രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് ഡി-യില്‍ സൗരാഷ്ട്ര ഛത്തീസ്ഗഢിനെ നേരിടുകയാണ്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഇരു ടീമുകളും ആദ്യ ഇന്നിങ്‌സ് ലീഡിന് വേണ്ടിയാണ് പൊരുതുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ഛത്തീസ്ഗഡ് ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ അമന്‍ദീപ് ഖാരെയുടെ ഇരട്ട സെഞ്ച്വറിയുടെയും സന്‍ജീത് ദേശായിയുടെ സെഞ്ച്വറിയുടെയും കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 578 റണ്‍സ് നേടി നില്‍ക്കവെ ഛത്തീസ്ഗഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര ചേതേശ്വര്‍ പൂജാരയുടെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഒന്നാം ഇന്നിങ്‌സ് ലീഡിനായി പൊരുതുന്നത്. ഡബിള്‍ സെഞ്ച്വറി നേടിയ താരം ക്രീസില്‍ തുടരുകയാണ്.
ഈ മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ തന്റെ സെഞ്ച്വറി നേട്ടം 66 ആയി ഉയര്‍ത്താനും താരത്തിന് സാധിച്ചു. സൗരാഷ്ട്രക്ക് പുറമെ കൗണ്ടിയില്‍ സസക്‌സിനായും താരം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
ഏറ്റവുമധികം ഫസ്റ്റ് ക്ലാസ് സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുള്ള പൂജാരയുടെ കുതിപ്പ് തുടരുകയാണ്. രണ്ടാമതുള്ള രാഹുല്‍ ദ്രാവിഡിനൊപ്പമെത്താന്‍ വെറും രണ്ട് സെഞ്ച്വറികള്‍ കൂടിയാണ് താരത്തിന് ആവശ്യമുള്ളത്.
ഏറ്റവുമധികം ഫസ്റ്റ് ക്ലാസ് സെഞ്ച്വറികള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍
ഇതിന് പുറമെ ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ റെക്കോഡും താരം മറികടന്നു. കരിയറില്‍ കളത്തിലിറങ്ങിയ 261 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നുമായി 65 തവണയാണ് ലാറ ഫസ്റ്റ് ക്ലാസില്‍ ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കിയത്.
സെഞ്ച്വറിക്കൊപ്പം തന്നെ മറ്റൊരു നേട്ടവും പൂജാര സ്വന്തമാക്കി. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 21,000 റണ്‍സ് മാര്‍ക് മറികടക്കുന്ന നാലാമത് ഇന്ത്യന്‍ താരമായാണ് പൂജാര റെക്കോഡിട്ടത്.
സുനില്‍ ഗവാസ്‌കറാണ് ഈ എലീറ്റ് ലിസ്റ്റില്‍ ഒന്നാമന്‍. 25,834 റണ്‍സുമായാണ് ഗവാസ്‌കര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചത്.