ഡാന്‍സ്, ആക്ഷന്‍, റൊമാന്‍സ്; ദി കംപ്ലീറ്റ് പാക്കേജ്
Film News
ഡാന്‍സ്, ആക്ഷന്‍, റൊമാന്‍സ്; ദി കംപ്ലീറ്റ് പാക്കേജ്
അമൃത ടി. സുരേഷ്
Wednesday, 30th August 2023, 3:11 pm

ഓണത്തിന് തിയേറ്ററുകളില്‍ എത്തിയതില്‍ വെച്ച് താരതമ്യേന ഹൈപ്പ് കുറഞ്ഞതും പ്രതീക്ഷകളുടെ ഭാരമില്ലാത്തതുമായ ചിത്രമായിരുന്നു ആര്‍.ഡി.എക്‌സ്. കിങ് ഓഫ് കൊത്തക്കും ബോസ് ആന്‍ഡ് കോയ്ക്കും ഒപ്പം തിയേറ്ററില്‍ മത്സരിച്ച ചിത്രം റിലീസ് ചെയ്ത് ആദ്യദിനം മുതല്‍ തന്നെ ഓണം ട്രാക്കില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. വീക്കെന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്‌സാണ് ഓഗസ്റ്റിലെ യഥാര്‍ത്ഥ ഫെസ്റ്റിവല്‍ ചിത്രമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ് അവര്‍ക്ക് കണക്ടാവുന്ന തരത്തില്‍ ചിത്രമെടുത്തതാണ് നഹാസിന്റെ വിജയമെന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്. യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് പെപ്പെ, നീരജ് മാധവ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തില്‍ ആക്ടിങ്, ആക്ഷന്‍, റൊമാന്‍സ്, ഡാന്‍സ്, ഇമോഷന്‍സ് എന്നിങ്ങനെ മള്‍ട്ടി ടാസ്‌കുകള്‍ നേരിടേണ്ടി വന്നത് ഷെയ്ന്‍ നിഗത്തിനായിരുന്നു. അതായത് ഒരു സ്റ്റാര്‍ മെറ്റീരിയലാവാന്‍ സാധാരണ പറയുന്ന ഘടകങ്ങളെല്ലാം ഉള്‍പ്പെടുന്ന കഥാപാത്രം. ഇതിലെല്ലാം സ്‌കോര്‍ ചെയ്യാന്‍ റോബര്‍ട്ടിലൂടെ ഷെയ്‌ന് സാധിച്ചിട്ടുണ്ട്.

രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ആര്‍.ഡി.എക്‌സ് പറയുന്നത്. ഫസ്റ്റ് ഹാഫില്‍ പ്രണയവും അടിപിടിയുമായി യുവത്വത്തിന്റെ തിളപ്പുമായി നടക്കുന്ന ചെറുപ്പക്കാരനെ ഷെയ്ന്‍ ഗംഭീരമാക്കിയിട്ടുണ്ട്. ഇതില്‍ തന്നെ റൊമാന്റിക് പോഷന്‍സ് എടുത്തുപറയേണ്ടതാണ്. ചെറിയൊരു നോട്ടം കൊണ്ട് തന്നെ അത് കണ്‍വേ ചെയ്യുന്നുണ്ട് അദ്ദേഹത്തിലെ നടന്‍. ആക്ഷന്‍ രംഗങ്ങളിലും അനായാസമായ മെയ് വഴക്കവും മാസും ഷെയ്ന്‍ പ്രകടമാക്കുന്നു. പെരുന്നാളിലെ ആക്ഷന്‍ രംഗങ്ങളിലും ബോട്ട് സീക്വന്‍സിലും ഇത് കൂടുതല്‍ മികച്ചതാവുന്നുണ്ട്.

നീല മലരേ എന്ന പാട്ടില്‍ എത്ര മനോഹരമായും എനര്‍ജെറ്റിക്കായുമായിട്ടാണ് ഷെയ്ന്‍ ഡാന്‍സ് കളിക്കുന്നത്. അത് അയാള്‍ എത്രത്തോളം ആസ്വദിക്കുന്നുണ്ടെന്ന് ആ ബോഡി ലാഗ്വേജില്‍ തന്നെ വ്യക്തം.

രണ്ടാം ഘട്ടത്തില്‍ കുറച്ചുകൂടെ പക്വത റോബര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. അവിടെയും മൈന്യൂട്ടായിട്ടുള്ള മാറ്റങ്ങള്‍ ഷെയ്ന്‍ പ്രകടനത്തില്‍ കൊണ്ടുവരുവാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

അഭിനയം മികച്ച് നില്‍ക്കുമ്പോഴും കഥാപാത്രങ്ങളിലെ ആവര്‍ത്തനം കൊണ്ട് ഡിപ്രഷന്‍ സ്റ്റാര്‍ എന്ന് ഷെയ്‌നെ സോഷ്യല്‍ മീഡിയ പരിഹസിച്ചിട്ടുണ്ട്. അയാള്‍ അത് അര്‍ഹിക്കുന്നില്ല. പെര്‍ഫോമന്‍സിനുള്ള നല്ല സിനിമകളും കഥാപാത്രങ്ങളും ഉണ്ടെങ്കില്‍ മോളിവുഡിന് ഉപയോഗിക്കാന്‍ പറ്റുന്ന ഒരു കംപ്ലീറ്റ് പാക്കേജാണ് ഷെയ്ന്‍ നിഗം.

Content Highlight: Character and performance of Shane Nigum in RDX

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.