അന്ന് മഞ്ജുവിനെ കണ്ടത് ഏതോയൊരു ഹീറോയിനായി; ആ ക്ലോസപ്പ് ഷൂട്ട് ചെയ്തപ്പോള്‍ അവരുടെ റേഞ്ച് മനസിലായി: സന്തോഷ് തുണ്ടിയില്‍
Entertainment
അന്ന് മഞ്ജുവിനെ കണ്ടത് ഏതോയൊരു ഹീറോയിനായി; ആ ക്ലോസപ്പ് ഷൂട്ട് ചെയ്തപ്പോള്‍ അവരുടെ റേഞ്ച് മനസിലായി: സന്തോഷ് തുണ്ടിയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th December 2024, 9:39 pm

സിബി മലയിലിന്റെ സംവിധാനത്തില്‍ എത്തിയ സിനിമകളില്‍ ഇന്നും ഏറെ ആരാധകരുള്ള ഒരു ചിത്രമാണ് പ്രണയവര്‍ണ്ണങ്ങള്‍. സിനിമയുടെ ക്യാമറമാന്‍ സന്തോഷ് തുണ്ടിയിലായിരുന്നു. താന്‍ മഞ്ജു വാര്യരെ ആദ്യമായി കാണുന്നത് പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിനിമ ചെയ്യുമ്പോഴാണെന്ന് പറയുകയാണ് സന്തോഷ്.

അന്നത്തെ കണ്‍വെന്‍ഷണല്‍ നടിമാരുടെ ലുക്കായിരുന്നു മഞ്ജുവിന്റേതെന്നും ഏതോയൊരു ഹീറോയിനെന്ന രീതിയിലായിരുന്നു താന്‍ അവരെ അന്ന് കണ്ടതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ക്ലോസപ്പ് ഷൂട്ട് ചെയ്തപ്പോഴാണ് അവരുടെ റേഞ്ച് ഫീല്‍ ചെയ്യുന്നതെന്നും സന്തോഷ് തുണ്ടിയില്‍ പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ മഞ്ജു വാര്യരെ ആദ്യമായി കാണുന്നത് പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിനിമ ചെയ്യുമ്പോഴാണ്. സിബി സാര്‍ എന്നെ വിളിച്ച് ആ സിനിമയെ കുറിച്ച് സംസാരിച്ചപ്പോള്‍ ആരാണ് നടിയെന്ന് ഞാന്‍ ചോദിച്ചിരുന്നു. അന്ന് അദ്ദേഹം മഞ്ജുവിന്റെ പേരായിരുന്നു പറഞ്ഞത്.

അന്നത്തെ കണ്‍വെന്‍ഷണല്‍ നടിമാരുടെ ലുക്കായിരുന്നില്ലല്ലോ അവര്‍ക്ക് ഉണ്ടായിരുന്നത്. വളരെ കോമണായിട്ടുള്ള ഒരു ഓര്‍ഡിനറി ലുക്കിങ് ഗേളായിരുന്നു അന്ന് മഞ്ജു. ഏതോയൊരു ഹീറോയിനെന്ന രീതിയിലായിരുന്നു ഞാന്‍ അവരെ അന്ന് കണ്ടത്. ആ ചിന്തയിലാണ് ഞങ്ങള്‍ സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്.

അങ്ങനെ ഒരു ദിവസം സൂം ലെന്‍സില്‍ മഞ്ജുവിന്റെ ക്ലോസപ്പ് ഷൂട്ട് ചെയ്യാന്‍ തുടങ്ങി. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ലൈബ്രറിയില്‍ ബുക്കോ മറ്റോ നോക്കി നടക്കുന്ന സീനായിരുന്നു അന്ന് ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നത്. അന്ന് ആ ക്ലോസ് ഷോട്ടുകള്‍ എടുത്തപ്പോഴാണ് അവരുടെ റേഞ്ച് ഫീല്‍ ചെയ്യുന്നത്.

സത്യത്തില്‍ വെറുതെ ഡയലോഗ് പറയാനും കരയാനുമൊക്കെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ വളരെ സോഫ്റ്റായിട്ടുള്ള ഇമോഷന്‍ ചെയ്യാനാണ് പ്രയാസം. സൂം ലെന്‍സില്‍ കാണുമ്പോള്‍ മനസിലാകും.

കാരണം ആ സമയത്ത് നമ്മള്‍ വേറെയാരെയും കാണില്ല. ആ ക്ലോസ് അപ്പ് ഷൂട്ട് കഴിഞ്ഞപ്പോള്‍ രോമാഞ്ചമുണ്ടായി. അങ്ങനെയുള്ള പെര്‍ഫോമന്‍സായിരുന്നു മഞ്ജുവിന്റേത്,’ സന്തോഷ് തുണ്ടിയില്‍ പറയുന്നു.

Content Highlight: Camera Man Santhosh Thundiyil Talks About Manju Warrier