Daily News
ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Feb 18, 03:19 am
Thursday, 18th February 2016, 8:49 am

cherusseriകോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (79) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 6.20ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പക്ഷാഘാതത്തെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 1996 മുതല്‍ സമസ്ത ഇ.കെ വിഭാഗം
ജനറല്‍ സെക്രട്ടറിയായ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മലപ്പുറം മൊറയൂര്‍ സ്വദേശിയാണ്. മൃതദേഹം കൊണ്ടോട്ടിയിലെ വസതിയിലേക്കു കൊണ്ടുപോയി.

12.30ന് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കും. 4.30ന് ചെമ്മാദ് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഖബറടക്കം.

1937ല്‍ ചെറുശേരി മുഹമ്മദ് മുസല്യാരുടെയും പാത്തുമ്മുണ്ണിയുടെയും മകനായി മൊറയൂരില്‍ ജനിച്ചു. ബംഗാളത്ത് കമ്മദാജിയുടെ മകള്‍ മറിയുമ്മയാണ് ഭാര്യ. മക്കള്‍: റഫീഖ്, മുഹമ്മദ് സാദിഖ്, ഫാത്തിമ, റൈഹാനത്ത്.

ഖാസിയാരകം പള്ളിയില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. കൊണ്ടോട്ടി സ്‌കൂളില്‍ ഭൗതിക വിദ്യാഭ്യാസത്തിന് ശേഷം മഞ്ചേരി, ചാലിയം എന്നീ ദര്‍സുകളില്‍ മതപഠനം നടത്തി. പള്ളി ദര്‍സുകളിലെ പഠനത്തിനു ശേഷം വളരെ ചെറുപ്രായത്തില്‍ തന്നെ മുദരിസായി.

1980 മുതല്‍ സമസ്ത പണ്ഡിത സഭയില്‍ അംഗമായ അദ്ദേഹം ഫത്‌വ കമ്മിറ്റി ചെയര്‍മാന്‍ പദവിയും വഹിച്ചിരുന്നു. ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ മരണശേഷം 1996ല്‍ സമസ്തയുടെ നേതൃപദവി ഏറ്റെടുത്തു.