മലയാളത്തിലെ മികച്ച ഹൊറര്‍ സിനിമയാകുമെന്ന് പ്രതീക്ഷ നല്‍കുന്ന ചതുര്‍മുഖം; ട്രെയിലര്‍ പുറത്ത്
Entertainment news
മലയാളത്തിലെ മികച്ച ഹൊറര്‍ സിനിമയാകുമെന്ന് പ്രതീക്ഷ നല്‍കുന്ന ചതുര്‍മുഖം; ട്രെയിലര്‍ പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd April 2021, 11:57 am

മലയാള സിനിമയില്‍ ഹൊറല്‍ ഴോണറില്‍ പുത്തന്‍ പരീക്ഷണത്തിന് തുടക്കം കുറിക്കുന്ന ചതുര്‍ മുഖത്തിന്റെ ട്രെയിലര്‍ പുറത്ത്. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ചതുര്‍മുഖം

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തില്‍ ഇതുവരെ പുറത്തിറക്കിയ ഹൊറര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ചതുര്‍മുഖമെന്ന അണിയറ പ്രവര്‍ത്തകരുടെ അവകാശവാദങ്ങളോട് നീതി പുലര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. പുത്തന്‍ കാലത്തെ സാങ്കേതിക വിദ്യയേയും പുരാതന സങ്കല്‍പങ്ങളെയും കൂട്ടിയിണക്കുന്ന കഥാപരിസരത്തിന്റെ സൂചനകളും ട്രെയിലര്‍ നല്‍കുന്നുണ്ട്.

മൊബൈല്‍ ഫോണിലൂടെയാണ് ചതുര്‍മുഖം ടെക്‌നോ ഹൊറര്‍ എലമെന്റ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍. നമുക്ക് ചുറ്റുമുള്ള ഇത്രയധികം സിഗ്നലുകള്‍, റേഡിയേഷന്‍സ്, ദേറീസ് നോ എസ്‌കേപ്പ് ഫ്രം ദെം എന്ന അലന്‍സിയറിന്റെ ഡയലോഗ് ചിത്രം വരച്ചുവെക്കുന്ന കഥാപരിസരത്തിന്റെ സങ്കീര്‍ണതകളിലേക്കുള്ള ഇടനാഴിയാണ്. ബിഗ് സ്‌ക്രീനില്‍ ഭയവും ആകാംഷയും നിറയ്ക്കുന്ന മലയാളത്തിലെ മികച്ച ഒരു ഹൊറര്‍ സിനിമയായിരിക്കും ചതുര്‍മുഖം എന്ന പ്രതീക്ഷയും ട്രെയിലര്‍ നല്‍കുന്നുണ്ട്.

ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മഞ്ജു ആദ്യമായിട്ടാണ് ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിക്കുന്നത്.

ജിസ്‌ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

അഞ്ചര കോടിമുതല്‍ മുടക്കില്‍ വിഷ്വല്‍ഗ്രാഫിക്സിന് പ്രാധാന്യം നല്‍കി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളും ഒരുക്കിയിട്ടുണ്ട്.

സംഗീതം, പശ്ചാത്തല സംഗീതം എന്നിവ നിര്‍വഹിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്. അലന്‍സിയര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സന്‍ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവര്‍ കോ-പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തില്‍ ബിനീഷ് ചന്ദ്രനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കല നിമേഷ് എം താനൂര്‍, എഡിറ്റിംഗ് മനോജ്, മേക്കപ്പ് രാജേഷ് നെന്മാറ, കോസ്റ്റ്യൂം സമീറ സനീഷ്.

വി.എഫ്.എക്‌സ് പ്രോമിസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, സ്റ്റില്‍സ് രാഹുല്‍ എം സത്യന്‍, ഡിസൈന്‍സ് ഗിരീഷ് വി സി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: ChathurMukham Official Trailer out, Manju Warrier, Sunny Wayne