ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നാഷണല്‍ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ജനങ്ങള്‍ ലംഘിക്കാതിരിക്കാനും ആളുകളെ വീടുകളില്‍ തന്നെ ഇരുത്താനുമായി പലവിധ മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. അതിലൊന്നാണ് എണ്‍പതുകളില്‍ ഇന്ത്യയില്‍ വന്‍ തരംഗമായിരുന്ന രാമായണ്‍ ടെലിവിഷന്‍ പരമ്പര ദൂരദര്‍ശനിലൂടെ വീണ്ടും സംപ്രേഷണം ചെയ്യാനുള്ള വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ തീരുമാനം. മാര്‍ച്ച് 28 ശനിയാഴ്ച്ച മുതല്‍ രാവിലെ 9 മണിക്ക് ഒരു എപ്പിസോഡും രാത്രി 9 മണിക്ക് അടുത്ത എപ്പിസോഡും എന്ന നിലയില്‍ രാമയണം സീരിയല്‍ സംപ്രേക്ഷണം പുനരാരംഭിക്കാനാണ് ദൂരദര്‍ശന്‍ തീരുമാനിച്ചിരിക്കുന്നത്.
രാജ്യം ഒരു അടിയന്തര സാഹചര്യത്തെ നേരിടുമ്പോഴും ജനങ്ങളെ വീടുകളിലിരുത്താനായി കേന്ദ്രസര്‍ക്കാറിന്റെ മുന്നിലുള്ള ഉപാധിയായി 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംപ്രേഷണം ചെയ്യപ്പെട്ട ഒരു ടെലിവിഷന്‍ സീരിയല്‍ കടന്നുവരുന്നതിനെ ഒരു ചെറിയ കാര്യമായി കാണാന്‍ കഴിയില്ല. കാരണം ഒരു ടെലിവിഷന്‍ പ്രോഗ്രാം എന്നതിനപ്പുറം രാമായണ്‍ സീരിയലിന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭൂതകാലവുമായി അത്രമേല്‍ വലിയ സ്വാധീനബന്ധങ്ങളുണ്ടായിരുന്നു.
രാമാന്ദ് സാഗര്‍ സംവിധാനം ചെയ്ത് അരുണ്‍ ഗോവില്‍, ദീപിക ചികാലിയ, സുനില്‍ ലാഹ്റി തുടങ്ങിയവര്‍ വേഷമിട്ട രാമായണ്‍ എന്ന ടിവി സീരിയില്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രസക്തിയുള്ളതാവുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം.
ദൂരദര്‍ശന്‍ കാലങ്ങളോളം പിന്തുടര്‍ന്ന് പോന്ന മതപരമായുള്ള പക്ഷപാതിത്തം പാടില്ലെന്ന ആശയത്തില്‍ വിള്ളല്‍ വീഴ്ത്തി കൊണ്ടാണ് അന്നത്തെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് രാമായണം പരമ്പര ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്യാന്‍ ആരംഭിക്കുന്നത്.
ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു കോണ്‍ഗ്രസ് ഇത്തരമൊരു നീക്കത്തിന് കളമൊരുക്കിയതെന്ന് വ്യാപകമായി വിമര്‍ശനം അക്കാലത്തും പിന്നീടും ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് വിതച്ച വിത്ത് പക്ഷേ കൊയ്തെടുത്തത് ബി.ജെ.പിയാണ്. സ്വതന്ത്രാനന്തര ഇന്ത്യയില്‍ രാഷ്ട്രീയ അടിത്തറ കെട്ടിപെടുക്കാന്‍ ബി.ജെ.പിയെ കുറച്ചൊന്നുമല്ല ഈ പരമ്പര സഹായിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാമായണ പരമ്പര അത്രയേറെ ജനകീയമായിരുന്നു അക്കാലത്ത് ഇന്ത്യയില്‍. ഒരു പരമ്പര എന്നതിനപ്പുറം പ്രേക്ഷകര്‍ ദൈവീകമായ ഒന്നായാണ് അതിനെ സ്വീകരിച്ചത്. 1987ല്‍ തുടങ്ങി 88 വരെ 18 മാസം രാമായണം ഇന്ത്യയിലെ ജനങ്ങളുടെ സ്വീകരണമുറിയില്‍ നിര്‍ണായക ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് എത്തി. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ വിജയകരമായ ഈ പരമ്പര ഒരു കോടിയിലേറെ ആളുകളാണ് കണ്ടത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ അരവിന്ദ് രാജഗോപാല്‍ പൊളിറ്റിക്ക്സ് ആഫ്റ്റര്‍ ടെലിവിഷന്‍ എന്ന പുസ്തകത്തില്‍ രാമായണം എന്ന പരമ്പര ഇന്ത്യന്‍ ജനതയില്‍ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ പരമ്പര പ്രക്ഷേപണം ചെയ്യുന്ന സമയത്ത് ഇന്ത്യയിലെ ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ നിര്‍ത്തിയിടും, ബസുകള്‍ നിര്‍ത്തിയിട്ട് യാത്രക്കാര്‍ റോഡരികില്‍ ദൂരദര്‍ശന്‍ ചാനലിന് മുന്നില്‍ തടിച്ചു കൂടും, അത്രയേറെ ആള്‍ക്കൂട്ടം ഈ പരമ്പരയ്ക്ക് മുന്നില്‍ ഉണ്ടാകുമായിരുന്നു. കാണാനും കേള്‍ക്കാനും പറ്റിയില്ലെങ്കിലും അവിടെ ഉണ്ടായിരിക്കുക എന്നതിലായിരുന്നു അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതായിരുന്നു അന്നത്തെ ഇന്ത്യയിലെ അവസ്ഥ എന്നാണ് അദ്ദേഹം തന്റെ പുസ്തകത്തില്‍ വ്യക്തമാക്കിയത്.
