നടൻ എന്നതിനപ്പുറം മനുഷ്യൻ എന്ന നിലയിലും ആ സൂപ്പർസ്റ്റാറിൽ നിന്ന് പഠിക്കാനുണ്ട്: സുരാജ് വെഞ്ഞാറമൂട്
Entertainment
നടൻ എന്നതിനപ്പുറം മനുഷ്യൻ എന്ന നിലയിലും ആ സൂപ്പർസ്റ്റാറിൽ നിന്ന് പഠിക്കാനുണ്ട്: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th January 2025, 10:09 am

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള സുരാജിന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു.

മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സുരാജ് ഈയടുത്ത് ചെയ്ത സിനിമകളിലെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. വീര ധീര സൂരൻ എന്ന ചിത്രത്തിലൂടെ തമിഴിലും തിളങ്ങാൻ ഒരുങ്ങുകയാണ് സുരാജ്.

മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. സുരാജിന്റെ കരിയറിന്റെ തുടക്കത്തിലെ പല ശ്രദ്ധേയ വേഷങ്ങളും മമ്മൂട്ടി ചിത്രത്തിലായിരുന്നു. താൻ ആദ്യമായി ഒരു സിനിമയുടെ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത് മമ്മൂട്ടിയുടെ മായാവി എന്ന സിനിമയിലാണെന്നും അത് വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും സുരാജ് പറയുന്നു.

നടൻ എന്നതിനപ്പുറം മനുഷ്യൻ എന്ന നിലയിലും അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും തനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇപ്പോഴും മറക്കില്ലെന്നും സുരാജ് പറഞ്ഞു.

‘മമ്മുക്കയ്‌ക്കൊപ്പം പോസ്റ്ററുകളിലും ഫ്ലെക്സുകളിലും ആദ്യമായി പടം വന്നത് മായാവി എന്ന ചിത്രത്തിലായിരുന്നു. മിമിക്രിപരിപാടികളുമായി ഊരുചുറ്റുന്നകാലത്ത് അത് നൽകിയ നേട്ടം വളരെ വലുതായിരുന്നു. സ്നേഹവും ആരാധനയും കലർന്ന അടുപ്പമാണ് എനിക്ക് മമ്മുക്കയോട്. സിനിമയിലെ അദ്ദേഹത്തിൻ്റെ തകർപ്പൻ പ്രകടനങ്ങൾ കാണുമ്പോഴെല്ലാം വിളിക്കാറുണ്ട്.

നടൻ എന്നതിനപ്പുറം മനുഷ്യൻ എന്ന നിലയിലും അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഞാൻ അഭിനയിച്ച സിനിമകൾ ശ്രദ്ധിക്കപ്പെടുമ്പോഴെല്ലാം അദ്ദേഹത്തിൽ നിന്ന് അഭിനന്ദനങ്ങൾ എത്തുമായിരുന്നു. ദേശീയപുരസ്‌കാരം ലഭിച്ചപ്പോൾ അദ്ദേഹത്തിൽ നിന്ന് ലഭിച്ച വാക്കുകൾ ഇന്നും ഓർമയിലുണ്ട്.

കുട്ടൻപിള്ളയുടെ ശിവരാത്രിയും ആൻഡ്രോയിഡ് കുഞ്ഞപ്പനിലുമെല്ലാം പ്രായം ചെന്ന വേഷത്തിൽ വന്നപ്പോൾ സ്ഥിരമായാൽ വയസൻ വേഷങ്ങൾ ചെയ്യുന്നത് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം തമാശ രൂപേണ ഓർമിപ്പിച്ചിരുന്നു,’സുരാജ് വെഞ്ഞാറമൂട് പറയുന്നു.

 

Content Highlight: Suraj Venjaramood About Mammootty