഖ്യമന്ത്രി പ്രതികരിക്കുമെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടി, ഇനി സ്വീകരിക്കാന്‍ പോകുന്ന കാര്യങ്ങള്‍, തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതി, ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ കൈകൊണ്ട മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കും.
ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായി ബന്ധപ്പെട്ട് പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും വിലിയ വിമര്‍ശനം സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ തീപിടുത്തം ഉണ്ടായി രണ്ട് ആഴ്ചയോളമായിട്ടും മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കാത്തത് സംബന്ധിച്ച കാര്യം വലിയ ചര്‍ച്ചയായിരുന്നു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബ്രഹ്മപുരം വിഷയം നിയമസഭയില്‍ പ്രതിപക്ഷം ശക്തമായി ഉന്നിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെ മുഖ്യമന്ത്രി വിഷയത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് പോലും നല്‍കാന്‍ സമ്മതിക്കാത്തത് മുഖ്യമന്ത്രിക്ക് മറുപടിയില്ലാത്തതുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു.
അതേസമയം, ബ്രഹ്മുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണക്കുന്നതിനായി
അഗ്‌നിശമന പ്രവര്‍ത്തനം നടത്തിയ കേരളാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിനേയും സേനാംഗങ്ങളെയും അഭിനന്ദിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒരു പ്രസ്താവന നടത്തിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഏക പ്രതികരണവും ഇതാണ്.