ബി.ബി.സി കറസ്പോണ്ടന്റ് ആയ സൗതിക് ബിശ്വാസ് 2011ല്‍ രാമായണ പരമ്പര സംപ്രേക്ഷണം ചെയ്യുന്ന കാലത്തെ ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്. ഞായറാഴ്ച്ച രാവിലെ രാമായണ പരമ്പര ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ നിശ്ചലമായിരുന്നു. തെരുവുകളില്‍ ആരും ഉണ്ടാകില്ല, കടകളെല്ലാം അടഞ്ഞു കിടക്കും, ആളുകള്‍ കുളിച്ച് കുറി തൊട്ട് ടിവി സെറ്റുകള്‍ അലങ്കരിച്ച് രാമായണ പരമ്പരയ്ക്കായി കാത്തിരിക്കും.
ഒരു ടെലിവിഷന്‍ പരമ്പരയ്ക്ക് അപ്പുറത്താണ് രാമായണ പരമ്പര ഇന്ത്യയിലെ ഹിന്ദു സമൂഹം ഉള്‍ക്കൊണ്ടതും സ്വാംശീകരിച്ചതും. അമ്പലത്തില്‍ പോകുന്നതിനു തുല്യമായോ അതിനപ്പുറമായോ അവരതിനെ കണ്ടിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ടെലിവിഷന്‍ സെറ്റിനു മുന്നില്‍ പൂജ വരെ ചെയ്തിരുന്ന ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് സീരിയലില്‍ രാമന്റെ വേഷം ചെയ്ത അരുണ്‍ ഗോവില്‍ പറയുന്നത്.
പരമ്പര തന്റെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ ഇടയാക്കിയെന്നും അദ്ദേഹം പറയുന്നു.
ഞാനെവിടെ പോയാലും ആളുകള്‍ക്ക് എന്റെ കാല്‍ തൊട്ട് വന്ദിക്കണം, അത്രയ്ക്ക് ആരാധകാരായിരുന്നു ചുറ്റിലും. ഒരിക്കല്‍ വാരണാസിയില്‍ സീരിയലിലെ കോസ്റ്റ്യൂമില്‍ ചെന്നപ്പോള്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ എന്നെ കാണാന്‍ അവിടെ തടിച്ചു കൂടിയെന്ന് പത്രത്തില്‍ ഒരു വാര്‍ത്ത വന്നിരുന്നതായി അരുണ്‍ ഗോവില്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.
സീരിയലിന് ലഭിച്ച സ്വീകാര്യതയ്ക്ക് പുറമെ അത് ഇന്ത്യയുടെ രാഷ്ട്രീയ സമവാക്യങ്ങളെ കൂടി അട്ടിമറിക്കാന്‍ ആരംഭിച്ചപ്പോഴാണ് രാമായണം എന്ന പരമ്പരയെ കുറിച്ച് കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും വരുന്നത്.
ഇന്ത്യയില്‍ ഹിന്ദുത്വ വികാരം സൃഷ്ടിച്ചെടുക്കുന്നതില്‍ നിര്‍ണായക പങ്ക് ഈ പരമ്പരയ്ക്കുണ്ട് എന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഹിന്ദു നാഷണലിസം എന്ന ആശയം മുഖ്യധാരയിലേക്ക് ഉയര്‍ത്തി പിടിക്കാന്‍ ഈ പരമ്പര ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും കുറച്ചൊന്നുമല്ല സഹായിച്ചത്. ഈ പരമ്പരയുടെ പ്രക്ഷേപണത്തിന് മുന്‍പ് മതപരമായ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ അധികമൊന്നും ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യ എല്ലാ മതങ്ങളെയും തുല്യമായി കാണുന്ന ഒരു മതേതര രാഷ്ട്രമായതുകൊണ്ടായിരുന്നു ഇത് എന്നാണ് ബി.ബി.സിയോട് ഈ വിഷയത്തില്‍ പഠനം നടത്തിയ അരവിന്ദ് രാജഗോപാല്‍ പറഞ്ഞത്.
