മോദി സര്‍ക്കാരിന്റെ  താക്കീതിന് ശേഷവും കര്‍ഷകരോടുള്ള പിന്തുണ ആവര്‍ത്തിച്ച് കാനഡ: സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് ജസ്റ്റിന്‍ ട്രൂഡോ
farmers protest
മോദി സര്‍ക്കാരിന്റെ  താക്കീതിന് ശേഷവും കര്‍ഷകരോടുള്ള പിന്തുണ ആവര്‍ത്തിച്ച് കാനഡ: സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് ജസ്റ്റിന്‍ ട്രൂഡോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th December 2020, 7:57 am

ഒട്ടാവ: കര്‍ഷക പ്രതിഷേധത്തിന് പിന്തുണയറിയച്ചതിന് ഇന്ത്യ നടപടിയെടുത്തിട്ടും നിലപാടില്‍ മാറ്റം വരുത്താതെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശത്തിനും വേണ്ടി കാനഡ എക്കാലവും നിലകൊള്ളുമെന്ന് ട്രൂഡോ ആവര്‍ത്തിച്ചു. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നതിനിടയിലാണ് ട്രൂഡോ കര്‍ഷകരോടുള്ള പിന്തുണ വീണ്ടും വ്യക്തമാക്കിയത്.

‘ലോകത്തെവിടെയാണെങ്കിലും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിന് വേണ്ടി കാനഡ നിലകൊള്ളും. ഇപ്പോള്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചത് കാണുന്നതില്‍ ഏറെ സന്തോഷമുണ്ട്.’ ട്രൂഡോ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ ആരംഭിച്ച പ്രതിഷേധത്തിന് പിന്തുണയുമായി ട്രൂഡോ എത്തിയതിനെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് സര്‍ക്കാര്‍ പ്രതിഷേധമറിയിച്ചത്. കനേഡിയന്‍ പ്രധാനമന്ത്രി കര്‍ഷക പ്രതിഷേധത്തെ കുറിച്ച് നടത്തിയ പ്രസ്താവന ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ പ്രതികരിച്ച മറ്റു രാജ്യങ്ങളെയും സര്‍ക്കാര്‍ വിമര്‍ശിച്ചു.

ഇത്തരം നടപടികള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഹൈക്കമീഷണറെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കോണ്‍സുലേറ്റിനും മുന്‍പില്‍ പലരും അതിതീവ്ര പ്രതിഷേധവുമായി രംഗത്തെത്തുന്നതിന് ഇടയാക്കിയെന്നും മന്ത്രാലയം പറഞ്ഞു.

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയറിയിച്ച് ജസ്റ്റിന്‍ ട്രൂഡോ ചൊവ്വാഴ്ചയായിരുന്നു ആദ്യമായി രംഗത്തെത്തിയത്. ഈ ആശങ്ക ഇന്ത്യന്‍ സര്‍ക്കാറിനെ എത്രയും പെട്ടെന്ന് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുന്ന ആദ്യ വിദേശനേതാവായിരുന്നു ട്രൂഡോ.

കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത അവഗണിച്ചുകളയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം കാനഡ എപ്പോഴും നിലകൊള്ളുമെന്നും വ്യക്തമാക്കി.

സംഭാഷണത്തിലും-ചര്‍ച്ചയിലും കാനഡ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഇന്ത്യയിലെ കര്‍ഷകരുടെ സ്ഥിതിയില്‍ തങ്ങളുടെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ഇന്ത്യന്‍ അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും ട്രൂഡോ പറഞ്ഞു. നമ്മളെല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ‘ ജസ്റ്റിന്‍ ട്രൂഡോ ഒരു വീഡിയോയില്‍ പറഞ്ഞു.

”നാമെല്ലാവരും കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് വളരെയധികം ആശങ്കാകുലരാണ്. നിങ്ങളില്‍ പലര്‍ക്കും ഇന്ന് ഇതേ ആശങ്കയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം” പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നത്.
പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പൊലീസ് അനാവശ്യമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബ്രാംപ്ടണ്‍ വെസ്റ്റ് എം.പി കമാല്‍ ഖേര പ്രതികരിച്ചിരുന്നു. നിരായുധരായ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പൊലീസ് നടത്തുന്ന ആക്രമണം ഭയജനകമാണെന്നും ഖേര പറഞ്ഞു.

പത്ത് ദിവസമായി ദല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Canadian PM Justin Trudeau repeats his support for farmers protest even after India expressed protest over his first comment by calling in Hing Commissioner