ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബ്രിസ്‌ബെയ്‌നാണ് ഈ ആവേശപ്പോരാട്ടത്തിന് വേദിയാകുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ഓരോ വിജയവുമായി ഒപ്പത്തിനൊപ്പമാണ്.
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ ചരിത്ര വിജയം നേടിയ ഇന്ത്യ അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ പത്ത് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തിരുന്നു. ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ പരാജയത്തിന് കാരണമായത്.
പെര്‍ത്തില്‍ സെഞ്ച്വറി നേടി വിരാട് ഫോമിലേക്ക് മടങ്ങിയെത്തിയത് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്താക്കുന്നതായിരുന്നു രണ്ടാം മത്സരത്തില്‍ മുന്‍ നായകന്റെ പ്രകടനം. ഇതിന് പിന്നാലെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ വിരാടിന് നേരെ ഉയര്‍ന്നിരുന്നു.
ഗാബയില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ വിരാട് ഈ വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് ചുട്ടമറുപടി നല്‍കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
അതേസമയം, ഗാബയില്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുത്താല്‍ വിരാടിനെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് റെക്കോഡുകളാണ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലും മുന്നേറ്റമുണ്ടാക്കാന്‍ വിരാടിന് സാധിക്കും. ഇന്ത്യന്‍ ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ മറികടന്നാണ് വിരാട് ഈ രണ്ട് പട്ടികയിലും മുമ്പോട്ട് കുതിക്കുക.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് വിരാട്. കേവലം 42 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ രാഹുല്‍ ദ്രാവിഡിനെ മറികടന്ന് നാലാം സ്ഥാനത്തെത്താന്‍ സാധിക്കും.
പെര്‍ത്തിലെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയെയും മൈക്കല്‍ ക്ലാര്‍ക്കിനെയും മറികടന്ന വിരാടിന് മുമ്പില്‍ ഇനി ദ്രാവിഡും പോണ്ടിങ്ങും അടക്കമുള്ള മഹാരഥികളാണുള്ളത്.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലും വിരാടിന് ദ്രാവിഡിനെ മറികടക്കാം, ഇതിന് വേണ്ടതാകട്ടെ വെറും രണ്ട് റണ്‍സും.
ഓസ്‌ട്രേലിയക്കെതിരായ 62 ഇന്നിങ്‌സില്‍ നിന്നും 38.67 ശരാശരിയില്‍ 2166 റണ്‍സാണ് ദ്രാവിഡിന്റെ സമ്പാദ്യം. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്ക് പുറമെ 2005ല്‍ നടന്ന ഓസ്‌ട്രേലിയ vs വേള്‍ഡ് ഇലവന്‍ മത്സരത്തിലാണ് ദ്രാവിഡും കങ്കാരുക്കളും നേര്‍ക്കുനേര്‍ വന്നത്. അന്ന് രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 23 റണ്‍സാണ് ദ്രാവിഡ് സ്വന്തംമാക്കിയത്.
ദ്രാവിഡിന് പുറമെ ജാക്ക് കാല്ലിസ്, മുത്തയ്യ മുരളീധരന്‍, ഗ്രെയം സ്മിത്ത്, വിരേന്ദര്‍ സേവാഗ് തുടങ്ങി ഇതിഹാസങ്ങള്‍ ഒന്നിച്ച വേള്‍ഡ് ഇലവനെ പോണ്ടിങ്ങിന്റെ കങ്കാരുക്കള്‍ കെട്ടുകെട്ടിക്കുകയായിരുന്നു. 210 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്.
അതേസമയം, വിരാട് കോഹ്‌ലിയാകട്ടെ ഓസ്‌ട്രേലിയക്കെതിരെ 48 ഇന്നിങ്‌സില്‍ നിന്നും 47.06 ശരാശരിയില്‍ 2165 റണ്‍സ് നേടിയിട്ടുണ്ട്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്ക് പുറമെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2011-23 സൈക്കിളിന്റെ ഫൈനലിലാണ് വിരാടും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വന്നത്. ട്രാവിസ് ഹെഡ് സംഹാര താണ്ഡവമാടിയ മത്സരത്തില്‍ 63 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്.
വിരാടിന്റെ വ്യക്തിഗത നേട്ടങ്ങള്‍ക്കൊപ്പം തന്നെ ഗാബയിലെ വിജയവും ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. 2021ലെ ആ ചരിത്ര വിജയത്തിന്റെ ഓര്‍മകളുടെ മധുരം ഇന്ത്യയുടെ ചുണ്ടില്‍ ഇപ്പോഴുമുണ്ടെന്നിരിക്കെ ആ മധുരം വീണ്ടും രുചിക്കാനാണ് 14ന് ഇന്ത്യയിറങ്ങുന്നത്.
Content highlight: Border Gavaskar Trophy: Virat Kohli has a chance to overtake Rahul Dravid to win the double record