രാമായണ പരമ്പരയിലെ ഭക്തി ഇന്ത്യയുടെ രാഷ്ട്രീയ അന്തരീക്ഷവുമായി കൂട്ടികെട്ടാന്‍ നിരന്തര പ്രവര്‍ത്തനങ്ങള്‍ അക്കാലത്ത് നടന്നിരുന്നു. രാമരാജ്യം എന്ന ആശയം ഉപയോഗിച്ച് ഹിന്ദുക്കളെ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ സംഘ് പരിവാര്‍ നടത്താന്‍ ആരംഭിച്ചു. ഈ പരമ്പര അവര്‍ക്ക് അത് എളുപ്പമാക്കാനുള്ള ആധാരമായി തീര്‍ന്നു. ഈ സീരിയലിനു ശേഷമാണ് ബാബറി മസ്ജിദ് പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമാകുന്നത്.
എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ രാമജന്മഭൂമി ക്യാംപയിന്‍ ആരംഭിക്കുന്നത് രാമായണ്‍ സീരിയല്‍ ഇന്ത്യയില്‍ പ്രക്ഷേപണം ചെയ്യാന്‍ ആരംഭിച്ചതിന് ശേഷമാണ്. ജന്മഭൂമി ആന്തോളനിലേക്ക് ആളുകളെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് രാമായണ്‍ എന്ന ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്കുണ്ടായിരുന്നു എന്ന് വിച്ച്പി നേതാവ് അശോക് സിംഗാള്‍ തന്നെ പറഞ്ഞിട്ടുണ്ട്. എല്‍.കെ അദ്വാനി നടത്തിയ രഥയാത്രയ്ക്ക് വലിയ സ്വീകാര്യത നേടിയെടുക്കുന്നതിനായി രാമയണ്‍ സീരിയലിലെ ദൃശ്യങ്ങള്‍ പ്ലോട്ടുകളായി ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഒരു ഇഷ്ടികയും ഒരു കല്ലും അയോധ്യയിലേക്ക് അയക്കൂ തുടങ്ങിയ ക്യാംപയിനുകളിലൂടെ ഇന്ത്യയിലെ ഹിന്ദു സമൂഹത്തെ ഏകീകരിക്കുന്ന നടപടികളിലേക്കും അദ്വാനിയുടെ നേതൃത്വത്തിലുള്ള സംഘം കടന്നു. സീരിയലിന്റെ ഒരു ഭാഗത്ത് രാമന്‍ തന്റെ ജന്മഭൂമിയില്‍ നിന്ന് മണ്ണെടുത്ത് യാത്ര തിരിക്കുന്ന രംഗമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഭാഗം വാത്മീകി രചിച്ച രാമായണത്തില്‍ ഒരു ഭാഗത്തും ഇല്ലെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നവര്‍ അഭിപ്രായപ്പെടുന്നുണ്ട്.
രാമായണ്‍ സീരിയലിലെ രാമന്റെയും ലക്ഷ്മണന്റെയും വേഷം ധരിച്ചാണ് അയോധ്യയില്‍ ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി 1,50,000 ആളുകളെ പങ്കെടുപ്പിച്ച് ഹിന്ദു ഗ്രൂപ്പുകള്‍ 1992ല്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇത് പിന്നീട് രാഷ്ട്രീയ ഇന്ത്യയെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വയലന്‍സിലേക്കാണ് ചെന്നെത്തിയത്.
ഇന്നും ഇന്ത്യയിലെ പുരാണ സീരിയലുകളില്‍ നിന്ന് അടര്‍ത്തിയെടുത്ത ബിംബങ്ങള്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ട്. നരേന്ദ്ര മോദിയേയും അമിത് ഷായേയും രാമ ലക്ഷ്മണന്‍മാര്‍ എന്ന് വിളിക്കുന്നതൊക്കെ ഇതിന്റെ ഭാഗമായാണ് എന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണിന്റെ ഭാഗമായി ഈ സീരിയല്‍ വീണ്ടും ദൂരദര്‍ശനിലൂടെ എത്തുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പ് തന്നെയാണ് ബി.ജെപി ലക്ഷ്യം വെക്കുന്നത് എന്ന് ആരോപണം ഉയരുകയാണ്.