സൂപ്പര്‍ താരം ലയണല്‍ മെസി യൂറോപ്പില്‍ നിന്നും കളിത്തട്ടകം മാറ്റിയതോടെ മേജര്‍ ലീഗ് സോക്കറും ഫുട്‌ബോള്‍ ആരാധകരുടെ ദിനചര്യയുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ്. റൊണാള്‍ഡോയുടെ വരവോടെ സൗദി പ്രോ ലീഗ് എങ്ങനെ ഫുട്‌ബോള്‍ സര്‍ക്കിളുകളില്‍ ചര്‍ച്ചയായോ, അതുപോലെ മേജര്‍ ലീഗ് സോക്കറും ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഒരുങ്ങുകയാണ്.
മെസിയുടെ വരവോടെയാണ് മേജര്‍ ലീഗ് സോക്കറിന്റെ പ്രസിദ്ധി അതിന്റെ പാരമ്യത്തിലേക്കുയര്‍ന്നത്. ഇന്റര്‍ മയാമി മെസിയെ അവതരിപ്പിച്ച ചടങ്ങ് ലോകമെമ്പാടുമുള്ള 3.5 ബില്യണ്‍ ആളുകള്‍ കണ്ടെന്നാണ് കണക്ക്. മെസിയുടെ ആദ്യ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
എം.എല്‍.എസ്സില്‍ മെസിയുടെ ആദ്യ മത്സരം ഏത് ചാനലില്‍ കാണാം എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. ഏത് ചാനലിലായിരിക്കും ബ്രോഡ്കാസ്റ്റിങ്, ഏത് പ്ലാറ്റ്‌ഫോമിലൂടെയാണ് സ്ട്രീം ചെയ്യുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ഇവര്‍ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നത്.
മേജര്‍ ലീഗ് സോക്കര്‍ നിലവില്‍ ഇന്ത്യയില്‍ ഒരു ചാനലിലും ബ്രോഡ്കാസ്റ്റ് ചെയ്യുന്നില്ല. എന്നാല്‍ ആപ്പിള്‍ ടി.വിയിലൂടെ എം.എല്‍.എസ് മാച്ചുകള്‍ കാണാന്‍ സാധിക്കും. എം.എല്‍.എസ് സീസണ്‍ പാസ് എടുക്കുന്നതിലൂടെയാണ് എം.എല്‍.എസ്സിലെ എല്ലാ മത്സരങ്ങളും കാണാന്‍ സാധിക്കുക.
സീസണില്‍ അവസാന സ്ഥാനക്കാരായാണ് ഇന്റര്‍ മയാമി പോരാട്ടം തുടരുന്നത്. 22 മത്സരത്തില്‍ നിന്നും അഞ്ച് വിജയം മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്.
എന്നാല്‍ മെസിയുടെ വരവോടെ കാര്യങ്ങള്‍ മാറിമറിയുമെന്നും മയാമി കിരീടം ഉയര്‍ത്തുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
അതേസമയം, ജൂലൈ 21നാണ് മെസി ഇന്റര്‍ മയാമിക്കായി തന്റെ ആദ്യ മത്സരം കളിക്കുന്നത്. 2023 ലീഗ്സ് കപ്പില്‍ മെക്സിക്കന്‍ ടീമായ ക്രൂസ് ഏയ്സല്‍ (Cruz Azul) ആണ് എതിരാളികള്‍. ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയമാണ് മെസിയുടെ എം.എല്‍.എസ് ക്യാമ്പെയ്‌ന് വേദിയാകുന്നത്.
ഇന്റര്‍ മയാമിയിലെത്തിയതിന് പിന്നാലെയുള്ള മെസിയുടെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. താന്‍ ഇവിടെയെത്തിയത് വിജയിക്കാനും ടീമിനെ വിജയത്തിലേക്ക് നയിക്കാനും വേണ്ടിയാണെന്നാണ് മെസി പറഞ്ഞത്. ലിയോയുടെ വാക്കുകളെ ഉദ്ധരിച്ച് ഫാബ്രീസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ഇവിടെയെത്തിയതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. ഇവര്‍ക്കൊപ്പം ട്രെയ്‌നിങ്ങിനും കളത്തിലിറങ്ങാനും ഇനിയെനിക്ക് കാത്തിരിക്കാന്‍ സാധിക്കില്ല. മത്സരിക്കാനും ജയിക്കാനും എപ്പോഴത്തേയുമെന്ന പോലെ ടീമിനെ സഹായിക്കാനുമാണ് ഞാന്‍ ഇവിടെയെത്തിയിരിക്കുന്നത്. ഞങ്ങള്‍ ഇത് ഏറെ ആസ്വദിക്കും,’ മെസി പറഞ്ഞു.