3250 കോടി രൂപയുടെ ക്രമക്കേട്; ചന്ദ കൊച്ചാര്‍ സ്ഥാനമൊഴിഞ്ഞു
National
3250 കോടി രൂപയുടെ ക്രമക്കേട്; ചന്ദ കൊച്ചാര്‍ സ്ഥാനമൊഴിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th October 2018, 3:22 pm

ന്യൂദല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്ക് എംഡി ചന്ദാ കൊച്ചാര്‍ രാജിവച്ചു. അനധികൃതമായി വായ്പ അനുവദിച്ചതില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് രാജി. ബാങ്ക് സി.ഇ.ഒ ആയ സന്ദീപ് ബക്ഷിയാണ് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പുതിയ എംഡി. ബാങ്ക് ഔദ്യോഗികമായി ഇക്കാര്യം സ്ഥീരീകരിച്ചു.

ബാങ്കില്‍ നിന്ന് നേരത്തെ വിരമിക്കാന്‍ ചന്ദകൊച്ചാര്‍ നല്‍കിയ അപേക്ഷ ഐ.സി.ഐ.സി.ഐ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗീകരിച്ചു. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിനെയാണ് ഐ.സി.ഐ.സി.ഐ ഇക്കാര്യം അറിയിച്ചത്.


Read Also : യോഗി ആദിത്യനാഥ് ശക്തനാണ്; ഞാന്‍ കൊല്ലപ്പെട്ടേക്കാം; വെളിപ്പെടുത്തലുമായി യുവതി


 

വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്ന പരാതിയിലാണ് ചന്ദാ കൊച്ചാറിനെതിരേ അന്വേഷണം നടക്കുന്നത്. അന്വേഷണം ആരംഭിച്ചതോടെ ചന്ദാ കൊച്ചാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍, നേരത്തെ നിശ്ചയിച്ച അവധിയാണെന്നും നിര്‍ബന്ധിച്ച് അവധിയെടുപ്പിച്ചതാണെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബാങ്ക് അധികൃതര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് ചന്ദാ കൊച്ചാര്‍ തല്‍സ്ഥാനത്ത് തുടരുന്നതിനെതിരേ ഡയറക്ടര്‍മാര്‍ രംഗത്ത് വന്നെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 2019 മാര്‍ച്ച് 31 വരെയായിരുന്നു ചന്ദാ കൊച്ചാറിന്റെ കാലാവധി. ഐ.സി.ഐ.സി.ഐ ബാങ്ക് വിഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട വിവാദമാണു ചന്ദ കൊച്ചാറിന് സ്ഥാനം നഷ്ടമായത്.