'മെസിയും ക്രിസ്റ്റ്യാനോയുമല്ല'; ഏറ്റവും മികച്ച താരത്തെ കുറിച്ച് റൊണാള്‍ഡോ
Football
'മെസിയും ക്രിസ്റ്റ്യാനോയുമല്ല'; ഏറ്റവും മികച്ച താരത്തെ കുറിച്ച് റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th June 2023, 1:52 pm

ആധുനിക ഫുട്‌ബോളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ. നിലവില്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി ബൂട്ടുകെട്ടുന്ന താരം മികച്ച പ്രകടനമാണ് ക്ലബ്ബിനായി കാഴ്ചവെക്കുന്നത്.

ഫിഫ ലോകകപ്പ് 2022ലെ എംബാപ്പെയുടെ തകര്‍പ്പന്‍ പ്രകടനത്തെ കുറിച്ച് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ പറഞ്ഞ വാചകങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍. ഖത്തര്‍ ലോകകപ്പില്‍ തന്നെ കൂടുതല്‍ ആകര്‍ഷിച്ചത് എംബാപ്പെയുടെ പ്രകടനമായിരുന്നെന്നും തുടക്കം മുതല്‍ എംബാപ്പെ ഒരേ ഫോമിലായിരുന്നെന്നും പറയുകയായിരുന്നു അദ്ദേഹം.

‘ഈ ലോകകപ്പില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് കിലിയന്‍ എംബാപ്പെയുടെ പ്രകടനമാണ്. തുടക്കം മുതല്‍ ഫൈനല്‍ വരെ അസാധ്യ പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയോ സെമിയില്‍ മൊറോക്കോക്കെതിരെയോ ഗോള്‍ നേടിയില്ലെങ്കില്‍ പോലും തകര്‍പ്പന്‍ ഫോം നിലനിര്‍ത്താന്‍ താരത്തിനായി. അതോടൊപ്പം അസിസ്റ്റ് നല്‍കുന്ന കാര്യത്തിലും താരത്തിന് മികവ് കാട്ടാനായി,’ റൊണാള്‍ഡോ വ്യക്തമാക്കി.

ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്കെതിരായ പോരാട്ടത്തില്‍ ഹാട്രിക്ക് നേടിയ എംബാപ്പെ ഖത്തര്‍ ലോകകപ്പില്‍ ആകെ എട്ട് ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയിരുന്നു. സൂപ്പര്‍താരം ലയണല്‍ മെസിയെ പിന്തള്ളിയാണ് എംബാപ്പെയുടെ നേട്ടം.

എംബാപ്പെയുടെ ഫൈനലിലെ പ്രകടനം വാക്കുകള്‍ക്കതീതമാണെന്നും ലോക ചരിത്രത്തിലെ തന്നെ മികച്ച ഫുട്ബോളറായിമാറാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പി.എസ്.ജിയില്‍ 2025 വരെ തുടരാനാകില്ലെന്ന് എംബാപ്പെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. അടുത്ത സീസണിന്റെ അവസാനത്തോടെ താന്‍ ക്ലബ്ബ് വിടുമെന്ന് പാരീസിയന്‍ ക്ലബ്ബിന്റെ ഉന്നത ഉദ്യോഗസ്ഥരെ എംബാപ്പെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

2024ല്‍ പാരീസിയന്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്ന എംബാപ്പെയെ ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ആയിരുന്നു പി.എസ്.ജി നേരത്തെ പദ്ധതിയിട്ടിരുന്നത്.

എംബാപ്പെ റയല്‍ മാഡ്രിഡ് വിടുന്നതോടെ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറെന്റിനൊ പെരെസിന്റെ സ്വപ്നമാണ് എംബാപ്പെയെ ക്ലബ്ബില്‍ എത്തിക്കുക എന്നത്.

Content Highlights: Brazil legend Ronaldo praises Kylian Mbappe