ഏത് ഇഷ്ടക്കേടും മാറ്റും ചാവറയുടെ ഈ മീന്‍കറി | Chavara Matrimony Ad | WomanXplaining
അനുപമ മോഹന്‍

ചാവറ മാട്രിമോണി ഡോട്ട് കോമിന്റെ ഈ അടുത്ത ഇറങ്ങിയ പരസ്യത്തില്‍ വിവാഹത്തെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ത്യജിക്കാനുള്ള ഒരു സ്ഥാപനമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

‘ഇത് ജോമോന്‍…ജോമോന് മീനും മീന്‍കറിയും ഒന്നും ഇഷ്ടമല്ലേന്ന…ആരെങ്കിലും കഴിക്കുന്നത് കാണുന്നത് തന്നെ അലര്‍ജിയാ…ചാവറ മാട്രിമോണിയിലൂടെ പരിചയപ്പെട്ട് നീനയെ വിവാഹം കഴിക്കുന്നത് വരെ. ഇഷ്ടക്കേടുകള്‍ ഇഷ്ടങ്ങളായി മാറുന്നു, ചേരുന്ന ജീവിത പങ്കാളിയെ കിട്ടുമ്പോള്‍’ എന്നൊക്കെ ജിസ് ജോയ് നല്ല മൃദുവായി ഈ പരസ്യത്തിന് ശബ്ദം കൊടുക്കുമ്പോള്‍ കല്യാണം എന്തോ വലിയ നേട്ടമാണെന്നും കല്യാണം കഴിഞ്ഞാല്‍ അയാളുടെ ‘മോശം സ്വഭാവങ്ങള്‍’ എല്ലാം മാറി സമൂഹം ആവശ്യപ്പെടുന്ന രീതിയില്‍ നല്ലവരായി മാറുമെന്ന തരത്തിലുള്ള ചിന്തയാണ് മുന്നോട്ട് വെക്കുന്നത്.

ശരിക്കൊന്ന് ചിന്തിച്ചാല്‍ ഈ പരസ്യം നമുക്ക് അത്ര അപരിചിതമല്ല. ഇഷ്ടക്കേടുകളും ദുശീലങ്ങളുമൊക്കെ മാറ്റിയെടുക്കാനുള്ള ഒറ്റമൂലിയായി കല്യാണത്തെ അവതരിപ്പിക്കുന്നത് നമ്മുടെ വീടുകളിലും ചുറ്റുപാടുകളിലൊക്കെ എത്രയോ തവണ കണ്ടിരിക്കുന്നു. കുടിയനായ ഒരാളെ അല്ലെങ്കില്‍ ജോലിക്ക് പോകാന്‍ മടിയുള്ള ഒരാളെ നേരെയാക്കാന്‍ വേണ്ടി സമൂഹം എളുപ്പത്തില്‍ തിരഞ്ഞെടുക്കുന്ന ദുര്‍ഗുണ പരിഹാര പാഠശാലയായി കല്യാണം പലപ്പോഴും മാറാറുണ്ട്.

‘ഒരു പെണ്ണ് കെട്ടിയാല്‍ അവന്റെ സ്വഭാവം ശരിയാകുമെന്നും’ പറഞ്ഞ് വിവാഹം കഴിപ്പിക്കുന്ന പതിവ് ഇവിടെയുണ്ട്. പുരുഷന്‍മാരുടെ ദുശീലങ്ങള്‍ നിര്‍ത്തിപ്പിച്ച് നല്ല ഭാര്യ പട്ടം കിട്ടിയ ഒരുപാട് സ്ത്രീകളും ഇവിടെയുണ്ട്. പുരുഷന്മാരുടെ മോശം സ്വഭാവരീതികള്‍ മാറ്റിയെടുക്കാനുള്ള സ്ഥാപനമാണ് വിവാഹമെന്നും സ്ത്രീകള്‍ അവിടത്തെ ചുമതലക്കാരാണെന്നുമുള്ള വിശ്വാസത്തിലാണ് നമ്മുടെ സമൂഹം മുന്നോട്ട് പോകുന്നത്.

ചാവറ മാട്രിമോണിയുടെ ടാഗ് ലൈന്‍ തന്നെ ‘ഇഷ്ടക്കേടുകള്‍ ഇഷ്ടങ്ങളായി മാറുന്നു’ എന്നാണ്. മനുഷ്യരാകുമ്പോള്‍ സ്വഭാവികമായും ഇഷ്ടവും ഇഷ്ടക്കേടും ഉണ്ടാവും. താല്പര്യമുള്ള വിഷയങ്ങളും ഒട്ടു താല്പര്യമില്ലാത്തതും ഉണ്ടാകും. ആണുങ്ങളായാലും പെണ്ണുങ്ങളായാലും വിവാഹം കഴിച്ച് ഇഷ്ടക്കേടുകളെ ഇഷ്ടങ്ങളാക്കി മാറ്റേണ്ട യാതൊരു ആവശ്യവുമില്ല.

