ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി.
ഞായറാഴ്ച രാവിലെയാണ് മായാവതി തീരുമാനം പ്രഖ്യാപിച്ചത്. ബി.എസ്.പിയും അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും ഒരുമിച്ച് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.
മായാവതിയുടെ പ്രഖ്യാപനത്തോടെ ഈ അഭ്യൂഹത്തിനാണ് അവസാനമായിരിക്കുന്നത്.
പഞ്ചാബ് തെരഞ്ഞെടുപ്പില്‍ അകാലിദളുമായി മാത്രമാണ് ബി.എസ്.പി. സഖ്യത്തിന് തയ്യാറായിട്ടുള്ളതെന്നും മായാവതി പറഞ്ഞു.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും പാര്‍ട്ടി ഒറ്റയ്ക്കായിരിക്കും മത്സരിക്കുക എന്ന് മായാവതി വ്യക്തമാക്കി.
കടുത്ത മത്സരം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്. ബി.ജെ.പിക്ക് മേല്‍ക്കൈയുള്ള
സംസ്ഥാനമാണെങ്കിലും നിലവില്‍ പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്ന സംസ്ഥാനം കൂടിയാണ് യു.പി.
മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഭരണത്തില്‍ അതൃപ്തിയുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ യോഗിയെ മുന്നില്‍ നിര്‍ത്താന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം.
എന്നാല്‍ ഉത്തര്‍പ്രദേശിലെ കാര്യങ്ങള്‍ ഉന്നതലത്തില്‍ തന്നെ ബി.ജെ.പി. ചര്‍ച്ചയ്ക്ക് എടുത്തിട്ടുണ്ട്.