പിടിച്ചിരുന്നോണേ കുട്ടാ; ഡോക്ടറും മെമ്പറും പിന്നെ ഡേവിസേട്ടനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു നാട്ടിന്‍ പുറവും അവിടുത്തെ മനുഷ്യരും അവരുടെ വളര്‍ത്തുമൃഗങ്ങളുമായി മുന്നോട്ട് പോകുന്ന ഒരു കൊച്ചുകഥ. അതാണ് പാല്‍തു ജാന്‍വര്‍. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായി കുടിയാന്‍മലയിലേക്ക് വരുന്ന പ്രസൂണ്‍ എന്ന ചെറുപ്പക്കാരനിലൂടെയാണ് ചിത്രം മുന്നേറുന്നത്. ബേസില്‍ ജോസഫാണ് പ്രസൂണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

വലിയ സങ്കീര്‍ണതകളില്ലാത്ത നിഷ്‌കളങ്കരായ ലളിതമായി ഡിഫൈന്‍ ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ വന്നിരിക്കുന്നത്.

ബേസിലിന്റെ പ്രസൂണിനെപ്പോലെ അല്ലെങ്കില്‍ അതിനെക്കാളും പ്രേക്ഷകരുടെ പ്രശംസ പിടിച്ച് പറ്റിയ കഥാപാത്രങ്ങള്‍ ഷമ്മി തിലകന്റെ ഡോ. സുനില്‍ ഐസക്കും, ഇന്ദ്രന്‍സിന്റെ വാര്‍ഡ് മെമ്പര്‍ കൊച്ച് ജോര്‍ജും ജോണി ആന്റണിയുടെ ഡേവിസും. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചിരിക്കാനുള്ള മൊമന്റ്സ് നല്‍കുന്നത് ഡോക്ടറും വാര്‍ഡ് മെമ്പറുമായുള്ള കഥാപാത്രങ്ങളാണ്.

ഷമ്മിയുടെ ഡോക്ടര്‍ കുറച്ച് സമയം മാത്രമേ വരുന്നുള്ളൂ. വേറൊരു ഗെറ്റപ്പിലാണ് ഷമ്മി ചിത്രത്തിലെത്തിയിരിക്കുന്നത്. മൊട്ടയടിച്ച് അദ്ദേഹത്തെ ഇതിന് മുമ്പ് മറ്റൊരു സിനിമയില്‍ കണ്ടിട്ടില്ല. ഡോക്ടര്‍ സുനിലിന്റെ മാനറിസങ്ങളും രസകരമായിരുന്നു. നമ്മള്‍ പുതുതായി ജോലി ചെയ്യാന്‍ പോകുന്ന സ്ഥലത്തെ ഒരു സീനിയറിന് ജൂനിയറായി വരുന്ന ആളോടുള്ള സ്നേഹവും ദേഷ്യവും ഈഗോയുമെല്ലാം ഈ കഥാപാത്രത്തിലൂടെ ഷമ്മി തിലകന്‍ രസകരമായി അവതരിപ്പിക്കുന്നുണ്ട്.

ഇനി ഇന്ദ്രന്‍സിന്റെ കഥാപാത്രം നോക്കിയില്‍ വരുന്ന സീനുകളിലെല്ലാം ഈ വാര്‍ഡ് മെമ്പര്‍ സ്‌കോര്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഹോം, ഉടല്‍ പോലെയുള്ള സിനിമകളിലൂടെ അഭിനയിക്കുന്ന സിനിമകളില്‍ ഇന്ദ്രന്‍സിന്റെ ഒരു അപ്രമാദിത്വം കാണാം. പാല്‍തു ജാന്‍വറിലും അത് ആവര്‍ത്തിച്ചിരിക്കുകയാണ്.

ഇടക്ക് ദേഷ്യം വരുകയും പിന്നെ ഒരു പാവം എന്നുമൊക്കെ തോന്നുന്ന, പല രീതിയിലുള്ള ഇമോഷന്‍ ഈ കഥാപാത്രത്തോട് തോന്നാം. വാര്‍ഡ് മെമ്പറനോട് അങ്ങ് അടുത്ത് കഴിയുമ്പോള്‍ ഇയാള്‍ ഈ സീനില്‍ എന്ത് ഡയലോഗാണ് പറയുന്നത് എന്ത് ചെയ്യും എന്നൊക്കെ ചിന്തിക്കും. ക്യാമറയില്‍ നായകനെയോ മറ്റ് കഥാപാത്രങ്ങളെയോ ആണ് കാണിക്കുന്നതെങ്കില്‍ പോലും ബാക്കില്‍ നിന്ന് ഈ കഥാപാത്രം എന്താണ് ചെയ്യുന്നതെന്നായിരിക്കും നമ്മള്‍ ശ്രദ്ധിക്കുക.

ബേസിലിന്റെ പ്രസൂണ്‍ കഴിഞ്ഞാല്‍ സിനിമയില്‍ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രമാണ് ജോണി ആന്റണിയുടെഡേവിസും അദ്ദേഹത്തിന്റെ പശുവും. ഡേവിസിന്റെ പശുവായ മോളിക്കുട്ടിയും അദ്ദേഹത്തിന്റെ മകളും ഗര്‍ഭണികളാണ്. ഇരുവരും ഡേവിസിന് ഒരുപോലെയാണ്.

ജോണി ആന്റണി സാധാരണ അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് പാല്‍തു ജാന്‍വറിലെ ഡേവിസ്. കോമഡിയില്‍ നിന്ന് കുറച്ച് മാറി അല്പം സീരിയസായ കഥാപാത്രമാണ് ഡേവിസ്. ഒരു കല്ലറയുടെ സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന ഉണ്ണി യേശുവിന്റെ രൂപത്തോടാണ് ഡേവിസ് തന്റെ സങ്കടങ്ങളും പ്രശ്നങ്ങളുമെല്ലാം പറയുന്നത്.

ഡേവിസിന് പശുവായ മോളിക്കുട്ടിയോടുള്ള സ്നേഹവും വാത്സല്യവുമെല്ലാം പ്രേക്ഷകരിലേക്ക് പെട്ടെന്ന് കണക്റ്റാവുന്നുണ്ട്. മോളിക്കുട്ടിയോട് ഒരു അച്ഛന്‍ മകളോട് കാണിക്കുന്ന കരുതലാണ് ഡേവിസിനുള്ളത്. മകളോട് പോലും അദ്ദേഹം അത്രയും സ്നേഹത്തോടെ പെരുമാറുന്നത് ചിത്രത്തില്‍ കാണുന്നില്ല.

Content Highlight: characteristic of davis, dr. sunil and ward member kodhu george in palthu janwer video story