പിന്നെ ഇത് ചാവറക്കാര്‍ ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടിയല്ല. സമൂഹത്തില്‍ ഒരു പാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒട്ടും പ്രോഗ്രസ്സിവ് അല്ലാത്ത ആശയങ്ങളുമായി നേരത്തെയും പല പരസ്യങ്ങളും ചാവറയില്‍ നിന്നും വന്നിട്ടുണ്ട്. സ്ത്രീ വിരുദ്ധതയും ബോഡിഷെമിങ്ങും റേസിസവും ചോയ്സുകള്‍ക്ക് ഒരു വിലയും കല്‍പിക്കാത്തതുമൊക്കെ ഈ പരസ്യങ്ങളില്‍ ആവര്‍ത്തിക്കാറുമുണ്ട്.

ഇന്ന് മീന്‍കറിയാണെങ്കില്‍ അതിനേക്കാള്‍ ഏറെ അപകടകരമായ ഒരു പരസ്യം ഇവര്‍ നേരത്തെ ഇറക്കിയിരുന്നു.

‘ഇത് സാറ… വലിയ കലാകാരിയൊക്കെ സാറക്ക് ആണെങ്കിലും കുട്ടികളെ ഇഷ്ടമല്ല.കല്യാണവും ഉത്തരവാദിത്തങ്ങളും ഒന്നും ഇഷ്ടമല്ല. ചാവറ മാട്രിമോണി ഡോട്ട് കോമിലൂടെ പരിചയപ്പെട്ട എബിയെ വിവാഹം കഴിക്കുന്നത് വരെ.’

കുട്ടികളെ ഇഷ്ടമല്ലാത്ത ഒരു പെണ്‍കുട്ടിക്ക് ചാവാറാ മാട്രിമോണി പറഞ്ഞുകൊടുക്കുന്ന പ്രതിവിധി വിവാഹമാണ്. വിവാഹ ശേഷം മുറ്റത്തു ഓടിക്കളിക്കുന്ന മൂന്നു കുട്ടികളും വയറ്റില്‍ വേറൊരു കൊച്ചുമായപ്പോള്‍ എന്തോ നന്മ ചെയ്ത പോലെയാണ് അവര്‍ അവകാശപ്പെടുന്നത്. ഇപ്പോഴാണ് സാറ ശരിക്കും ഹാപ്പിയായതെന്നും ഉത്തരവാദിത്തബോധമുള്ളവളായതെന്നും അവതരിപ്പിക്കുന്ന രീതിയിലായിരുന്നു ഈ പരസ്യം.

വിവാഹം കഴിക്കാതിരിക്കാനുള്ള ഒരാളുടെ ചോയ്‌സിനെ, കലാകാരിയായി തുടരാനുള്ള ഒരാളുടെ താല്പര്യത്തെ, കുട്ടികള്‍ വേണ്ട എന്ന ഒരാളുടെ തീരുമാനത്തെ നിഷേധിച്ചുകൊണ്ടാണ് ഈ പരസ്യത്തില്‍ വിവാഹം എന്ന ഏര്‍പ്പാട് നടത്തുന്നത്.

യുണൈറ്റിംഗ് ഹാര്‍ട്‌സ് ആന്‍ഡ് ലൈവ്സ് എന്ന ടാഗില്‍ മനുഷ്യ ശരീരത്തിലെ വൈവിധ്യങ്ങളെ എന്തോ മോശം കാര്യമായി ചിത്രീകരിച്ച പരസ്യവും ചാവറയില്‍ നിന്നും മുന്‍പേ വന്നിരുന്നു. നോര്‍മല്‍സിയുടെ പുറത്തു നില്‍ക്കുന്നവരെന്ന നിലയില്‍ ചില മനുഷ്യരെ അവതരിപ്പിച്ച് അവരെ വിവാഹം കഴിക്കുന്നതിലൂടെ മഹത്തരമായ ഏതോ പ്രവര്‍ത്തിയാണ് ചെയ്യുന്നത് എന്ന ബോധ്യങ്ങളുണ്ടാക്കും വിധമായിരുന്നു ഈ പരസ്യം.

അറേഞ്ച്ഡ് മാര്യേജ് അടക്കം നിലനിന്നു പോരുന്ന വിവാഹരീതികളിലെ പ്രശ്നങ്ങളെ കുറിച്ചും, പരസ്പരം അറിഞ്ഞും മനസിലാക്കിയും ജീവിതപങ്കാളിയെ തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇഷ്ടക്കേടുകളെ മുഴുവന്‍ വിവാഹം കഴിച്ച് ഭേദമാക്കാമെന്ന് ആപ്തവാക്യങ്ങളുമായി ഇവിടെ പരസ്യങ്ങളിറങ്ങുന്നത്.

കല്യാണം എന്നത് ഒരാളുടെ ഇഷ്ടവും ഇഷ്ടക്കേടുകളും ത്യജിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ട സംഗതിയല്ല. ചെറിയ കാര്യങ്ങളിലായാലും വലിയ കാര്യങ്ങളിലായാലും വിവാഹം ഒരാളുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നിഷേധിക്കാനുള്ള സ്ഥാപനവുമല്ല.

Content Highlight: Chavara Matrimony’s new ad is in controversy